2010, മാർച്ച് 26, വെള്ളിയാഴ്‌ച

പാണത്തിയും ചേമ്പും

              പാണത്തിയാണ് അതാദ്യം കണ്ടത്. കിണറ്റുവക്കത്തെ കൊച്ചിച്ചേമ്പിന്റെ കടയ്ക്കലേക്ക് ഒരു തുരങ്കം നിര്‍മിക്കപ്പെട്ടിരിക്കുന്നു. തുരപ്പന്റെ പണിയാണ് അതെന്ന് അവള്‍ക്ക് പെട്ടെന്ന് പിടികിട്ടി. പാണത്തി മണ്‍വെട്ടിയെടുത്ത് ചേമ്പിന്‍കടയിലെ മണ്ണ് ഇളക്കിനോക്കി. വിത്തുകള്‍ മാത്രമല്ല,കണ്ണാടിവരെ തിന്നുതീര്‍ത്തിരിക്കുന്നു.
              കാലത്ത് വിറയകറ്റാന്‍ വെറുംവയറ്റില്‍ ഒരു ഗ്ലാസ്‌ അകത്താക്കുകയെന്ന പതിവു പരിപാടിക്ക് ഇറങ്ങിയ പാണന്‍ വരുന്നതും കാത്ത് പാണത്തി വീട്ടുപണികളിലേക്ക് തിരിഞ്ഞു. പാണന്‍ വന്നയുടന്‍, ആറ്റുനോറ്റു നട്ടുനനച്ചുണ്ടാക്കിയ കൊച്ചിചേമ്പിന്റെ ദുര്‍വിധിയെക്കുറിച്ചു  അവള്‍ പാണനോട് പറയുകയും ചെയ്തു.
"ങ്ങാഹാ!... അത്രയ്ക്കായോ?....അങ്ങനെയൊരു ആണത്തമുള്ള 
തുരപ്പനുണ്ടെങ്കില്‍ ഈ പാണനോട് കളിക്കാന്‍വാ...." 
പാണന്‍ മണ്‍വെട്ടി കൈയിലെടുത്തപ്പോള്‍ വീരശൂരപരാക്രമങ്ങള്‍ക്കുശേഷം കണവന്‍ തുരപ്പനെ തകര്‍ക്കുമെന്നു തന്നെ പാണത്തി കരുതി. പക്ഷെ പാണന്‍ ചേമ്പായ ചേമ്പൊക്കെ പറിക്കുകയാണുണ്ടായത്. ചേമ്പിന്‍വിത്തുകള്‍ കൊമ്പോറത്തില്‍ നിറച്ചുകൊണ്ടുവന്ന് പാണന്‍ വീട്ടിനകത്തൊരു മുക്കില്‍ കൂട്ടിയിട്ടു. ചേമ്പ് തീരുംവരെ അതുതന്നെയാവട്ടെ കൂട്ടാനെന്നു കല്പിച്ച് അയാള്‍  പുറത്തേക്ക് പോയി.
 ഉച്ചയ്ക്കാണ് പാണന്‍ തിരിച്ചെത്തിയത്‌. അയാള്‍ക്ക്‌ ഒരാനയേയും കൂടെയൊരു പാപ്പാനെയും തിന്നാനുള്ള വിശപ്പുണ്ടായിരുന്നു. പോരാത്തതിന് അകത്തുള്ള നാടന്‍ വിശ്വരൂപം കാണിക്കുവാന്‍ തുടങ്ങുകയും ചെയ്തിരുന്നു. വന്നപാടെ പുള്ളി അടുക്കളയില്‍ കയറി പലകയിട്ട് നിവര്‍ന്നിരുന്നു.
                  പാണന്റെ പരവേശം കണ്ടറിഞ്ഞ പാണത്തി വളരെ പെട്ടെന്നുതന്നെ പാത്രങ്ങള്‍ കഴുകി ചോറ് വിളമ്പി. മറ്റൊന്നും നോക്കാന്‍ മിനക്കെടാതെ പാണന്‍ ചുടുചോറു വാരിവിഴുങ്ങിത്തുടങ്ങി. പാണന്റെ ആര്‍ത്തികണ്ട് പാണത്തിക്ക് ചിരിപൊട്ടിയെങ്കിലും  അവന്‍ തന്റെ കണവനാനെന്നു ഓര്‍ത്ത്  അവള്‍ ചിരിയടക്കി. 
                  വിശപ്പുമൂലം അന്ധനായിക്കഴിഞ്ഞിരുന്ന പാണന്‍ ചട്ടിയില്‍ ഉള്ളതത്രയും തന്റെ പാത്രത്തില്‍ വീണ ശേഷമാണ് കണ്ടത്. പാണത്തി ചേമ്പ് പാകംചെയ്ത ചട്ടി പാണന്റെ പാത്രത്തിലേക്ക് കമിഴ്ത്തുകയായിരുന്നു.
"പാണത്തീ.....നിനക്ക് ചേമ്പ് വേണ്ടേ?" അവന്‍ ചോദിച്ചു.
"ഏയ്....ഞാന്‍ ചേമ്പ് തിന്നാറില്ല."
                    പാണന്‍ അവളെ നിര്‍ബന്ധിക്കേണ്ട എന്നു വിചാരിച്ചു. കാരണം പുതുപെണ്ണാണ്;വര്‍ഷം ഒന്നു കഴിഞ്ഞതേയുള്ളൂ. ചേമ്പുമൂലം കുടുംബത്ത് ഒരു ചൊറിച്ചില്‍ ഉണ്ടാക്കേണ്ടെന്നു കരുതി അയാള്‍ തീറ്റ തുടര്‍ന്നു. തിന്നുന്നതിനിടയില്‍ പാണന് വല്ലാത്തൊരു മനോവിഷമമുണ്ടായി. അറ്റവേനലിന് ചേമ്പൂകള്‍ക്ക്  വെള്ളംകോരി നനച്ചത്‌ പാണത്തിയാണെന്നു അയാള്‍ ഓര്‍ത്തു; അതും പാതാളത്തിന്റെ ആഴമുള്ള കിണറ്റില്‍നിന്ന്.
 പിറ്റേന്നും ചേമ്പ് കറിവെക്കുകയും ചട്ടിയൊന്നാകെ പാണന്റെ പാത്രത്തിലേക്ക് കമിഴ്ത്തപ്പെടുകയും ചെയ്തു. അപ്പോഴും പാണന്‍ ചോദിച്ചു:
"പാണത്തീ....നിനക്ക് ചേമ്പ് വേണ്ടേ?"
"ഊ....ഹും.." പാണത്തി നിഷേധം മൂളി.
"പിന്നെ നീ ചോറ് തിന്നുന്നതെങ്ങനെ?"
"ഞാന്‍ ഒരു മുളകുകൂട്ടി തിന്നോളാം."
പിന്നെയും രണ്ടുമൂന്നു ദിവസം കഴിഞ്ഞു. ഓരോ ദിവസവും ചേമ്പ് കറിവെക്കുകയും ചട്ടിയൊന്നാകെ പാണന്റെ പാത്രത്തിലേക്ക് കമിഴ്ത്തപ്പെടുകയും ഉണ്ടായി.
ഒരു പ്രഭാതത്തില്‍ പാണന്‍ വിറയകറ്റാന്‍ പോയതായിരുന്നു. ഷാപ്പില്‍ കൂട്ടുപാണന്‍മാരില്‍ ഒരുവനുണ്ടായിരുന്നു.

 രണ്ടാളും കുടിച്ചും കടിച്ചും സംസാരിച്ചും പതിയെ ഭാര്യമാരിലെത്തി. സംഗതിവശാല്‍ തന്റെ ഭാര്യ ചേമ്പ് കഴിക്കില്ലെന്നും പാകംചെയ്യുന്നത് ചട്ടിയോടെ തന്റെ പാത്രത്തിലേക്ക് കൊട്ടുകയാണ് പതിവെന്നും പാണന്‍ കൂടുകാരനോട് തൊണ്ടയിടറി പറഞ്ഞു.
കൂട്ടുപാണന്‍ ചിരിക്കുകയാണുണ്ടായത്. അതിന്റെ കാരണം പാണന് മനസ്സിലായില്ല. കൂട്ടുകാരനാവില്ല, അവന്റെ ഉള്ളില്‍ കിടക്കുന്നവനാകും ചിരിക്കുന്നത് എന്നോര്‍ത്ത് പാണന്‍ മിണ്ടാതിരുന്നു.
"നിന്റെ പാണത്തി ചേമ്പ് തിന്നുന്നത് കാണണോ?"
"എന്താ വഴി?"
മാന്യമായ വഴിയാണെങ്കില്‍ സ്വീകരിക്കാമെന്ന് അയാള്‍ക്ക്‌ തോന്നി.
കൂട്ടുകാരന്‍ പറഞ്ഞുതുടങ്ങി:
"ചേമ്പ് വെന്തുവരുമ്പോള്‍ ഇത്തിരി വെളിച്ചെണ്ണ ചട്ടിയിലേക്ക് ഒഴിക്ക് "
"എന്നിട്ട്?"
"എന്നിട്ടെന്താ?......പാണത്തി ചേമ്പ് തിന്നും."
"നേരോ?"
"നേര്...പക്ഷെ ഒന്നുണ്ട്; വെളിച്ചെണ്ണ പാണത്തി കാണാതെ ഒഴിക്കണം."
പാണന്‍ എഴുന്നേറ്റ് നടന്നു.
                വീടിലെത്തുമ്പോള്‍ പാണത്തി പുറത്തെന്തോ തകൃതിയായ പണിയിലാണ്. പാണന്‍ അടുക്കളയില്‍ കയറി. അടുപ്പത്ത് ചട്ടിയില്‍നിന്ന് വെന്ത ചേമ്പിന്റെ മണം. പാണന്‍ ഇത്തിരി വെളിച്ചെണ്ണ ചട്ടിയില്‍ ഒഴിച്ചശേഷം പുരത്തുവന്നിരുന്ന് 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ ' ജപിക്കുവാന്‍ തുടങ്ങി.
ഉച്ചയ്ക്ക് ഉണ്ണുവാന്‍ വിളിച്ചപ്പോള്‍  പാണന്‍ പലകയിട്ട് ഇരുന്നു. ചോറ് വിളമ്പിയ വെച്ച ശേഷം പാണത്തി ചേമ്പ് വെച്ച ചട്ടിയൊന്നാകെ പാണന്റെ പാത്രത്തിലേക്ക് കമിഴ്ത്തി.
പാണന്‍ തീറ്റ തുടങ്ങി.
ആര്‍ത്തിപിടിച്ച് തിന്നുകയാണെങ്കിലും പാണന്‍  കൂട്ടുകാരന്റെ മന്ത്രവിദ്യയുടെ ഫലത്തെക്കുറിച്ച്   ഉത്കണ്ടാകുലനായിരുന്നു. പാണന് അധികം കാത്തിരിക്കേണ്ടി വന്നില്ല. പാണത്തിയുടെ ലജ്ജ തളര്‍ത്തിയ ശബ്ദം പാണന്‍ കേട്ടു:
"പാണാ...പാണാ...ഞാനും തിന്നും ചേമ്പ് !"    ‍ ‍                     ‍         

2010, മാർച്ച് 20, ശനിയാഴ്‌ച

ഇബിലീസിന്റെമക്കളും ദൂരദര്‍ശനും

ഒരു പകലറുതിയില്‍ തിരിച്ചെത്തിയ തന്റെ മക്കളോടായി ഇബിലീസ് (സാത്താന്‍) ചോദിച്ചത്രേ:
"ഇന്നെങ്ങനെ മക്കളേ?"
"കൊള്ളാം പിതാവേ " മക്കള്‍ നാലും ഒരുമിച്ചു പറഞ്ഞത്രേ.
ഇബിലീസ് കന്നിപ്പുത്രനെ മാറ്റി നിര്‍ത്തിയത്രേ. ചോദ്യം തൊടുത്തുവിട്ടത്രേ:
"നീയിന്ന് ആദാമിന്റെ സന്തതികള്‍ക്ക് എന്തു വിനവരുത്തി?"
"പിതാവേ...ഞാനിന്ന് ഒരു യുവാവിനെ ഒരു വേശ്യയുടെ മാംസത്തിലേക്ക് ആനയിച്ചു."
"കൊള്ളാം. നീയോ?" ഇബിലീസ് രണ്ടാമത്തെ പുത്രനോട് തിരക്കിയത്രേ.
"ഞാനിന്ന് ഒരുത്തനെക്കൂടി ആനമയക്കിയുടെ കാമുകനാക്കി"
"നീയോ മകനേ?..." ഇബിലീസ് മൂന്നാമത്തെ പുത്രനോടും തിരക്കിയത്രേ.
"ഞാന്‍....ഞാനിന്ന് അയല്‍ക്കാരായ രണ്ട് മനുഷ്യര്‍ക്കിടയില്‍ വിദ്വേഷത്തിന്റെ അഗ്നിയെറിഞ്ഞു.
 അതില്‍ ഒരുവന്‍ അപരനെ കൊന്നു. അവിടെയിപ്പോള്‍ ഒരു വര്‍ഗ്ഗീയകലാപം കത്തിപ്പടരുകയാണ്."
"നീയെന്താണ് ചെയ്തത് ?"
ഇബിലീസിന്റെ കണ്ണുകള്‍ നാലാമനു നേരെയും തിരിഞ്ഞത്രേ.
"ഞാനിന്ന് പള്ളിക്കൂടത്തിലേക്ക് ഇറങ്ങിയ ഒരു കുഞ്ഞിനെ വളച്ചു. സ്ലേറ്റും പുസ്തകവും വഴിയരികിലെ 
പൊന്തക്കുള്ളില്‍ നിക്ഷേപിച്ച് അവനെ അയല്‍വീട്ടിലെ ദൂരദര്‍ശന്‍  സംപ്രേക്ഷണത്തിനു മുന്നില്‍ 
ഇരുത്തി. ഹര്‍ഭജന്റെ  'അച്ചാ ഫീല്‍ഡിങ്ങ്" കണ്ട് അവന്‍ കൈയടിച്ചു പിതാവേ...."
"ഇന്ന് ഏറ്റവും നല്ല പ്രകടനം നടത്തിയവന് ഒരു സമ്മാനമുണ്ട്." ഇബിലീസ് പറഞ്ഞത്രേ.
അവര്‍ നാല് പേരും അതിനര്‍ഹന്‍ താന്‍ താന്‍ എന്നു കരുതിയത്രേ.
ഇബിലീസ് അത് നാലാമന് നിഷ്കരുണം നല്‍കിയത്രെ.
ബാക്കിമൂന്നും പ്രതിഷേധിച്ചു വാക്കൌട്ട് നടത്തിയത്രേ.
തിരിച്ചുവന്ന് അനീതിയെ ശക്തിയുക്തം എതിര്‍ത്തു സംസാരിച്ചത്രേ.
അവരുടെ ആവലാതി ഇതായിരുന്നത്രേ:
തങ്ങള്‍ മൂന്നും ബുദ്ധിയുറച്ച മൂന്നെണ്ണത്തിനെ വഴി തെറ്റിച്ചു. എന്നിട്ട് ഉപഹാരം നേടിയത് കേവലം 
സ്കൂള്‍പയ്യനെ വളച്ചവന്‍!
ഒടുവില്‍ ഇബിലീസ് പറഞ്ഞത്രേ:
"മക്കളേ...ആ ഉപഹാരത്തിന് അര്‍ഹന്‍ അവന്‍ തന്നെ. സംശയമില്ല."
"വൈ?" മക്കള്‍ മൂന്നും ചീറിയത്രേ.
"ആ പയ്യന്‍  ഭാവിയില്‍ ആരാവുമെന്ന കാര്യം നമുക്ക് അജ്ഞാതമത്രേ. അവന്‍ ഒരു വിവരമുള്ള പയ്യനായാല്‍ നമ്മുടെ നിലനില്പ് അപകടത്തിലാവും."
"അതെങ്ങനെയാണ്‌ പിതാവേ?"മക്കള്‍ മൂന്നും സംശയിച്ചത്രേ.
ഇബിലീസ് സംശയം നീക്കിക്കൊടുത്തത്രേ:
"ഇന്ന് നിങ്ങള്‍ മൂന്നുപേരും ചെയ്ത പ്രവര്‍ത്തനങ്ങളുടെ ദോഷവശങ്ങളെക്കുറിച്ച് അവന്‍ ബോധവാനാവും പിള്ളാരേ....മറ്റുള്ളവരെ ബോധവാനാക്കാനും അവന്‍ മതിയാവും."
"ശരിയാണ്" മക്കള്‍ മൂന്നും സമ്മതിച്ചത്രേ.
അന്നുമുതല്‍ നാലുപേരും ഇറങ്ങിപ്പുറപ്പെടുകയാണത്രേ; കുട്ടികളെയും ടെലിവിഷ്യന്‍ ചാനലുകളേയും തമ്മില്‍ ഗാഡമായ ഒരു സൌഹൃദത്തില്‍ കുരുക്കുകയെന്ന ഭഗീരഥയത്ന സാഫല്യത്തിനായി രാപകല്‍ ഭേദമില്ലാതെ പണിയെടുക്കുകയാണത്രേ.   
       
      
    

2010, മാർച്ച് 11, വ്യാഴാഴ്‌ച

ആട്

         ഇളവെയില്‍ പരന്ന മുറ്റം ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലുണ്ടായിരുന്നു. രാത്രിയില്‍ കത്തിച്ചുകളഞ്ഞ മത്താപ്പുകളുടെയും ലാത്തിരിപൂത്തിരികളുടെയും മൂളിപ്പൂവിന്റെയും തറച്ചക്രത്തിന്റെയും പടക്കങ്ങളുടെയുമൊക്കെ തിരുശേഷിപ്പുകള്‍ അവിടവിടെയായി ചിതറിക്കിടക്കുന്നു. ഉപ്പയും കൂട്ടരും കവടി കളിച്ച കളം മാഞ്ഞിട്ടില്ല. വെട്ടും കുത്തും കയറ്റവും ഇറക്കവും കീഴടങ്ങലും ഊരിച്ചാടലുമൊക്കെയായി അവിരാമം ചലിച്ചുകൊണ്ടിരുന്ന കരുക്കള്‍ പടനിലത്ത് ചലനമറ്റു കിടക്കുന്നു.
          അപ്പുറത്ത് പറമ്പില്‍ പോത്തുകളുടെ ബലിനല്കിയിടത്ത് കാക്കകളുടെ ഉത്സവം. കാക്കകള്‍ക്കിടയില്‍ ഒരു നായയുമുണ്ട്. കാ..കാ..ബഹളത്തില്‍ അസ്വസ്ഥനായ അവന്‍ നട്ടംതിരിയുകയും മുറുമുറുത്തു കൊണ്ട് കാക്കകള്‍ക്കു നേരെ കുതിക്കുകയും ചെയ്യുന്നു.
          പടക്കത്തിന്റെ ശേഷിപ്പുകളില്‍നിന്ന്‍ തിരിയുള്ള ജാതിയെ പെറുക്കി തീ കൊളുത്തുകയായിരുന്നു ഞങ്ങള്‍. ചിരിയും ചീറ്റലും വല്ലപ്പോഴുമുള്ള പൊട്ടലും ആസ്വദിച്ചുകൊണ്ട്‌ ഇരിക്കുമ്പോഴാണ് ഉമ്മയുടെ ഒച്ച അകത്തുനിന്നു ഇറങ്ങിവന്നത് :
ആ ആടുങ്ങളെയൊന്നു പുറത്തെറക്കാന്‍ നോക്ക് മക്കളേ....
തിരിയുള്ള ജാതി തീര്‍ന്നപ്പോള്‍ എഴുന്നേറ്റു. കൈയിലുള്ള തീക്കൊള്ളി കുത്തിക്കെടുത്തിയശേഷം തെക്കോറത്തേക്ക് നടന്നു. കൂടിനടുത്തെത്തിയപ്പോള്‍ അനിയന്‍ പറഞ്ഞു:
ഞാന്‍ കൊറ്റനെ കെട്ടാം.
സമ്മതിച്ചു. കാരണമുണ്ട്. കൊറ്റന്‍ അനിയനെപ്പോലെത്തന്നെ അക്രമവാസന കൂടിയ ഇനമാണ്. അനിയനും കൊറ്റനും തമ്മില്‍ ഇടയ്ക്കൊരു പയറ്റ് നടക്കാറൂള്ളതുമാണ്. അവന് അതിനെ ഒട്ടും പേടിയില്ല. രണ്ടാഴ്ച മുമ്പൊരു സന്ധ്യക്ക്‌ ഒട്ടും പ്രതീക്ഷിക്കാതെയാണ് ആട് രണ്ടുകാലില്‍ നിവര്‍ന്നുനിന്നു മോന്തയ്ക്കൊന്നിട്ടത്. തലകൊണ്ടായിരുന്നു പ്രയോഗം. മിന്നലാക്രമണത്തില്‍ കീഴ്ച്ചുണ്ടുപൊട്ടി ചോര കിനിഞ്ഞു. അതോടെ വലിയവായില്‍ നിലവിളിയായി....നിലവിളിനേര്‍ത്ത് തേങ്ങലായി.... തേങ്ങലൊതുങ്ങിയപ്പോള്‍ അവന്‍ കോലായില്‍നിന്നു എഴുന്നേറ്റ് കൂടിനുനേരെ നടന്നു. 
                   ‍ കൂടിനരികില്‍ ചിതറിക്കിടക്കുന്ന പ്ലാവിന്‍ചില്ലകളില്‍നിന്ന് കൊള്ളാവുന്ന ഒന്നു തിരഞ്ഞെടുത്ത് അവന്‍ കൊറ്റനെ തിരഞ്ഞു. അപ്പോഴേക്ക് ഞാന്‍ ആടുകളെ കൂട്ടില്‍ കയറ്റിയിരുന്നു. കൂടിന്റെ ഇടത്തേ അറ തുറന്ന് കൊറ്റനെ രണ്ട് പൊട്ടിച്ചതിനു ശേഷമേ അവന് ആശ്വസമായുള്ളൂ...... 
അയ്യെടാ ദെന്താദ് !
പിടയാടിനെയും മക്കളെയും പുറത്തിറക്കാനുള്ള ശ്രമത്തിനിടയിലാണ് അനിയന്റെ ആശ്ചര്യം നിറഞ്ഞ ഒച്ച കേട്ടത്.
തലതിരിച്ചു നോക്കിയപ്പോള്‍ അവന്റെ കണ്ണുകളില്‍ തിളങ്ങുന്ന വിസ്മയം.
എന്താണ്ടാ?....
കൊറ്റന്‍ കൊട്ടപ്പാലം ചിറ്റ്ണത്‌ നോക്ക് !...അനിയന്‍ വിരല്‍ചൂണ്ടിക്കൊണ്ട് പറഞ്ഞു.
അതിനെ ഇങ്ങനെ പൊറത്തിറക്ക്...
ഈ പണ്ടാരം നടക്കണില്ലാട്ടാ....
അനിയന്റെ ഒച്ച കേട്ട് വീണ്ടും തല തിരിച്ചു. ആട് അപ്പോഴും വട്ടം കറങ്ങിക്കൊണ്ടിരിക്കയാണ്. 
ഒരു ചുള്ളലെടുത്ത് ഒന്നാണ്ട് പൂശ്.
ആടിന്റെ നേരംപോക്ക് അഹമ്മതിയായി വളര്‍ന്നെന്നു തോന്നിയപ്പോള്‍ ഞാന്‍ പറഞ്ഞു.
അത് കേള്‍ക്കേണ്ട താമസം അനിയന്‍ ഒരു പ്ലാവിന്‍ചില്ലയെടുത്ത്‌ ഒരഞ്ചാറുപൂശ് ഒന്നിച്ചു പൂശി. എന്നിട്ടും ആട്....
എന്തിനെടാ അതിനെ ഇങ്ങനെ തല്ലുന്നത്?
ചോദ്യത്തിനു പിറകെ ഉപ്പ മുറ്റത്തേക്ക് വന്നു. ആട് അപ്പോഴും കറക്കം തന്നെ. ഇത്തിരിനേരം കറക്കം ശ്രദ്ധിച്ച ശേഷം ഉപ്പ ആടിനടുത്തേക്ക് വന്നു. കൂടിനുമുകളില്‍ ശേഷിച്ചിരുന്ന പ്ലാവിലക്കമ്പുകളില്‍ ഒന്നെടുത്തു. ഇല കാണുമ്പോള്‍ ആട് നേരെ നടക്കുമെന്നായിരുന്നു ഉപ്പയുടെ കണക്കുകൂട്ടല്‍. അത് തെറ്റി. ആട് വട്ടം കറങ്ങിക്കൊണ്ട് തന്നെ......
                  ആട് ഇല തിന്നുകൊണ്ടിരിക്കെ ഉപ്പ മുറ്റത്തുകിടന്നിരുന്ന ഓലയുടെ തുമ്പൊടിച്ചു കെട്ടി ചൂട്ടുണ്ടാക്കി. ശേഷം ലൈറ്റര്‍കൊണ്ട്  അതിന് തീകൊളുത്തി....... 
ആടിനെ തീകാണിച്ചു പേടിപ്പിച്ചാല്‍ നേരെ ഓടുകയോ നടക്കുകയോ ചെയ്യുമെന്ന കണക്കുകൂട്ടലും തെറ്റിയപ്പോള്‍ ഉപ്പ അതിനെ മുറ്റത്തെ പേരയില്‍ കെട്ടിയിട്ടു. ശേഷിച്ച പ്ലാവിലക്കമ്പുകളത്രയും അതിന് തിന്നാനിട്ടുകൊടുത്ത് ഉപ്പയും അനിയനും രംഗം വിട്ടു. ഞാന്‍ ബാക്കിയുള്ളവയെയുംകൊണ്ട് പറമ്പിലേക്ക് നടന്നു.
                പത്തുമണിയോടടുത്ത് പറയന്‍രാമനെയും കൊണ്ട് ഉപ്പയെത്തി. രാമന്‍ ആടിന്റെ കറക്കമൊന്നു വീക്ഷിച്ചശേഷം ആടിനടുത്തുവന്നു.കൂടും കൂടിനുനേരെ കിഴക്കും പടിഞ്ഞാറുമുള്ള തെങ്ങിന്‍തൈകളും മാവിന്‍തൈകളും  തന്റെ നിരീക്ഷണത്തിനു വിധേയമാക്കിയ ശേഷം പറഞ്ഞു:
തേര്‍വാഴ്ചയുണ്ട്.
തേര്‍വാഴ്ച ഉണ്ടെന്നതിനു തെളിവായി കൂടിനു കിഴക്കും പടിഞ്ഞാറുമുള്ള മരങ്ങളുടെയെല്ലാം ചില ചില്ല  കള്‍ ഉണങ്ങിയിരിക്കുന്നത് രാമന്‍ കാണിച്ചുതന്നു.
'കൂടിന്റെ സ്ഥാനം മാറ്റണം.' രാമന്‍ പ്രതിവിധി നിര്‍ദ്ദേശിച്ചു.
പിന്നെ മുണ്ടിന്റെ കോന്തലയില്‍ നിന്ന് അരിയും നെല്ലും ഏതോ പൂക്കളുംകൂടി കൈയിലേക്ക്‌ കുടഞ്ഞു. മൂന്നുതവണ കൊറ്റനെ ഉഴിഞ്ഞ് അവ വീണ്ടും കോന്തലയിലാക്കി. ശേഷം കോലായില്‍ വെച്ചിരുന്ന തന്റെ പഴഞ്ചന്‍ബാഗ് തുറന്നു. ഒരു ഇരുമ്പു കഷണമെടുത്ത് ഉപ്പയുടെ കൈയില്‍ കൊടുത്തു; കൂടെ സ്ഥാനം മാറ്റിക്കഴിഞ്ഞാല്‍ കൂട്ടില്‍ കെട്ടാനുള്ള നിര്‍ദ്ദേശവും. 
 ഉപ്പ കൊടുത്ത കാശ് വാങ്ങി രാമന്‍ പടിയിറങ്ങി.
പിന്നെ കൂട് മാറ്റാനുള്ള തിരക്കായി. പക്ഷെ കൂടിളകുന്നില്ല. വല്ലാത്ത കനം. വൈകുന്നേരം മൂന്നാംകല്ലില്‍ തമിഴരെ കൊണ്ടുവന്ന് അവരും ഉപ്പയും കൂടിയാണ് കൂട് മാറ്റിവെച്ചത്. ആട് അപ്പോഴും....
    പിറ്റേന്നും ആടിന്റെ ഗതി വട്ടത്തിലാണെന്നതിനാല്‍ രാമന്റെ വിദ്യകള്‍ ഫലിച്ചില്ലെന്നു ഞങ്ങള്‍ക്കുറപ്പായി. ആടിന്റെ കറക്കം നിര്‍ത്താന്‍ വേറൊരാള്‍ വന്നു;ശങ്കരന്‍നായര്‍. ശത്രുക്കളുടെ നീചക്രിയയാണെന്നാണ് ശങ്കരന്‍നായര്‍ പറഞ്ഞത്. ആളിനു വെച്ചത്  ആടിന് കൊണ്ടതാണത്രേ.
    വൈകീട്ട് വീട്ടിലാകെ തിരക്കായിരുന്നു. ശങ്കരന്‍നായരും ശിഷ്യനും സ്ഥലത്തുണ്ട്. നായര്‍ ചെമ്പുതകിടുകളില്‍ എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്. ശിഷ്യനാവട്ടെ തുണിത്തുണ്ടുകൊണ്ട്  തിരികളുണ്ടാക്കുന്നു. നാക്കിലകളില്‍ അരിയും മലരും നെല്ലും പൂക്കളും മഞ്ഞപ്പൊടിയും....കഴുകി വെടിപ്പാക്കിയ കുപ്പികള്‍ ,അരക്കിന്റെ ഒരു തുണ്ട്....
     ഇത്തിരി കഴിഞ്ഞപ്പോള്‍ വീടൊരു പുകക്കൂടായി. കതകുകള്‍ ചാരിയ വീടിനകത്ത് പുകയും വെളിച്ചെണ്ണയും തുണിയും കത്തുന്ന മണവും നിറഞ്ഞു. ഉഴിച്ചിലും കോടികെട്ടലും കഴിഞ്ഞ് തോട്ടില്‍ ഒഴുക്കേണ്ട വസ്തുക്കളുമായി ഗുരുവും ശിഷ്യനും പടിയിറങ്ങുമ്പോള്‍ രാത്രി ഏറെ ചെന്നിരുന്നു.
     രണ്ടു ദിവസങ്ങള്‍ക്കുശേഷം അറവുകാരന്‍ കുഞ്ഞാലിയുടെ പിറകെ പോവാന്‍ നിര്‍ബന്ധിക്കപ്പെട്ടപ്പോഴും കൊറ്റന്‍ കൊട്ടപ്പാലം ചുറ്റുകയായിരുന്നു.           
      
     
                     
         ‍              

2010, മാർച്ച് 5, വെള്ളിയാഴ്‌ച

വേലായി

കാരണാക്കില്‍പള്ളിയില്‍നിന്നു രാത്രിബാങ്ക് വിളിച്ച ശേഷമാണ് വേലായിക്ക് ദാഹം തുടങ്ങിയത്. മഴക്കാലമായതുകൊണ്ട്‌ കിണറ്റില്‍ നിറയെ വെള്ളമുണ്ട്. അടുക്കളയില്‍ പാത്രങ്ങളില്‍ പച്ചവെള്ളം നിറച്ചുവെച്ചിട്ടുണ്ട്. പോരെങ്കില്‍ കഞ്ഞിവെള്ളവും കെട്ടിയവളും ഉണ്ട്. കമലൂ...ഒരു ഗ്ലാസ്.....എന്നൊന്ന് വിളിച്ചു പറയുകയേ വേണ്ടൂ.....എന്നിട്ടും വേലായി വെള്ളത്തെക്കുറിച്ച് ചിന്തിച്ചതേയില്ല.
                തന്നെ അലട്ടുന്ന ദാഹം വെള്ളംകൊണ്ട് തീരുന്നതല്ലെന്നു വേലായിക്ക് അറിയാം. പണ്ടാലത്തെ അരയോളം വെള്ളംതാണ്ടി നീലങ്കടവിലെത്തിയാലെ അത് ശമിക്കൂ. അതിന് ഒരു കുറുവടിയും ചുണ്ണാമ്പുപാത്രവും വേണം. വടിയില്ലെങ്കില്‍ അധികാരിവീട്ടിലെ കൊഴുത്ത വളര്‍ത്തുനായ്ക്കള്‍ ചോരവെള്ളം കാട്ടും. ചുണ്ണാമ്പ് ഇല്ലെങ്കില്‍ അട്ട ചോരവെള്ളം ഊറ്റും. 
                 മുറ്റത്തിറങ്ങിനിന്നു വേലായി ബീഡിയും ബീഡിയ്ക്കൊപ്പം തലയും പുകച്ചു. കുന്താംപാലം കടന്ന് പുന്നയൂരെത്തിയാലും ദാഹം തീര്‍ക്കാമെന്ന് അയാള്‍ ഓര്‍ത്തെടുത്തു. അധികാരിയുടെ നായ്ക്കളെ ഒഴിവാക്കാനാവുമെങ്കിലും കുന്താംപാലത്തും അരയോളം വെള്ളവും വെള്ളത്തില്‍ അട്ടയുമുണ്ടെന്ന കാര്യം വേലായിയെ പിന്തിരിപ്പിച്ചു.
                  വേലായി മുറ്റം വിട്ട് ഞാറ്റുകണ്ടത്തിലേക്ക്‌ ഇറങ്ങി. നായരങ്ങാടിയാണ് ലക്‌ഷ്യം. ദൂരം ഏറെയുണ്ടെങ്കിലും അട്ടകളെ ഒഴിവാക്കാം. വഴിയിലുള്ള  നായ്ക്കളാണെങ്കില്‍ അധികാരിയുടെ നായ്ക്കളെപ്പോലെ വീരശൂരപരാക്രമികളല്ല. പള്ളിയുടെ പിന്നിലൂടെ വേലായി തോട്ടിലേക്കിറങ്ങി. തിടുക്കപ്പെട്ടു നടന്ന്‍ രാമന്റകായിലെ മുക്കൂട്ടയിലെത്തി. പൊടുന്നനെ വേലായിയുടെ വേഗത കുറഞ്ഞു. അയാളിലൂടെ ഒരോര്‍മ്മയുടെ മിന്നലുകള്‍ പാഞ്ഞുപോയി. രാമന്റകായിലെ മുക്കൂട്ടയില്‍ വെച്ചാണ് കുറ്റ്യാടന്‍ മുഹമ്മുണ്ണിയും ഹനുമാനും തമ്മില്‍ കണ്ടുമുട്ടിയത് !
കുറ്റ്യാടന്‍ മുഹമ്മുണ്ണിയും അനിയന്‍ അമ്മതുവും അഭ്യാസികളാണ്. തെങ്ങ് പിടിച്ചുകുലുക്കി തേങ്ങ വീഴ്ത്തിയിട്ടുള്ളവര്‍ ! രണ്ടും ആറടിയിലധികം കിളരമുള്ളവര്‍.പരദേശത്തു പോയി അഭ്യാസം പഠിച്ചുപഠിച്ച് തറവാട് കുളംകോരിയവര്‍. താനോ നാട്ടിലെ കുറുമനുഷ്യരില്‍ ഒരുവന്‍. അഭ്യാസം പോയിട്ട് ആയുസ്സിലൊരു പാമ്പിനെപ്പോലും കൊന്നിട്ടില്ലാത്തവന്‍. 
              വട്ടംപാടത്ത് റാത്തീബിനു പോയി മടങ്ങുംവഴിയാണ് കുറ്റ്യാടന് പിറകെ ഹനുമാന്‍ കൂടിയത്. സമയം നട്ടപ്പാതിര. ഹനുമാന്‍ പമ്മിപ്പമ്മി പിറകിലെത്തിയതും കുറ്റ്യാടന്‍ തിരിഞ്ഞതും ഒരുമിച്ചായിരുന്നു. കൈയിലുള്ള വെള്ളികെട്ടിയ മലായിചൂരല്‍ രണ്ട് തവണ ഹനുമാന്റെമേല്‍ വീണു. യാ മുഹ്യദ്ദീന്‍.....എന്നു വിളിച്ചായിരുന്നു അടി. അടികൊണ്ടതും ഹനുമാന്‍ തിരിഞ്ഞോടി. കുറ്റ്യാടന്‍ വടേരിയിലെത്തിയപ്പോള്‍ ഹനുമാന്‍ പിറകിലെത്തി. കൊടുത്തു ഒന്നുകൂടി. കൂടുതല്‍ കൊള്ളുംമുമ്പ്.....
               അടിയും ഓട്ടവും തിരിച്ചുവരവുമൊക്കെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് രണ്ടുപേരും പടിഞ്ഞാക്കരയെത്തി. വീട്ടിലെത്തി ഉമ്മയോട് വാതില്‍ തുറക്കുവാന്‍ പറഞ്ഞതേ കുറ്റ്യാടന് ഓര്‍മ്മയുള്ളൂ. ഹനുമാന്‍ ആവേശിച്ച കുറ്റ്യാടന്റെ ചേഷ്ടകള്‍ വേലായി കണ്ടതാണ്. അന്ന് വേലായിക്ക് പതിനാലോ പതിനഞ്ചോ ആണ് പ്രായം. അയാള്‍ കുരങ്ങു കയറുമ്പോലെ മരത്തില്‍ ഓടിക്കയറുന്നതും ഊഞ്ഞാലാടുന്നതും വേലായി വീര്‍പ്പടക്കിയാണ് നോക്കിനിന്നത്. 
              രാമന്റകായില്‍ ഇത്തിരിനിന്ന്‍, അടിത്തറ ഇളകിയ ധൈര്യത്തെ മുറുകെപ്പിടിച്ച് വേലായി കിഴക്കോട്ടു നടന്നു. മുല്ലമങ്ങലത്തെ പടിക്കലെത്തിയാല്‍ പിന്നെ ടാറിട്ട റോഡാണ്. തെരുവുവിളക്കുകളുണ്ട്, ഹനുമാനല്ല അവന്റെ അപ്പന്‍തന്നെ വന്നാലും പേടിക്കേണ്ടതില്ല എന്നൊക്കെ ചിന്തിച്ചു എട്ടൊന്നിലെ പടിക്കലെത്തിയ വേലായി പെട്ടെന്നുനിന്നു. വേലായിക്ക് ദാഹം കലശലായി. തൊണ്ടയിലൂടെ കടന്ന് തലച്ചോറിലേക്ക് രാക്കാറ്റ് പാഞ്ഞു. ചെവിയടഞ്ഞു. കിട്ടിയാല്‍ പച്ചവെള്ളംപോലും കുടിക്കാമെന്നായി. 
                 മുന്നില്‍ നാലുകാലില്‍ ഒരു രൂപം അടുത്തുവന്നുകൊണ്ടിരുന്നു. അവ്യക്തമായ കാഴ്ച. വേലായി ഇരുട്ടിലേക്ക് തുറിച്ചുനോക്കി. അടുത്തുവരുന്ന രൂപം അണയ്ക്കുന്ന ശബ്ദംകൂടി കേട്ടപ്പോള്‍ അയാളുടെ കാല്‍മുട്ടുകള്‍ വിറക്കുവാന്‍ തുടങ്ങി. കാലുകള്‍ നിലത്തുറപ്പിക്കുവാന്‍ പാടുപെട്ട് വേലായി നിന്നു. പത്തടി അപ്പുറത്തെത്തിയ രൂപം നിശ്ചലമായി. നാലുകാലില്‍ ഉറച്ചുനിന്ന് അത് വേലായിയെ നോക്കി. അടിത്തറ ഇളകിയിരുന്ന ധൈര്യം കൈവിട്ടുപോയ വേലായി ദൈവേ....എന്നു ദൈവത്തെ വിളിച്ച് ഒന്നരയാള്‍ പൊക്കമുള്ള മാറ്റം ചവിട്ടിക്കയറി തെക്കോട്ട്‌ പാഞ്ഞു. പാടത്തെ സ്ക്കൂള്‍മുറ്റത്തൂടെ നായരങ്ങാടിക്ക്.....
                 വല്ലാതെ വിയര്‍ത്തിരുന്നതുകൊണ്ടാവണം വേലായിയുടെ ദാഹത്തിന്റെ ക്വാന്റിറ്റി കൂടിയിരുന്നു. കീശ കാലിയാവുംവരെ വേലായി കുടിച്ചു. പണം പോയപ്പോള്‍ വല്ലാത്തൊരു ധൈര്യം വേലായിയില്‍ നിറഞ്ഞു. എന്നാലും അയാള്‍ വന്നവഴി മടങ്ങിയില്ല. മെയിന്‍ റോഡിലൂടെ നേരെ വടക്കോട്ട്‌ നടന്ന് കെട്ടുങ്ങല്‍ പീടിക വഴി ഇത്തിത്തറയില്‍ എത്തി.
                 വേലായി ഹനുമാനെ കണ്ട വാര്‍ത്ത ഇത്തിത്തറയില്‍നിന്നു ലോകത്തിന്റെ മുക്കും മൂലയും തേടി പറന്നുപോയി. അപ്പോള്‍ നേരം വെളുത്തിരുന്നു. വേലായിയാവട്ടെ ഇതൊന്നുമറിയാതെ കിടക്കപ്പായില്‍ ചുക്കുകാപ്പി ഉള്ളിലും പുതപ്പ് മീതെയുമായി പനിച്ചുകിടക്കുകയായിരുന്നു.
കഥാശേഷം: പത്തു മണിയോടടുത്താണ്  കുഞ്ഞുണ്ണി തന്റെ ബീഡിക്കമ്പനി തുറക്കുവാനായി കെട്ടുങ്ങല്‍ എത്തിയത്. കാല്മുട്ടുകളിലും കൈവെള്ളകളിലും പറ്റിപ്പിടിച്ച ചളി കഴുകി കളയുന്നതിനിടയില്‍ അയാള്‍ തലേന്നു രാത്രിയിലെ ഒരു സംഭവകഥനത്തിനു തുടക്കമിട്ടു:
ദൈവേ.....ആ വേലായേട്ടന്‍ണ്ടൊരു ഓട്ടം ഓടീട്ട്......!          ‍      ‍   ‍                         
                                    

2010, മാർച്ച് 2, ചൊവ്വാഴ്ച

ഹൈദറിന്റെ കെണി

കന്യാകുമാരി ക്ഷിതിയാദിയായ്ഗ്ഗോ-
കര്‍ണ്ണാന്തമായ് തെക്കുവടക്കു നീളെ 
അന്യോന്യമംബാശിവര്‍ നീട്ടിവിട്ട 
കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം...
ഏതാടോ ആ നല്ല രാജ്യം?
ലാസര്‍മാഷുടെ ചൂണ്ടുവിരല്‍ ബാക്ക്ബെഞ്ചിനു നേരെ നീണ്ടു. ഞങ്ങള്‍ പരസ്പരം മുഖത്തോടുമുഖം നോക്കി; 
ആരായിരിക്കും ആ ഭാഗ്യവാന്‍? 
തന്നോടുതന്നെ....തന്നോടുതന്നെ....
അറ്റന്‍ഷ്യനായി നിവര്‍ന്നു.പതിവു മറുപടിയും വീണു: നിശ്ച്യംല്ല..
ക്ലാസ്സില്‍ അലമ്പുണ്ടാക്കാന്‍ മാത്രം മിടുക്കുണ്ടായാല്‍ പോര കേട്ടോ?
ഊം.... സമ്മതിച്ചു.
എന്നാ ആ കൈയൊന്നിങ്ങട് നീട്ടിക്കേ....ഈ മിട്ടായ്യങ്ങട് കഴിച്ച് അവിടങ്ങട് ഇരുന്നോ.
അടിവീണു; ഒന്ന്‍....രണ്ട്....മൂന്ന്‍...
കൈവെള്ളയില്‍  മിന്നല്‍പ്പിണരുകള്‍.....
ശിക്ഷ നടപ്പാക്കി കഴിഞ്ഞെന്നു തോന്നിയപ്പോള്‍ ബെഞ്ചില്‍  ഇരുന്നു.
ഇരിക്കാന്‍ പറഞ്ഞില്ല!
എഴുന്നേറ്റു നിന്നു.
ആരോക്കെയായിരുന്നെടോ കൂട്ട്?
മൌനം വിഡ്യാനും ഭൂഷണം.....
മാഷുടെ പോക്കറ്റില്‍നിന്ന് ഒര് കടലാസുതുണ്ട് പുറത്തുവന്നു:ബാക്ക്ബെഞ്ചിലെ കുടിയേറ്റക്കാരുടെ പേരുകളത്രയും വായിക്കപ്പെട്ടു.
ബെഞ്ചു മുഴുവന്‍ നിവര്‍ന്നു. ചൂരല്‍ വായുവില്‍ ഉയര്‍ന്നുതാഴ്ന്നു. കൈവെള്ള ചുവന്നുതുടുത്തു. ക്ലാസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നപ്പോള്‍ അമര്‍ഷം പതഞ്ഞുപൊങ്ങി.
തല്ലിയ മാഷിനോടല്ല, അവനോട് ! അവന്‍......
ആദിത്യന്‍ നമ്പൂതിരി; ക്ലാസ് ലീഡര്‍...അവനാണ് പേരെഴുതി കൊടുത്തത്. കള്ളസുബര്‍....! അവനെ ഒറ്റയായും കൂട്ടായും തല്ലാം;പരിപ്പിളക്കാം....പക്ഷെ,ഹെഡ്മാഷുടെ സിംഹാസനത്തില്‍ ഇരിക്കുന്ന അന്തോണി മാഷുടെ മഞ്ഞച്ചൂരല്‍.....ഇടംകൈ പ്രയോഗം...ചിന്തയില്‍ മുള്ളുകള്‍ വീഴുന്നു. എന്നാല്‍ അവനെ വെറുതെ വിടുന്നത് മഹാമോശം....ലജ്ജാവഹം...!
              ഇന്റര്‍വെല്ലിന്റെ മണിമുഴങ്ങി. കുട്ടികള്‍ ആരവത്തോടെ  പാഞ്ഞിറങ്ങി കഴിഞ്ഞപ്പോള്‍ ക്ലാസ്സില്‍ ബാക്ക് ബെഞ്ചിലെ കുടിയേറ്റക്കാര്‍ മാത്രം ബാക്കിയായി;എന്തു ചെയ്യണമെന്നതാണ് പ്രശ്നവിഷയം. രണ്ടു മിനുട്ടിനുള്ളില്‍ പ്രശ്നപരിഹാരമായി.
 ബാക്ക്ബെഞ്ചിലെ ഉന്നതനായ ഹൈദര്‍ പറഞ്ഞു:  
ആ പച്ചക്കറിക്കുള്ളത് ഞാന്‍ കൊടുത്തോളാം.
എങ്ങനെ? ഞങ്ങള്‍ ഒന്നിച്ചു ചോദിച്ചു.
കണ്ടറിഞ്ഞോ....!
മറുപടി കേട്ടപ്പോള്‍ ഞങ്ങള്‍ ഹൈദറിനെ തനിച്ചാക്കി പുറത്തിറങ്ങി. അഞ്ചു മിനുട്ടിന് ശേഷം അവനും ഞങ്ങളോട് ചേര്‍ന്നു.
കൊടുത്തോ? ഞങ്ങള്‍ ചോദിച്ചു.
കെണി വെച്ചിട്ടുണ്ട്.
വീഴോ?
വീഴും....വീഴാതിരിക്കാന്‍ വഴിയില്ല.
        രണ്ടു പിരീഡ് കൂടി കഴിഞ്ഞു. അതുവരെ അജ്ഞാതമായ കെണിയെക്കുറിച്ച് വിചാരപ്പെട്ട് ഞങ്ങള്‍ സമയം കൊന്നു. 
ഉച്ചയ്ക്ക് ബെല്‍ മോങ്ങി....ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ ക്ലാസ്സില്‍ നിന്നു ഹമ്മേ....എന്നൊരു അലര്‍ച്ചയുയര്‍ന്നു. 
           തൊണ്ടയില്‍ കുരുങ്ങിയ ചോറ് ഇറക്കാനാവാതെ ഞങ്ങള്‍ തലയുയര്‍ത്തി. ആദിത്യനാണ് അലറിയതെന്നു മനസ്സിലായി. കിട്ടാവുന്ന വേഗത്തില്‍ പാത്രമെടുത്ത് അവന്‍ പുറത്തേക്ക് ഓടിപ്പോയി. അവന്റെ കണ്ണുകളിലെ ഭീതിയുടെ കാരണം തിരഞ്ഞ് ഞങ്ങള്‍ ഹൈദറിന് നേരെ കണ്ണയച്ചു. അവന്റെ ചുണ്ടിന്‍ കോണില്‍ മുനയുള്ള വില്ലന്‍ചിരി. 
           കുറച്ചു വൈകിയാണ് ആദിത്യന്‍ തിരിച്ചെത്തിയത്‌. അവന്‍ ആകെയൊന്നു മിനുങ്ങിയിരുന്നു. കുളിച്ചിട്ടുണ്ടെന്നു തീര്‍ച്ച. കൂടെ അവന്റെ അച്ഛനുമുണ്ട്.
ലെസ്സന്‍ ട്വു കിംഗ്‌ കോബ്രാ...എന്നു പറഞ്ഞു തിരിഞ്ഞ ഫ്രാന്‍സിസ്മാഷ്‌ പുറത്തേക്ക് ഇറങ്ങിപ്പോയി. കുറെ നേരം എന്തൊക്കെയോ സംസാരിച്ച്, തിരിച്ചു കയറുമ്പോള്‍ മാഷ്‌ ഒര് രാജവെമ്പാലയായി മാറിയിരുന്നു.
വെമ്പാല ചീറിയടുത്തു:
ആരെടാ അത് ചെയ്തത്? 
മൌനം.
ബാക്ക്ബെഞ്ച്.....ആള്‍ സ്റ്റാണ്ട് അപ്....
എല്ലാവരും നിവര്‍ന്നു.
ആരെടാ ചെയ്തത്?
പറയണോ?....വേണ്ട.....എല്ലാവര്‍ക്കും വേണ്ടിയല്ലേ അവന്‍ അത് ചെയ്തത്? 
നിശ്ച്യംല്ല്യ ....പതിവു വായ്ത്താരി വന്നു.
മാഷ്‌ പുകഞ്ഞു. പുകഞ്ഞുപുകഞ്ഞ് വഴി കണ്ടെത്തി.
കൈ നീട്ടെടാ....
അഞ്ചു കൈകള്‍ ഒന്നിച്ചു നീണ്ടു.
ചെയ്തത് ആരാണെന്ന് പറഞ്ഞോ....വെറുതെ തല്ലുവാങ്ങണ്ടാ...
പറഞ്ഞില്ല. ചൂരലേന്തിയ കൈ ചലിച്ചു. മൊത്തം ഇരുപത്...മാഷ്‌ കിതച്ചു. കഷണ്ടിയിലൂടെ വിയര്‍പ്പുതുള്ളികള്‍ താഴോട്ട് ഉരുണ്ടു.
ഇരിക്കെടാ..
ഇരുന്നു. സംഗതി ശുഭം.
ലെസ്സന്‍ ട്വൂ....കിംഗ്‌ കോബ്രാ..
ക്ലാസ് വിട്ടു മടങ്ങുമ്പോള്‍ ഹൈദര്‍ പറഞ്ഞു:
അടി കിട്ട്യേതിലല്ല വെഷമം....ഒരു അയിലയുടെ നടു നുറുക്കാണ് പോയത് !           ‌     ‍      
  ‍    ‍   ‍           ‍  
  

2010, മാർച്ച് 1, തിങ്കളാഴ്‌ച

അവറൂക്കാടെ ക്രൂരകൃത്യം

സന്ധ്യാനമസ്കാരാനന്തരം അവറൂക്ക സട കുടഞ്ഞുകൊണ്ട് പായില്‍നിന്നു നിവര്‍ന്നു. കെട്ടിയവനിങ്ങനെ കുത്തനെ എഴുന്നേല്‍ക്കുന്നതു കണ്ടപ്പോള്‍ ദെന്ത് പറ്റീ....ന്റെ പടച്ചോനേ....എന്ന് പാത്തുമ്മു ചിന്തിച്ചു. സാധാരണയായി സന്ധ്യാനമസ്കാരം കഴിഞ്ഞാല്‍ പ്രാര്‍ത്ഥനയിലേക്കും ജപങ്ങളിലേക്കുമൊക്കെ ചായുകയാണ് പതിവ്. ഇപ്പോഴീ പുറത്തേക്കുള്ള നടപ്പ്.
'ദോക്ക്യെ....' പാത്തുമ്മു അയാളുടെ ശ്രദ്ധ ക്ഷണിക്കുവാന്‍ ശ്രമിച്ചു. 
'ദെന്താണ്ടീ ബലാലേ ' എന്ന മട്ടിലൊരു നോട്ടവുമായി അവറൂക്ക വരാന്തയില്‍ തിരിഞ്ഞു നിന്നു.
'ഇങ്ങളെങ്ങണ്ടാ പോണ്?' അവള്‍ സൌമ്യയായി തിരക്കി.
'ടീ ബലാലേ...ഇയ്യാരാണ്ടീ ഇന്നോട് ചോതിക്കാന്‍.....ഇന്റെ ബാപ്പേ?...'എന്നൊരു നോട്ടമാണ് മറുപടിയായി കിട്ടിയത്.
അവള്‍ പിന്നെയൊന്നും ചോദിച്ചും പറഞ്ഞുമില്ല. അല്പം കഴിഞ്ഞപ്പോള്‍ അവറൂക്കയുടെ ഒച്ച അവളെ തേടിച്ചെന്നു:
'ഞാ...പാണന്‍ തറയില്‍ക്കാ....ആ ഹറാംപെറന്നോന്‍ ചായക്കാശ് തന്നിട്ടില്ല.'
ഏതു ഹറാംപെറന്നോന്റെ കാര്യമാണ് അയാള്‍ പറയുന്നതെന്ന് അവള്‍ക്കു മനസ്സിലായില്ല. അവള്‍ ചോദിച്ചുമില്ല.
പാത്തുമ്മുവിന്റെ മനസ്സറിഞ്ഞിട്ടെന്നോണം അവറൂക്ക പറഞ്ഞു:
'ആ പൊരുത്തേരന്‍ ചോയി......ഓന്‍ പശൂനെ വിറ്റു വരുമ്പോള്‍ തരാംന്നു അവ്വല് സുബഹിക്ക് പോയതാണ്. വൈന്നേരത്തെ ചായ കുടിക്കാനും വന്നിട്ടില്ല. അതിപ്പളും പീട്യേല് ഇരിക്ക്യാണ്.' 
അയാള്‍ പതിയെ മുറ്റത്തെ ഇരുട്ടിലേക്ക് ഇറങ്ങി. 
'ഓരോ ബലാലേള് മനുഷനെ ചിറ്റിക്കാന്‍ തീര്‍ന്നിട്ട്......' മുന്നോട്ടു നടക്കുന്നതിനിടയില്‍ അയാള്‍ മുരണ്ടു.
അപ്പോള്‍ അയാളെ ലക്ഷ്യമാക്കി അവള്‍ 'അതേയ്....'എന്നൊരു ഒച്ചയിട്ടു.
'എന്താണ്ടീ...' അവറൂക്ക അസഹ്യതയോടെ തിരിഞ്ഞുനിന്നു.
ഒന്നമാന്തിച്ച ശേഷം പാത്തുമ്മു പറഞ്ഞു:
'അത് നമ്മക്ക് നാളെ അയാള്‍ ചായകുടിക്കാന്‍ വരുമ്പോ വാങ്ങാന്നേ..'
'അതിന് ഓന് ഇഞ്ഞി ചായകൊടുത്തിട്ടു വേണ്ടേ!...അതൊല്ല ഓന്റെ വൈന്നാരച്ചായ ഇയ്യ് കുടിക്കോ?'
അവറൂക്കാടെ ചോദ്യം അവളുടെ തൊണ്ടയില്‍ വീണുകുരുങ്ങി. പാത്തുമ്മുവിനു വാക്കുമുട്ടി. അയാളപ്പോള്‍ മുന്നോട്ടു നടക്കുവാന്‍ തുടങ്ങി. അത് കണ്ടപ്പോള്‍ പാത്തുമ്മു വരാന്തയുടെ അറ്റത്തേക്ക് ചെന്നു.
'ഈ കരിക്കൂടിയ മോന്തിക്ക്‌ കണ്ണും വെളിച്ചോംല്ലാണ്ട് പോണ്ട.വഴീല് വല്ല വള്ളിജാതീണ്ടാവും. ഞാന്‍ ചൂട്ടുണ്ടാക്കി തരാം.'
അയാള്‍ മറുത്തു പറയുന്നില്ലെന്നു കണ്ടപ്പോള്‍
അവള്‍  ‍അകത്തേക്കോടി.അവള്‍അപ്പറഞ്ഞത്‌ നല്ല കാര്യമാണെന്ന് തോന്നിയതുകൊണ്ട്  അയാള്‍ അവിടെത്തന്നെ നിന്നു.
'ഒര് ടോര്‍ച്ച് വാങ്ങാന്‍ പറഞ്ഞു തൊടങ്ങീട്ട് കാലം എത്ര്യായി!' ചൂട്ടിനൊപ്പം നീറിക്കത്തിക്കൊണ്ടാണ് പാത്തുമ്മു തിരിച്ചു വന്നത്.
ചൂട്ടുവാങ്ങി ഒന്നും മിണ്ടാന്‍ കൂട്ടാക്കാതെ അയാള്‍ നടന്നു. 
ഇടവഴിവിട്ട് നടവഴിയിലേക്ക് ഇറങ്ങിയ അയാളുടെ മനസ്സിലൊരു ഓലച്ചൂട്ടിന് തീപിടിച്ചു.നേര്‍ത്ത പൊട്ടലും ചീറ്റലും പുകച്ചിലുമൊക്കെയായി അത് കത്തിപ്പടരുവാന്‍ തുടങ്ങി.
കീഴോട്ടൂരുകാരായ ചായകുടിയന്മാരാരും ഇന്നേവരെ പതിവ്തെറ്റിച്ച് തന്നെ മിനക്കെടുത്തിയിട്ടില്ല. ആകെയൊരു തിരുപ്പൊപ്പിച്ചത് ശങ്കരന്‍മാഷാണ്. അയാള്‍ പാലക്കാട്ട് നിന്നു കുട്ടികളെ പഠിപ്പിക്കുവാനെത്തിയതാണ്. അയാള്‍ക്ക്‌ പണിത്തിരക്ക് കൊണ്ടോ വിവരക്കേട് കൊണ്ടോ പറ്റിയതാവണം. എന്നിട്ടിപ്പോള്‍ ഈ ഹറാംപെറന്ന കന്നാലിചോയി.......ഓര്‍ത്തും ചിന്തിച്ചും കത്തുന്ന മനസ്സും ചൂട്ടുമായി അയാള്‍ ചായക്കടക്കു മുന്നില്‍ നിന്നു. 
        ചൂട്ട് ഒതുക്കിപ്പിടിച്ച് അയാള്‍ കടയ്ക്കുള്ളിലേക്ക് കയറി. വീതനപ്പുറത്ത് ഒരു നാഴിഗ്ലാസ്സില്‍ നിറച്ചു വെച്ചിരുന്ന കട്ടന്‍ചായയെടുത്തു. പുറത്തുകടന്നു പതിയെ ചൂട്ടുവീശി പാണന്‍തറ ലക്ഷ്യമാക്കി പടിഞ്ഞാറോട്ട് നടക്കുമ്പോള്‍ അയാളുടെ ഇടംകൈയിലൂടെ പേടിച്ചരണ്ട കരിയുറൂമ്പുകള്‍ പ്രാണനുംകൊണ്ട് പരക്കംപാഞ്ഞു. 
പുഴവക്കത്തെത്തിയപ്പോള്‍ അയാള്‍ വടക്കോട്ട് തിരിഞ്ഞു. അയാളുടെ ഇടതുവശത്ത് മാറുവരണ്ട പുഴ ഇരുട്ടിനെ പുണര്‍ന്ന് തളര്‍ന്നുകിടന്നു. പുഴയില്‍ ആരൊക്കെയോ വട്ടമിട്ടിരുന്ന് സൗഹൃദം നുണയുകയാണ്. അവറൂക്ക പുഴയെയോ പുഴയിലിരിക്കുന്നവരെയോ കണ്ടില്ല. കുറച്ചകലെയായി ഒന്നുരണ്ട് ബീഡിക്കണ്ണുകള്‍ എറിയുന്നത് കണ്ടപ്പോള്‍ 'ചോയിണ്ടാ അവിടെ' എന്ന് അയാള്‍ വിളിച്ചുചോദിച്ചു .'ഇല്ല'....എന്ന ഉത്തരം അയാളെ തൊട്ടുകൊണ്ട്‌ ഇരുട്ടിലൂടെ എങ്ങോട്ടോ പാഞ്ഞുപോയി. 
അവറൂക്ക ചെല്ലുമ്പോള്‍ ചോയിയുടെ മുറ്റത്ത് ആളും വെളിച്ചവുമുണ്ടായിരുന്നു.ചുറ്റുവട്ടത്താകെ നേര്‍ത്ത തേങ്ങലുകള്‍ .
അയാള്‍ ചൂട്ട് വീശിക്കൊണ്ടു തന്നെ മുറ്റത്തേക്ക്‌ കയറി.
മുറ്റത്ത് കൂടിനില്‍ക്കുന്നവരില്‍ തന്റെ കടയിലെ പതിവുകാരില്‍ ഒരാളായ മാക്കോതയെ അയാള്‍ തിരിച്ചറിഞ്ഞു.
'എന്താവ്ടെ ആളുകൂടിയിരിക്ക്ണ്? അയാള്‍ ചോദിച്ചു.
അവറൂക്കയെ നന്നായി അറിയാവുന്ന മാക്കോത അയാളുടെ കൈയിലെ ഗ്ലാസ് നോക്കിക്കൊണ്ട്‌ മിണ്ടാതെ നിന്നു.
'നമ്മടെ ചോയീടെ ചെറിയ ചെക്കന്‍ മരിച്ചു.' ആരോ അയാളോട് പറഞ്ഞു.
ഇത്തിരിനേരം ചിന്തിച്ചു നിന്ന ശേഷം അവറൂക്ക മാക്കോതേ...എന്ന് വിളിച്ചു. 
മാക്കോത തലയുയര്‍ത്തി.
'ഓന്‍ അകത്താവും...ഇയ്യിത് ഓന് കൊട്ക്ക് .ഇന്നട്ട് ക്ലാസും പൈസീം വാങ്ങ്‌.'
ഗ്ലാസ്സുമായി മാക്കോത പകച്ചു നില്‍ക്കെ അയാള്‍ ചൂട്ട് കുത്തിക്കെടുത്തുവാനുള്ള ശ്രമം തുടങ്ങി.        ‍ ‍    ‍                    ‍                                

2010, ഫെബ്രുവരി 13, ശനിയാഴ്‌ച

പുതിയ ക്രിസ്തു

അത്ഭുതങ്ങളുടെയും പ്രവാചകരുടെയും പെട്ടികള്‍ അടച്ചു താഴിട്ടുകഴിഞ്ഞ ഈ കറുത്ത കാലത്തിലിതാ ഞങ്ങളുടെ കീഴോട്ടൂരില്‍ പതിനൊന്നു പത്തിരിയും ഇരുപത്തിരണ്ടു ഗ്ലാസ് കട്ടന്‍ചായയും കൊണ്ട് ഒരാള്‍ ചായക്കട നടത്തുന്നു! ചായക്കടയുടെ എല്ലാമെല്ലാമായ അവറൂക്ക          ക്രിസ്തുദേവനേക്കാള്‍ പെരുത്ത് വലിയ മനുഷ്യനാണ് എന്നാണ് ഞങ്ങള്‍ കീഴോട്ടൂരുകാരുടെ വിശ്വാസം. കാരണം ക്രിസ്തു ദേവന്‍ അഞ്ചപ്പവും രണ്ട് മീനും കൊണ്ട് അയ്യായിരം പേരെ ഊട്ടിയത് ഒരേയൊരു ദിവസം മാത്രം.‍
പത്തേപത്തു പത്തിരിയും ഇരുപത് ഗ്ലാസ്‌ കട്ടന്‍ചായയും കൊണ്ടാണ് ഞങ്ങളുടെ അവറൂക്ക പത്ത് കൊല്ലം കച്ചവടം നടത്തിയത്. ഇതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് ദാരിദ്ര്യം, തൊഴിലില്ലായ്മ, ലാഭേച്ച, തുടങ്ങിയ ഇനങ്ങള്‍ ഒന്നുമല്ലെന്നതാണ് സത്യം. എന്നിട്ടും പത്തിരി പതിനൊന്നിലും ചായ ഇരുപത്തിരണ്ടിലും എത്തുവാന്‍ പത്ത് വര്‍ഷങ്ങള്‍ മറിയേണ്ടിവന്നു .
ആവശ്യക്കാരുടെ അഭാവം കൊണ്ടല്ല. മൂന്നു രൂപയ്ക്ക് ഒരിഞ്ച് കനമുള്ള തേങ്ങാപ്പാലില്‍ കുളിച്ചു ഫ്രെഷായ കൈപ്പത്തിരിയും ഒരു ഗ്ലാസ്‌ കട്ടനും ഞങ്ങള്‍ കീഴോട്ടൂരുകാരുടെ വായില്‍ അഴിയോട്ടുന്ന സ്വപ്നമാണ്. കീഴോട്ടൂരിലെ മഹാജനം നിരവധി തവണ പരിശ്രമിക്കുകയും പരാജയത്തിന്റെ കയ്പ്പുനീര്‍ നുണഞ്ഞിറക്കുകയും ചെയ്തതാണ്.
കീഴോട്ടൂരിലെ പത്ത് ദിവ്യന്മാരുടെ സദസ്സിലേക്ക് ചെന്നുകയറാന്‍  ഭാഗ്യം കിടച്ചത് പാലക്കാട്ടുകാരന്‍ ശങ്കരന്‍ മാഷ്ക്കാണ്. കീഴോട്ടൂക്കാരില്‍ അസൂയയുടെ ചൊറിച്ചില്‍ ഉണ്ടാക്കിയ    
ആ സംഭവം ദിവ്യന്മാരാണ് നാടാകെ നടന്നു വിളമ്പിയത്. 
ഒരു പ്രഭാതത്തിലാണ് ആ ചരിത്ര നാടകം അരങ്ങേറിയത്. കാക്ക ,കോഴി ,തുടങ്ങി അസംഖ്യം പക്ഷികള്‍ മിനക്കെട്ട്‌കീഴോട്ടൂര്‍ക്കാരെ വിളിച്ചുണര്‍ത്തിക്കൊണ്ടിരുന്നു .കീഴോട്ടുരമ്പലത്തില്‍ നിന്ന്യേശുദാസിന്റെ ഭക്തിരസം കിനിയുന്ന ഒച്ചയുയരുന്നു. ദൂരെ പുഴയുടെ അങ്ങേക്കരയില്‍ നിന്ന് ഏതോ യാത്രക്കാരന്റെ ഉച്ചത്തിലുള്ള കൂവല്‍. ഇങ്ങേ തീരത്തുനിന്ന് തോണിക്കാരന്‍ ചോയിയുടെ മറുകൂവല്‍. പുഴയുടെ പൊട്ടിച്ചിരി. പാതവക്കിലെ നാട്ടുമാവിലകളില്‍ മഞ്ഞുതുള്ളികളുടെ മേളം. ഇവ കൂടാതെ ഒരു ഗ്രാമത്തിന്റെ പ്രഭാതത്തിന് മിഴിവ് നല്‍കുന്ന  സകല ശബ്ദാപശബ്ദങ്ങള്‍ക്കും പ്രവേശനത്തിനായി കാതും മനസ്സും തുറന്നിട്ടുകൊണ്ടാണ് ശങ്കരന്‍ മാഷ്‌ നടന്നിരുന്നത്.
ശങ്കരന്മാഷ് കീഴോട്ടൂരിലെത്തിയിട്ട് രണ്ടേ രണ്ട് ദിവസമേ ആയുള്ളൂ. നാട്ടിലാവുമ്പോഴുള്ള പതിവ് തെറ്റിക്കേണ്ട എന്ന് കരുതി നടക്കാനിറങ്ങിയതാണ്. പാതവക്കത്ത് ചെറ്റമറച്ച ചായക്കട കണ്ടപ്പോള്‍ മാഷിന്റെ ഉള്ളിന്റെയുള്ളില്‍ നിന്നൊരു ഇളംചൂടുയര്‍ന്നു . മഫ്ലരും കട്ടിക്കുപ്പായവും ധരിചിട്ടുണ്ടെങ്കിലും പല്ലിന്‍നിരകള്‍ പഞ്ചവാദ്യം മുഴക്കുവാന്‍ തുടങ്ങിയിരുന്നതിനാല്‍ മാഷ്‌ കടക്കകത്തേക്ക് കയറി . പാവം മാഷ്‌.....! അവറൂക്ക എന്ന കടയുടമയെ മാഷിന് അറിയില്ലല്ലോ.
സ്ഥലത്തെ ദിവ്യന്മാരുടെ ഒച്ചകളും ചായക്കലത്തിലെ ഓട്ടുമുക്കാലിന്റെ താളവും ചേര്‍ന്നു മാഷെ
സ്വാഗതം ചെയ്തു. മാഷ്‌ ഒഴിഞ്ഞ ബെഞ്ചിന്‍ തുമ്പിലിരുന്നു 'ചായ ' പറഞ്ഞു .
പത്തിരി പൊള്ളുന്ന ഓടിനു മുന്നില്‍ തപസ്സിലായിരുന്ന അവറൂക്ക 'ഇയ്യാരാണ്ടാ ബലാലേ?'എന്ന മട്ടില്‍ മാഷേയൊന്നു ചുഴിഞ്ഞുനോക്കി. പശിമ കുറഞ്ഞ ഇരുട്ട് ബാക്കിനിന്നിരുന്നതിനാലും കടയില്‍ കത്തുന്ന ചിമ്മിനിവിളക്ക്‌ തീരെ ചെറുതായതിനാലും അവറൂക്കാടെ നോട്ടം മാത്രമേ മാഷ്‌ കണ്ടുള്ളൂ.നോട്ടത്തിനുള്ളിലെ നോട്ടം കാണാതിരുന്നത് കൊണ്ടുതന്നെ മാഷ്‌ 'ഒരു ചായ' എന്ന് വീണ്ടും പറഞ്ഞു. മാഷ്‌ പറഞ്ഞു നിര്‍ത്തിയതും അവറൂക്കയുടെ തപസ്സ് ഇളകിയതും ഒന്നിച്ചാണ് . അയാള്‍ മാഷുടെ മുന്നില്‍ വന്നുനിന്നു. പിന്നെ ഒരു അലര്‍ച്ചയാണ് ഉണ്ടായത്: 'ഇണീക്കെടാ ബലാലേ....' 
മാഷ്‌ അമ്പരന്നു. എന്നാലും എഴുന്നേറ്റില്ല. അപ്പോഴേക്ക് ഒച്ചയടങ്ങിയ ദിവ്യന്മാര്‍ വര്‍ത്തമാനത്തിലേക്ക് ലാണ്ടുചെയ്തു കഴിഞ്ഞിരുന്നു.
'എന്താ മാഷേ?....എന്താ അവറൂക്കാ?...'
പരിചയക്കുറവുമൂലം മാഷിന് പറ്റിയ അക്കിടിയോര്‍ത്തു അവര്‍ തലയില്‍ കൈവെച്ചു.
'ഇബടെന്താ ഓന് ചായകൊടുക്കാന്‍ ഓന്റെ കേട്ട്യോളുണ്ടാ?' അവറൂക്കാ ചോദിച്ചു. 
ആരുമൊന്നും പറഞ്ഞില്ല .
അമ്പരപ്പ് ഇറങ്ങിയപ്പോള്‍ മാഷിന്റെ ചുണ്ടിലൊരുചിരിയൂറി.അപ്പോഴേക്ക്ദിവ്യന്മാരില്‍ ഒരാള്‍ അവറൂക്കയെ
 മാറ്റിനിര്‍ത്തി രഹസ്യം പറഞ്ഞു. രഹസ്യത്തിന്റെ പരസ്യമായ ഒരുതുണ്ട് മാഷും കേട്ടു. 
'പാലക്കാട്ടുന്നു നമ്മടെ കുട്ട്യോളെ പഠിപ്പിക്കാന്‍ കെട്ടിക്കുത്തി വന്നതല്ലേ. ഇങ്ങളൊന്നു സബൂറാക്കീന്ന്. മാഷ്ക്ക് അറിയാത്തോണ്ട്  കേറിയതല്ലേ....!'
അതിനു മറുപടി കേട്ടില്ല. അവറൂക്ക അടുപ്പത്തേക്കു മടങ്ങുകയും ചെയ്തു. 
'മാഷേ ഒരു മിനുട്ടിരിക്കീം. ചായ ഇപ്പൊ വരും.'
മാഷ്‌ ഇരിപ്പ് തുടര്‍ന്നു. കട്ടന്‍ചായ വന്നു. ചായ കുടിച്ച്  ഒരു അഞ്ചുരൂപാ നോട്ടു കൊടുത്ത് ബാക്കി എത്രയുണ്ടെന്നു നോക്കാതെ വാങ്ങി പോക്കറ്റിലിട്ട് മാഷ്‌ ഇറങ്ങിനടന്നു.
സന്ധ്യക്ക്‌ മുറ്റത്തൊരു ശബ്ദം കേട്ടാണ് മാഷ്‌ പുറത്തിറങ്ങിയത്. മുന്നില്‍ അവറൂക്ക.കൈയില്‍ ആവിയൊടുങ്ങാത്ത കട്ടന്‍ചായ. മാഷ്‌ അറിയാതെ ഗുരുവായൂരപ്പനെ വിളിച്ചുപോയി. അവറൂക്ക മാഷിനെ നോക്കി.മാഷ്‌ അവറൂക്കയെയും. 
'നടാടായിട്ടന്നെ ഇങ്ങള് ആളെ ചിറ്റിക്ക്യാ മാഷേ...?'
കട്ടന്‍ചായ അകത്തൊരു ഗ്ലാസില്‍ ഒഴിച്ചുവെച്ച് ഗ്ലാസും പണവും മാഷ്‌ നീട്ടി.
'അവറ്റോള് പറഞ്ഞതോണ്ട് അന്യ നാട്ട്വാരനല്ലേന്ന് വെച്ച് തരുന്നതാ..നാളെ കാലത്തും വന്നോളീ.' 
അവറൂക്ക ഗ്ലാസുംകൊണ്ട് പടിഞ്ഞാട്ടു നടന്നു.
അതില്‍പ്പിന്നെ എന്നും മാഷ്‌ അവറൂക്കാടെ കടയിലെത്തുന്നു. തേങ്ങാപ്പാലില്‍ മുങ്ങിയ കൈപ്പത്തിരിയും കട്ടന്‍ചായയും അകത്താക്കുന്നു. അതും തുച്ചം മൂന്നു രൂപക്ക്. അത് കാണുമ്പോള്‍ 'ചൊറി' എന്ന ത്വക് രോഗവും 'കണ്ണുകടി' എന്ന നേത്രരോഗവും ഞങ്ങള്‍ കീഴോട്ടൂരുകാര്‍ക്ക് മനസ്സിലുണ്ടാകുന്നു.      
                                          

  ‍   

2010, ഫെബ്രുവരി 9, ചൊവ്വാഴ്ച

പള്ളി താങ്ങിയവര്‍


വൈലത്തൂക്കാരന്‍ വറീത് വയറ്റിലൊരു ഉപഷാപ്പും മനസ്സില്‍ നിറയെ നിലാവും ചുണ്ടില്‍ പുളിച്ച തെറിയുമായി തെരുവിലൂടെ തെക്കോട്ട് തെന്നിത്തെന്നി നീങ്ങുകയായിരുന്നു. പള്ളിക്ക് മുന്നിലെത്തിയപ്പോഴാണ് വിശുദ്ധന്റെ ഓര്‍മ്മ വയറ്റിലുള്ളവനെ അടിച്ചമര്‍ത്തിയത്. വറീത്
തെരുവില്‍ മുട്ടുകുത്തി . 'കൊച്ചുമേരിക്ക് നല്ലതു വരുത്തണേ' എന്ന് പ്രാര്‍ഥിച്ചു ,വിസ്തരിച്ചൊരു കുരിശും വരച്ചു എഴുന്നേറ്റു.
ഡാ... വറീതേ...
    നടക്കാന്‍ തുടങ്ങിയ വറീത് നിന്നു. അയാളുടെ കണ്ണുകള്‍ ഭയത്തോടെ സെമിത്തേരിയിലേക്ക് പാഞ്ഞു. കുടുംബത്തുനിന്നു ചത്ത്‌ മണ്ണടിഞ്ഞവരുടെയൊക്കെ രൂപം ഒരു നിമിഷം വറീതിന്റെ മനസ്സില്‍ നിറഞ്ഞു. നിലാവ് നിറഞ്ഞ പള്ളിമുറ്റത്താരോ നില്‍ക്കുന്നത് വറീത് കണ്ടു .
'ഏതു പണ്ടാരക്കാലനാടാ ഈ പാതിരാത്രിക്ക്?.....ഓ ....വറീതിനോട് പ്രേമം തോന്നാന്‍ കണ്ട നേരം! ' വറീത് മുണ്ടു മടക്കിക്കുത്തിക്കൊണ്ട്  ഒച്ചയിട്ടു.
ഞാനാടാ ശവീ....
'ഞാനെന്നു വെച്ചാല്‍ പുണ്യാളനാണോ, അതോ ചത്തുപോയ എന്റപ്പനോ?'
'അപ്പേട്ടനാടാ വറീതേ '
വറീത്‌ പള്ളിമതിലില്‍ ചാരി നിശ്വസിച്ചു. 
'അപ്പേട്ടന്‍ പാതിരാകുര്‍ബാന കൊള്ളാന്‍ വന്നതാവും?'
'അല്ലെടാ ശവീ, നീയിങ്ങട്ട് വാടാ'
'അപ്പേട്ടാ ഞാന്‍ പോവ്വാ എന്റെ പെണ്ണൊരുത്തി കാത്തിരിക്കും.'
'പെണ്‍കോന്തനാവാതെടാ ശവീ, നീയിങ്ങട്ടു വാടാ...'
വറീത്‌ പള്ളിപ്പറമ്പിലേക്ക് കയറി .
'വറീതേ എനിക്കൊരു സംശം.'
'എന്നതാ അപ്പേട്ടാ?'
'നമ്മുടെ പള്ളി ചായുന്നുണ്ടോടാ വറീതേ?' 
'ഹെന്റെ കര്‍ത്താവേ...'
വറീത്‌ നെഞ്ഞത്തടിച്ച് പിറകോട്ട് മാറി, പള്ളിയെ ആകെയൊന്നു നോക്കി. പള്ളിയുടെ നീളന്‍ നിഴല്‍ വറീതിന്റെ കണ്ണില്‍പ്പെട്ടു.
'ഇച്ചിരി വടക്കോട്ടാണോ അപ്പേട്ടാ?' 
'അതേടാ വറീതേ'
അപ്പേട്ടന്‍ കരയാന്‍ തുടങ്ങിയപ്പോള്‍ വറീതിനും സങ്കടം വന്നു.
'ഷാപ്പീന്നെറങ്ങീതാ വറീതേ.ഇവിടെത്തിയപ്പോ ഒന്നു പ്രാര്‍ഥിക്കണന്ന്‍ തോന്നി. അപ്പളാണ്......'
'അപ്പേട്ടാ..നല്ല തെങ്ങിന്‍കഴ കിട്ടിയാല്‍ പള്ളിക്കൊരു താങ്ങങ്ങട് കൊടുക്കാം.'
'കഴ  കിട്ടണ്ടെടാ ശവീ?'
'ഞാനെടുത്തോണ്ട് വരാന്നേ.'
വറീത്‌ നടത്തം തുടങ്ങി.
'നീ വരണേ മുമ്പ് പള്ളി വീണാലോടാ'
'വീഴട്ടെ, അപ്പേട്ടാ നമ്മക്ക് പുത്യ പള്ളി കേറ്റണം.' 
'അയ്യോടാ വറീതേ ഈ ഞായറാഴ്ച ഞാന്‍ കുമ്പസാരിക്കാനിരുന്നതാടാ.'
'അപ്പേട്ടന്‍ കുമ്പസാരിച്ചോ.' 
'പള്ളിയില്ലാതെങ്ങനാടാ കുമ്പസാരം?'
'പിന്നെ എന്നതാ വഴി?'
'എടാ വറീതേ...' 
'എന്നതാ അപ്പേട്ടാ?' 
'നീയും ഞാനും സത്യകൃസ്ത്യാനികള്...സത്യകൃസ്ത്യാനീടെ കൈയിനെക്കാള്‍ വല്ല്യൊരു കഴയുണ്ടോടാ'
'ഇല്ലേയില്ല .'
'എന്നാ താങ്ങ് വറീതേ.' 
'ഇന്നാ പിടി അപ്പേട്ടാ ...'
'നില്ലെടാ.....ഇന്നാ ഒരു കവിള്‍' 
കുപ്പി അരയില്‍ തന്നെ തിരുകി രണ്ട് വൈലത്തൂക്കാരും കൂടി വിയര്‍ത്തൊലിച്ച്,നിലാവ് മായുംവരെ പള്ളിക്ക് താങ്ങായി നിന്നു .
പള്ളിയുടെ നിഴല്‍ മാഞ്ഞപ്പോള്‍ അപ്പേട്ടന്‍ പറഞ്ഞു:
'ടാ ശവീ, സത്യകൃസ്ത്യാനീടെ കൈ വീണാല്‍ പള്ളിയല്ല അവന്റപ്പന്‍ വരെ നേരെ നില്‍ക്കും.'
'ശര്യാ...അപ്പേട്ടാ...നൂറു വട്ടം ശരി '
 'ഇന്നാ ഒരു കവിള്‍.'            ‍                     ‍