2011, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

ഓലപ്പീപ്പികളും ബാല്യത്തിന്റെ ബാബേലുകളും

ഇതെന്താണെന്നു  അറിയാമോ?  പഴയൊരു  കളിക്കോപ്പാണ് . പേര് എനിക്കറിയില്ല.   കുട്ടിക്കാലത്തെ     ആകര്‍ഷിക്കുന്ന     രീതിയില്‍ ശബ്ദമുണ്ടാക്കിയിരുന്ന ഒരു കക്ഷിയാണ്. മറന്നു പോയിരുന്നുകക്ഷിയെ.  Cibi Sherif ന്റെ   face book    പേജില്‍   ഈ  ചിത്രം കണ്ടപ്പോഴാണ്  ഓര്‍മ്മ  വന്നത്.  എത്ര  ലളിതവും  മനോഹരവും. ആര്‍ക്കും  നിര്‍മ്മിക്കാം.  അഞ്ചു  പൈസ  ചിലവില്ല.   മടുത്താല്‍ കളയാം. അതങ്ങ് മണ്ണില്‍ ലയിച്ചു തീരും. കുട്ടിക്കാലത്തിന്  നിറംനല്‍കിയിരുന്ന എത്രയെത്ര കളിപ്പാട്ടങ്ങള്‍   ഒട്ടുമുക്കാലും സ്വയംനിര്‍മ്മിതം.  അസംസ്കൃത  വസ്തുക്കള്‍   ചുറ്റുവട്ടത്ത്   അങ്ങുമിങ്ങും ചുമ്മാ കിടപ്പുണ്ടായിരിക്കും. കളിക്കോപ്പ്  നിര്‍മ്മാണത്തിനു   ഏറ്റവും  കൂടുതലായി  ആശ്രയിച്ചിരുന്നത് തെങ്ങിനെയായിരുന്നു  മച്ചിങ്ങയും ഈര്‍ക്കിലും കൊണ്ടുള്ള ഈ സാധനം പോലെ എത്രയോ എണ്ണം .
   കളിക്കോപ്പ് നിര്‍മ്മാണത്തിന്   ഏറ്റവും    കൂടുതല്‍    ഉപയോഗിച്ചിരുന്നത്     തെങ്ങോലയായിരുന്നു. ഓലയില്‍   നിന്ന്  ഒട്ടേറെ  കളിക്കോപ്പുകള്‍   ഉണ്ടാക്കിയിരുന്നു.   ഏറ്റവും   ലളിതമായ   ചിലത് ഓലപ്പീപ്പിയും ഓലപ്പാമ്പും വാച്ചും കണ്ണടയും  പമ്പരവുമൊക്കെയാണ്. ഓലപ്പന്തും  കിളിയും    പോലെ നിര്‍മ്മാണത്തിനു   ഇത്തിരി   കരകൌശലം   ആവശ്യമുള്ള   ഇനങ്ങളും   കൂട്ടത്തില്‍   ഉണ്ടായിരുന്നു. അത്തരം  ഇനങ്ങള്‍ക്ക്  ഒരു  ഗുരു  നിര്‍ബന്ധമായും  വേണമായിരുന്നു.  മച്ചിങ്ങയില്‍  നീളമുള്ള ഒരു ഈര്‍ക്കില്‍ കുത്തിയാണ്  'വാണം' ഉണ്ടാക്കിയിരുന്നത്. തെങ്ങിന്‍ മടല്‍ ചെത്തി കാളകളെ ഉണ്ടാക്കി കഴുത്തില്‍ കയര്‍ കുരുക്കി  വലിച്ചു നടക്കുന്നതും അക്കാലത്ത് ഒരു കളിയായിരുന്നു.
 തെങ്ങിന്‍ മടല്‍ കൊണ്ടുള്ള ഉപയോഗം അവിടെ അവസാനിക്കുന്നില്ല. ഇന്ന് ക്രിക്കറ്റ് കളി തുടങ്ങുന്നവര്‍  മടല്‍ ചെത്തി ബാറ്റുണ്ടാക്കുന്നത് നാം കാണാറുള്ളതാണ്‌. ആ  രീതിയില്‍  കത്തിയും വാളും തോക്കും തുടങ്ങി   ഒട്ടേറെ ഉപകരണങ്ങളുടെ അനുകരണങ്ങള്‍ക്കായി മടല്‍ ഉപയോഗിച്ചിരുന്നു. ഉണ്ണിപ്പുരയെന്നു  വിളിച്ചിരുന്ന മൂന്നും നാലും നിലകളുള്ള  കൂറ്റന്‍ നിര്‍മ്മിതികളും മടലുകള്‍ അടുക്കിവെച്ചാണ് ഉണ്ടാക്കിയിരുന്നത്.
ബാല്യത്തിന്റെ    ബാബേല്‍ ഗോപുരങ്ങളായിരുന്നു   അവ. പുരാതന   ബാബിലോണിലെ   ജനതയെപ്പോലെ    തന്നെ സ്വന്തം പരിമിതികളെ മറികടക്കാനുള്ള ശ്രമങ്ങളായിരുന്നു ഓരോ ഉണ്ണിപ്പുര നിര്‍മ്മാണവും.    ഉണ്ണിപ്പു രകളുടെ നിര്‍മ്മാണങ്ങള്‍ക്ക് പിന്നിലെ നിഷ്കളങ്കതയും  അധ്വാനവും  സഹനവുമൊക്കെ ഇന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. മടലുകള്‍ പോറിയുണ്ടാവുന്ന മുറിവുകള്‍ക്ക്‌ പോലും അതില്‍നിന്നു പിന്തിരിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
       ഇന്നിപ്പോള്‍ കളികളുടെ ലോകം മാറിയിരിക്കുന്നു.    കളിക്കോപ്പുകള്‍   നിര്‍മ്മിക്കുന്ന   മള്‍ടി നാഷണല്‍ കമ്പനികള്‍ അരങ്ങു വാഴുന്നു. ഏറ്റവും ചുരുങ്ങിയത് ചൈനയില്‍ നിന്നെങ്കിലും കളിക്കോപ്പുകള്‍  എത്തിയാലേ ഇന്ന് കളി നടക്കൂ. സയന്‍സും  ടെക്നോളജിയും ചേര്‍ന്ന് ഇന്നത്തെ ബാല്യങ്ങള്‍ക്ക്‌ നല്‍കുന്ന കളിപ്പാട്ടങ്ങളുടെ അത്ഭുത പ്രപഞ്ചം കാണുമ്പോള്‍ പട്ടങ്ങളും  ഓലപ്പീപ്പികളുമൊക്കെ അരങ്ങുവാണ  ബാല്യം തീരെ നിറം  മങ്ങിയതു പോലെ.
         എന്നാല്‍ ആ പഴയ കളിക്കോപ്പുകളെ   ഓര്‍ക്കുമ്പോള്‍  അവയുടെ  ഉല്പത്തിയും  വ്യാപനവും അത്ഭുതമായി അവശേഷിക്കുന്നു.  ഭാഷയുടെ ഉത്ഭാവത്തിലെന്ന    പോലെ    ഒരു   രഹസ്യാത്മകത        ഈ കളിക്കോപ്പുകളുടെ കാര്യത്തിലും നിലനില്‍ക്കുന്നുണ്ടെന്ന്  തോന്നുന്നു. ഭാഷയിലെ ഓരോ പദത്തിന്റെയും ഉത്ഭവം എങ്ങനെയെന്നു ചോദിച്ചാല്‍  ആരാണ് ആ പദങ്ങള്‍ സൃഷ്ടിച്ചത്  എന്നൊക്കെ ചോദിയ്ക്കാന്‍ തുടങ്ങിയാല്‍ ഉണ്ടാവുന്നതുപോലെ ഒരവസ്ഥ ഈ കളിക്കോപ്പുകളുടെ കാര്യത്തിലും നിലനില്‍ക്കുന്നു. അതിനേക്കാള്‍ അത്ഭുതകരമാണ്  അവയുടെ വ്യാപനം. ഒരു ജനതയുടെ ജീവിതത്തില്‍ നിന്ന്  ഭാഷ പോലെ സ്വയമുരുവായി വ്യാപിച്ചവയായിരുന്നു അവയെല്ലാം. ഈ കളിപ്പാട്ടങ്ങളുടെ നിര്‍മ്മാണം ജീവിതത്തിനു നല്‍കിയ നല്ല ചില പരിശീലനങ്ങളെ കുറിച്ചു കൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ചെറു കുഞ്ഞുങ്ങള്‍ എന്ന നിലയില്‍ തലച്ചോറിനും കൈവിരലുകള്‍ക്കും ഏകാഗ്രതയും സൂക്ഷ്മതയും  നല്‍കുന്ന  കരകൌശലങ്ങളായിരുന്നു   ആ കളിപ്പാട്ടങ്ങളില്‍  ഏറെയും.  ഇപ്പോള്‍ എന്റെ മുന്നില്‍ പഴയ പത്ത് വയസ്സുകാരനുണ്ട്; മതിയായ ടൂള്‍സ് ഇല്ലാതെ  ഉള്ളു തൂര്‍ന്ന  കരിങ്കാലി മുളയുടെ കമ്പുകളില്‍ തുളയിട്ടു പൊട്ടത്തോക്ക് ഉണ്ടാക്കുവാന്‍ കിണഞ്ഞു ശ്രമിക്കുന്ന......അവന്റെ കൈപ്പടങ്ങളിലേക്ക് നോക്കൂ. ചുവന്നു പൊട്ടിയിരിക്കുന്നു. പക്ഷെ ആ മുഖത്തെ നിശ്ചയ ദാർഡ്യം കാണുന്നില്ലേ?...  ദാ....മേഘങ്ങളെ തൊടാനായുന്ന ആ കടലാസുപട്ടം കാണുന്നില്ലേ....ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാൽ നിങ്ങൾക്ക് അത് പറത്തുന്ന കുട്ടിയുടെ കുഞ്ഞുമനസ്സും പട്ടത്തോടൊപ്പം അന്തരീക്ഷത്തിൽ നൃത്തം ചെയ്യുന്നതു കാണാം. കാരണം അത്യുന്നതങ്ങളിൽ ഒരു പൊട്ടുപോലെ പാറിക്കളിക്കുന്നത് അവന്റെ ഒരു നിർമ്മിതിയാണ്.             

                  

2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

ബിടൽ എന്ന തെരുവുഗായകൻ



 'ണോക്ക് ണോക്ക് ഇന്നിരാഗാന്ധിയെ ണോക്ക്………..ണോക്ക് ണോക്ക് താജ്മഹൽ ണോക്ക്……….കുട ചൂടിപ്പോകുന്ന ജപ്പാൻകാരി പെണ്ണിനെ ണോക്ക്………..'
ബൈനക്കുലർ പോലെയൊരു ഉപകരണമുണ്ടായിരുന്നു അയാളുടെ കൈയിൽ. അതൊരു   സ്റ്റാണ്ടിൽ ഉറപ്പിച്ചു നിർത്തിയിരിക്കയാണ്. അതിനുള്ളിലാണ് ഇന്ദിരാഗാന്ധിയും താജ്മഹലുമൊക്കെ. പത്തുപൈസ കൊടുത്താൽ കുടചൂടിപ്പോകുന്ന ജപ്പാൻകാരിപ്പെണ്ണിനെ വരെ കാണിച്ചുതരും.
ഇനിയുമുണ്ട്…….ആനമയിൽഒട്ടകം, ഒന്നു വെച്ചാൽ രണ്ട് രണ്ടു വെച്ചാൽ നല്…….എന്ന് ഒച്ചവെക്കുന്ന കട്ടകളിക്കാർ…….

     കുട്ടിക്കാലത്ത് നായരങ്ങാടിയുടെ     സായാഹ്നങ്ങളിൽ ഇങ്ങനെ ഒട്ടേറെ നേരമ്പോക്കുകൾ ഉണ്ടായിരുന്നു. തെരുവുസർക്കസുകാർ, സൈക്കിളിലും മോട്ടോർസൈക്കിളിലും അഭ്യാസങ്ങൾ നടത്തുന്നവർ, ജയനും നസീറും ജയഭാരതിയും സീമയും നിറഞ്ഞുനിൽക്കുന്ന കലണ്ടറുകൾ വിൽക്കുന്നവർ.   ജാക്പോട്ടുകൾ വിൽക്കാനെത്തുന്നവർ, പലതരം ഒറ്റമൂലികളും സിദ്ധൗഷധങ്ങളുമായി എത്തിയവർ, തട്ടുമിഠായിക്കാർ……..ഇക്കൂട്ടരിൽ രണ്ടോ മൂന്നോ ടീം ചന്തയിൽ ഉണ്ടാവുമെന്ന് ഉറപ്പ്. ആളുകളെ ആകർഷിക്കാൻ ഇവരെല്ലാം ശ്രമിക്കുന്നതിനാൽ  വൈകുന്നേരങ്ങളിൽ  അങ്ങാടി ശബ്ദങ്ങൾ കൊണ്ട് നിറഞ്ഞിരിക്കും. ഇതിലേതെങ്കിലും ഒന്നിൽ ശ്രദ്ധിച്ചു നിൽക്കുമ്പോഴായിരിക്കും അപ്പുറത്തുനിന്ന് ഇത്തിരി സംഗീതമുയരുന്നത്.

     അങ്ങാടിയുടെ സംഗീതജ്ഞർ രണ്ടുപേരായിരുന്നു.  ആദ്യത്തെയാൾ അന്ധനായ ഒരു യുവാവായിരുന്നു. ചന്ദ്രൻ എന്നായിരുന്നു അയാളുടെ പേരെന്നാണ് ഓർമ്മ.  ഗുരുവാർ ടൗണിനടുത്ത് എവിടെയോ ആയിരുന്നു അയാളുടെ വീട്.   അയാൾ നന്നായി പുല്ലാങ്കുഴൽ വായീക്കുമായിരുന്നു. നാടുനീളെ നടന്ന് പുല്ലാങ്കുഴൽ വായിച്ചാണ്  ജീവിച്ചിരുന്നത്. രണ്ടാമന്റെ പേരറിയില്ല. അയാൾ 'ബിടൽ' എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. അയാളുടെ സംഗീതത്തിന്റെ പേരും  ബിടൽ എന്നായിരുന്നു. മലപ്പുറം ജില്ലക്കാരനായിരുന്നു എന്നൊരു ധാരണ എങ്ങനെയോ എന്റെ മനസ്സിൽ കയറിയിരിപ്പുണ്ട്.
 ഇവരിൽ ചന്ദ്രൻ  ഒറ്റനോട്ടത്തിലേ   ദു:ഖത്തിന്റെ  പൂമരമായിരുന്നു. ഒരു ശിലാരൂപം പോലെ അങ്ങാടിയുടെ ഏതെങ്കിലും ഒരു മൂലയിൽ ഇരുന്ന് അയാൾ പുല്ലാങ്കുഴൽ വായിച്ചു. അയാളുടെ  കണ്ണുകൾ ആരോടും ഒന്നും കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടായിരുന്നില്ല. അയാൾ ആ മുളന്തണ്ടിന്റെ നാദം കൊണ്ട് ലോകത്തോട് സംസാരിച്ചുവന്നു. മിക്കവാറും ശോകവും ഭക്തിയുമായിരുന്നു ആ കുഴൽനാദങ്ങളുടെ ഭാവം.
 ബിടലിന്റെ കാര്യം നേരെ മറിച്ചായിരുന്നു. അയാൾ എപ്പോഴും സന്തുഷ്ടനായിരുന്നു. എന്നുമാത്രമല്ല  നർമ്മം വിതറി  മറ്റുള്ളവരെ സന്തുഷ്ടരാക്കുവാനും അയാൾക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അങ്ങാടിയിൽ അയാൾക്ക് ചുറ്റും എപ്പോഴും ആളുകളുണ്ടായിരുന്നു.

        ഈ ഇടവേളകളിൽ അയാൾ ആളുകളോട് സരസസംഭാഷണങ്ങളിൽ  ഏർപ്പെട്ടു.  കോരികയുടെ ആകൃതിയിലുള്ള മരത്തടിയിൽ തീർത്ത  ചെറിയ ഒരു ഉപകരണമായിരുന്നു അയാളുടെ കൈയിൽ പാട്ടുകൾക്ക്  സംഗീതം നല്കാൻ  ഉണ്ടായിരുന്നത്. എപ്പോഴും ഇരട്ടയായി ജനിക്കുന്ന ഒന്ന്. 'ചപ്ലാംകട്ട' എന്നായിരുന്നു  അതിനെ വിളിച്ചിരുന്നത്. പഴയ തെരുവുഗായകരുടെ കൈയിലെല്ലാം ഉണ്ടായിരുന്നു അത്.

 മറ്റു തെരുവുഗായകരിൽ നിന്ന് അയാളെ വ്യത്യസ്ഥനാക്കുന്ന ഒന്നുണ്ടായിരുന്നു. മറ്റു ഗായകരെപ്പോലെ  ബിടൽസ് ആളുകളുടെ കാരുണ്യത്തിനു കൈ നീട്ടിയിരുന്നില്ല. അയാൾ തന്റെ പാട്ടുകൾക്ക് വില നിശ്ചയിച്ചു. പണം കൈയിൽ കിട്ടിയതിനു ശേഷം മാത്രം അയാൾ പാടി. അതുകൊണ്ടു തന്നെ അയാളുടെ പാട്ടുകൾക്കിടയിലെ ഇടവേളകൾ പലപ്പോഴും ദീർഘങ്ങളായിരുന്നു. അന്ന് അമ്പത് പൈസയായിരുന്നു ഒരു ബിടലിന്റെ വില. സ്പെഷ്യൽ ബിടലിന് എഴുപത്തിയഞ്ചു പൈസയും.

ഇനിയുമുണ്ട് ബിടലിന്റെ സവിശേഷതകൾ. അയാൾ പാടിയിരുന്ന പാട്ടുകൾ സിനിമാ പാട്ടുകളായിരുന്നില്ല. മാപ്പിളപ്പാട്ടുകളായിരുന്നോ? ആയിരുന്നുവെന്ന് വേണമെങ്കിൽ പറയാം. മലബാറിലെ നാടൻ പദങ്ങൾ ആ പാട്ടുകളിൽ ധാരാളമായുണ്ടായിരുന്നു. പക്ഷെ ബിടലിന്റെ ശബ്ദത്തിലല്ലാതെ ആ പാട്ടുകളൊന്നും അതിനു മുമ്പോ പിമ്പോ കേട്ടതായി ഞാനോർക്കുന്നില്ല. ഒരു പക്ഷെ ആ പാട്ടുകളൊക്കെയും അയാൾ തന്നെ എഴുതിയതായിരിക്കണം.

അടിയന്തിരാവസ്ഥക്കാലത്തെ ബിടൽ

 അടിയന്തിരാവസ്ഥയായിരുന്നു. ഇന്ത്യയിൽ പൗരാവകാശങ്ങളുടെ മരണമണി മുഴങ്ങിയ നാളുകളായിരുന്നുവെന്ന് ചരിത്രം പറയുന്നു. അതേക്കുറിച്ച് കാര്യമായ ഓർമ്മകളൊന്നുമില്ല. മതിലായ മതിലിലെല്ലാം 'നാവടക്കൂ പണിയെടുക്കൂ' എന്ന ഭരണകൂടത്തിന്റെ ഗർജ്ജനം കണ്ടിരുന്നതായി ഓർക്കുന്നു. കടകളിൽ 'വിലനിലവാരപ്പട്ടിക' എന്ന ഒരു സാധനം കൃത്യമായി അപ്ഡേറ്റു ചെയ്തു തൂക്കേണ്ടതുണ്ടായിരുന്നു. നമ്മളിന്ന് റേഷൻകടകളിൽ കാണുന്ന പോലുള്ള ഒന്ന്. കടക്കാർ ഇക്കാര്യത്തിൽ ഇത്തിരി ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. പട്ടികയിലെ കണക്കും കടയിലെ സ്റ്റോക്കും തമ്മിലും പട്ടികയിലെ വിലയും മാർക്കറ്റുവിലയും തമ്മിലും വ്യത്യാസമുണ്ടെന്നു ആരോപിച്ച് കച്ചവടക്കാരെ
പീഡിപ്പിക്കുവാൻ ഉദ്യോഗസ്ഥന്മാർക്ക്  സൗകര്യമൊരുക്കിയിരുന്നുവത്രേ ഈ നിയമം
.    
    ഈ നിയമം മുറുകിനടക്കുന്ന സമയത്ത് ഒരിക്കൽ ബിടൽസ്  അങ്ങാടിയിൽ വന്നു. നെഞ്ചിൽ  A4 സൈസിൽ  ഒരു വിലനിലവാരപ്പട്ടിക പ്രദർശിപ്പിച്ചാണ് അയാൾ വന്നത്.
'ഇതെന്താ ബിടലേ?'  പലരും ചോദിച്ചു   
'അറിയില്ലേ ,സർക്കാർ നിയമമാണ് ചങ്ങായീ. പറഞ്ഞാൽ നമ്മൾ അനുസരിക്കാണ്ടെ പറ്റോ!' ചോദിച്ചവരോടെല്ലാം അയാൾ ചിരിച്ചുകൊണ്ട് ഒരേ മറുപടി പറഞ്ഞു.
കടകളിലെ പട്ടികയുടെ രൂപത്തിൽ തന്നെയായിരുന്നു അയാളുടെ നെഞ്ചിലെ പട്ടികയും. അതിനകത്ത് ബിടൽ ഒന്നിന് 50 പൈസയാണെന്നും സ്പെഷൽ ബിടലിന് 75 പൈസയാണെന്നും മൂന്നു ബിടൽ ഒന്നിച്ചെടുത്താൽ  ഒന്നേക്കാൽ രൂപയാണെന്നും മൂന്ന് സ്പെഷൽ ബിടലുകൾ ഒന്നിച്ചെടുത്താൽ ഒന്നേമുക്കാൽ രൂപയാണെന്നും പട്ടിക രൂപത്തിൽ തന്നെ രേഖപ്പെടുത്തിയിരുന്നു. സ്റ്റോക്കിന്റെ സ്ഥാനത്ത് ചേർത്തിരുന്നത് അറിയാവുന്ന പാട്ടുകളുടെ എണ്ണമായിരുന്നോ എന്തോ.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ബിടലിനെ പോലീസ് പിടിച്ചു. തെരുവിൽ പാടിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അത്.
'എന്താടാ ഇത്?'
'വിലനിലവാരപ്പട്ടിക'
'ഇതെന്തിനാടാ നെഞ്ചിൽ തൂക്കിയിരിക്കുന്നത്?'
'സർക്കാർ നെയമമല്ലേ സാറേ'
'കടയിൽ തൂക്കേണ്ടത് നെഞ്ചിൽ തൂക്കിയതെന്തിനെന്നു പറ'
'എനിക്കെവിടെ സാറേ കട! എന്നാൽ ഇത്തിരി ബിസിനസ് ഉണ്ടുതാനും'
'എന്താ നിന്റെ ബിസിനസ്?'
'ബിടൽസ്'
'ബിടൽസോ?'
നെഞ്ചിലെ വിലനിലവാരപ്പട്ടിക പരിശോധിച്ച സാറമ്മാർ ബിടലിനെ ജീപ്പിൽ
കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി രണ്ടു 'ബിടൽസ്'അടിക്കുവാൻ കല്പിച്ചു. ബിടൽ പണം ചോദിച്ചു. മുൻകൂർ പണം കൊടുത്താലേ പാടൂവെന്നു പറഞ്ഞു.
പോലീസുകാർ പണം കൊടുത്ത് നാലു ബിടൽസ് കേട്ടു. ശേഷം ബിടലിന്റെ നെഞ്ചിൽനിന്ന് ആപട്ടിക ഊരിയെടുത്ത ശേഷം ഒരു താക്കീതും നൽകി വിട്ടയച്ചു.

 













                                 




  

2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

ലീലേച്ചിയുടെ ഓലക്കുണ്ടകൾ




കുറച്ചു മാസങ്ങൾക്കുമുമ്പ് ഊട്ടിയിൽ പോയപ്പോൾ ആ നഗരം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു. നഗരത്തിൽ പോളിത്തീൻ ക്യാരിബാഗുകൾ നിരോധിച്ചതായിരുന്നു സംഭവം. തെരുവോരങ്ങളിൽ തമിഴിലും ഇംഗ്ലീഷിലുമായി ബോർഡുകൾ കണ്ടപ്പോൾ അതത്ര കാര്യമായി തോന്നിയില്ല. നമ്മളെത്ര നിരോധനങ്ങൾ കണ്ടിരിക്കുന്നു! നമ്മുടെ ഗ്രാമപ്പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും ഇതെത്ര തവണ നിരോധിച്ചതാണ്! പക്ഷെ നഗരത്തിൽ ഇറങ്ങിയപ്പോൾ നിരോധനം കളിയല്ലെന്നു മനസ്സിലായി. തണുപ്പിനെ തടയാനുള്ള ജാക്കറ്റുകൾ വാങ്ങിയ കടയിൽനിന്നു പോലും ഒരു ക്യാരിബാഗ് കിട്ടിയില്ല. ഒരു ബ്രൗൺകവറിൽ തിരുകിക്കയറ്റി തരികയാണുണ്ടായത്. കടകളിൽ ന്യൂസ്പേപ്പർ താളുകളാണ് പൊതിയുവാൻ ഉപയോഗിക്കുന്നത്. ചില കടകളിൽ ന്യൂസ്പേപ്പർ മുറിച്ച് ഒട്ടിച്ചുണ്ടാക്കിയ കവറുകൾ ഉപയോഗിക്കുന്നതു കണ്ടു.
   ഊട്ടിയുടെ വർണ്ണശബളിമയെ ഈ ന്യൂസ്പേപ്പർ കവറുകളും താളുകളും കളങ്കപ്പെടുത്തുന്നുവെന്നു തോന്നി. കച്ചവടക്കാരുടെ മുഖത്തും തങ്ങൾ അരുതാത്തതെന്തോ ചെയ്യുന്നുവെന്ന ഭാവമുണ്ടായിരുന്നു; പേപ്പർതാളുകൾ കൊണ്ടുള്ള പൊതിയൽ  ഇത്തിരി ആയാസകരമാണെന്നതിന്റെ അസ്വാസ്ഥ്യവും അവരുടെ ചലനങ്ങളിൽ ഉണ്ടായിരുന്നു.
 തെരുവോരത്ത് ഒരിടത്ത് ഒരു വൃദ്ധ പച്ച മാങ്ങ പിളർത്തി ഉപ്പും മുളകുപൊടിയും തൂവി വിൽക്കുന്നതു കണ്ടു. മാങ്ങ വാങ്ങിയപ്പോൾ പൊതിഞ്ഞുതന്നത് മുഷിഞ്ഞ ന്യൂസ്പേപ്പർ തുണ്ടിൽ. പാതി മനസ്സോടെയാണ് അതു വാങ്ങിയത്. വില്പനക്കാരിയുടെ മുഖത്തും അതു പ്രതിഫലിച്ചു. കഴിക്കുന്നതിനിടയിൽ ഞാൻ വില്പനക്കാരിയെ ശ്രദ്ധിച്ചു. അറുപതിനു മുകളിൽ പ്രായമുണ്ടാവും. ഒരുപക്ഷെ പോളിത്തീൻ ബാഗുകൾ വരുന്നതിനുമുമ്പും അവർ ഇതേ തെരുവോരത്ത് കച്ചവടക്കാരിയായി ഉണ്ടായിരുന്നിരിക്കണം. അന്ന് അവരുടെ യുവത്വം നിറഞ്ഞ കൈകൾ ഉപ്പും മുളകും ചേർത്ത മാങ്ങാചീളുകൾ പൊതിഞ്ഞുകൊടുത്തിരുന്നത് കരിമഷി പടർന്ന ന്യൂസ്പേപ്പർ തുണ്ടുകളിൽ തന്നെയായിരുന്നോ? അല്ലെന്നുതന്നെ എനിക്ക്തോന്നുന്നു. മറ്റെന്തോ ഒന്നുണ്ടായിരുന്നിരിക്കണം. അങ്ങനെ ഒന്ന് ഉണ്ടായിരുന്നുവെങ്കിൽ ആ വൃദ്ധ അതിലേക്ക് തിരിച്ചുപോകുമായിരുന്നില്ലേ?
പലപ്പോഴും അത്തരമൊരു തിരിച്ചുപോക്കിന് കഴിയുകയില്ലെന്നതാണു സത്യം.
  അസാധ്യമായ തിരിച്ചുപോക്കുകളെക്കുറിച്ചുള്ള ചിന്തകൾ എന്നെ കൊണ്ടെത്തിച്ചത് വളരെ പഴയ ചില സായാഹ്നങ്ങളിലേക്കാണ്. ഒന്നു കാതോർത്താൽ ഇപ്പോഴും ആ സായാഹ്നങ്ങളുടെ സൗണ്ട്ട്രാക്ക് പിടിച്ചെടുക്കുവാൻ എനിക്കു കഴിയുന്നുണ്ട്. ആ സൗണ്ട്ട്രാക്കിൽ മുഖ്യമായും മീൻവില്പനക്കാരുടെ വായ്ത്താരികളാണുള്ളത്. തന്റെ മുന്നിലെ പലകയിൽ
കിടക്കുന്ന മീനുകളുടെ ഗുണഗണങ്ങളും വിലയുമൊക്കെ ആ വായ്ത്താരികളിലുണ്ട്; കൂട്ടത്തിൽ ചിലപ്പോൾ അപ്പുറത്തെ പലകയിൽ കിടക്കുന്ന മീനുകളുടെ ദോഷങ്ങളും. പിന്നെ ചില വിലപേശലുകൾ,കച്ചവടത്തിന്റെ ഹരം നിലനിർത്താനായുള്ള ചില ആർപ്പുവിളികൾ………
പടർന്നു പന്തലിച്ച ഒരു നാട്ടുമാവും അഞ്ചാറു ചമ്പത്തെങ്ങുകളും നിൽക്കുന്ന ഇടമായിരുന്നു ചന്ത. ചന്തയുടെ കിഴക്കും തെക്കും അങ്ങാടിയിലെ പഴയ കെട്ടിടങ്ങളായിരുന്നു. ഓടു മേഞ്ഞ ആ കെട്ടിടങ്ങൾ
ചന്തയ്ക്കു മതിലായി. വടക്ക് ചന്തയുടെ തന്നെ ഭാഗമായ രണ്ടുമൂന്ന് ഓലഷെഡ്ഡുകൾ. അവയിലൊന്ന് കുട്ട്യസ്സൻക്കായുടെ ഉണക്കമീൻ കടയാണ്.
കക്ഷിയുടെ പരീക്ഷണശാലയും ഫാക്ടറിയും ഗോഡൗണും വില്പനശാലയുമൊക്കെയാണത്. ഇനിയൊന്ന് ചക്കുണ്ണ്യേട്ടന്റേതാണ്. അതിനകത്ത് സീസൺ അനുസരിച്ച് മാങ്ങ പുളിങ്ങ തുടങ്ങിയ ഇനങ്ങൾ സൂക്ഷിച്ചു വെക്കുകയും കച്ചവടം നടത്തുകയും ചെയ്യുന്നു. പ്ലാവിലയാണ് ചക്കുണ്ണ്യേട്ടൻ സ്ഥിരമായി കച്ചവടം ചെയ്തിരുന്ന വസ്തു. ഇനിയുമൊരു ഷെഡ്ഡ് മീൻ കച്ചവടക്കാരിൽ ചിലരുടെ മേശകളും കത്തികളും ത്രാസുമൊക്കെ സൂക്ഷിക്കുന്ന ഇടമായിരുന്നുവെന്നാണ് ഓർമ്മ.
പടിഞ്ഞാറു ഭാഗത്ത് നീളത്തിൽ ഓടുമേഞ്ഞ ഒരു കെട്ടിമുണ്ടായിരുന്നു. മൂന്നു വശത്തും ഭിത്തിയുണ്ടായിരുന്ന ആ കെട്ടിടത്തിന്റെ കിഴക്കുഭാഗം ചന്തയിലേക്കു തുറന്നുകിടന്നു; ചോരപ്പാടുകൾ നിറഞ്ഞ് ഒരു ബലിക്കല്ലിനെ ഓർമിപ്പിച്ചു കൊണ്ടിരുന്ന ഇറച്ചിക്കട. ഇനിയുമുണ്ട് ചന്തയുടെ വിശേഷങ്ങൾ. ചന്തയുടെ തെക്കേയറ്റത്ത് രണ്ട് ഓലച്ചായ്പ്പുകളിലായി മാങ്ങയും പുളിങ്ങയും വിൽക്കുന്ന കടകൾ വേറെയുമുണ്ടായിരുന്നു. ‘കേപ്പിക്കാ' എന്നായിരുന്നു അതിലൊരാളെ ആളുകൾ വിളിച്ചിരുന്നത്. മറ്റേത് ‘സ്ഥാനാർത്ഥി കുട്ടപ്പ ‘ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വെട്ടിപ്പറ കുട്ടപ്പേട്ടൻ. കേപ്പിക്കായുടെ ഷെഡ്ഡിനും ഇത്തിരി കിഴക്കുമാറിയായിരുന്നു ഖാലിദ്ക്കായുടെ മുടിവെട്ടുകട. കടയെന്നു പറയാൻ ഒന്നുമില്ല.അഞ്ചാറു ഓലയുടെ വീതിയിൽ വെയിലിനെ തടയാനുള്ള ഒരു ഇറക്ക്. ഒരു ബെഞ്ച്.
കൂടുതൽ എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ അത് അങ്ങേരുടെ കത്രികയും ചീർപ്പും കണ്ണാടിയുമൊക്കെയായിരുന്നു.
ഈ ബഹളങ്ങൾക്കിടയിൽ ചന്തയുടെ ഒരു മൂലയിൽ പോക്കുവെയിലിന്റെ കളങ്ങളിലൊന്നിൽ നിശ്ശബ്ദയായിരുന്ന് യന്ത്രം പോലെ  ഓലക്കുണ്ടൾ നെയ്യുന്ന ഒരു സ്ത്രീ; ലീലച്ചേച്ചി. 
  അവർ ചക്കുണ്ണിണ്ണ്യേട്ടന്റെ ഭാര്യയായിരുന്നു. ഉച്ചവരെ നാടിന്റെ ഏതെങ്കിലും ഒരു വളപ്പിൽ അവരുണ്ടാവും; ഏതെങ്കിലും ഒരു മാവിന്റെ ചുവട്ടിലോ പുളിച്ചുവട്ടിലോ പ്ലാവിൻ ചുവട്ടിലോ. കണവൻ  വലത്തോട്ടിയോ അരിവാൾതോട്ടിയോ വെട്ടുകത്തിയോ ആയുധമാക്കി  മരത്തിനു മുകളിലും.        
ഉച്ച കഴിഞ്ഞാൽ പിന്നെ തെങ്ങോല വെട്ടിച്ചീന്തി കുണ്ട മെടയൽ മാത്രമായിരുന്നു ലീലേച്ചിയുടെ പണി. മൗനിയായിരുന്ന് ഒരു അനുഷ്ഠാനത്തിന്റെ സൂക്ഷ്മതയോടെ, എന്നാൽ വിസ്മയിപ്പിക്കുന്ന വേഗതയിലായിരുന്നു അത്. ഒരുപക്ഷെ സാഹചര്യങ്ങളുടെ സമ്മർദ്ദമാവണം അവരുടെ വേഗതയുടെ പിറകിൽ ഉണ്ടായിരുന്നത്; വൈലത്തൂർ കല്ലൂർ ഞമനേങ്ങാട് തൊഴിയൂർ പുന്നയൂർ കുരഞ്ഞിയൂർ അവിയൂർ……ദേശങ്ങളെത്രയാണ് അക്കാലത്ത് സായാഹ്നങ്ങളിൽ നായരങ്ങാടിയിലേക്ക് ഒഴുകിയിരുന്നത്; വന്നിരുന്ന ജനങ്ങളിൽ ഒരു പാതിയെങ്കിലും ലീലേച്ചിയുടെ ഓലക്കുണ്ടകളുടെ ആവശ്യക്കാരായിരുന്നു.
  ക്യാരിബാഗുകളുടെ വരവ് ലീലേച്ചിയെ തോല്പിച്ചു കളഞ്ഞു.  ഓലക്കുണ്ടകൾ ഇല്ലാതായി. പിറകെ ചന്തയുടെ സായാഹ്നങ്ങളിൽനിന്ന് ലീലേച്ചിയും അപ്രത്യക്ഷയായി. ഇപ്പോൾ നാടെങ്ങും പോളിത്തീൻ കവറുകളാണ്. നമ്മുടെ മണ്ണിനും ജലത്തിനും സ്വസ്ഥജീവിതത്തിനും വരുംതലമുറകൾക്കും വരെ അത് ഭീഷണിയായി കഴിഞ്ഞു. വൈകിയെങ്കിലും നമുക്ക് അതു മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. ഇപ്പോൾ നാം നടത്തിക്കൊണ്ടിരിക്കുന്ന നിരോധനനാടകങ്ങൾ അതിന്റെ തെളിവാണ്. ഇനിയൊരു പത്തു പതിനഞ്ചു വർഷമെങ്കിലും വേണ്ടിവരും മലയാളി ഈ മാലിന്യങ്ങളെ ജീവന്മരണ പ്രശ്നമായി കാണുവാൻ. അപ്പോഴേക്ക് കാര്യങ്ങൾ ഒരുപക്ഷെ കൈവിട്ടു പോയിട്ടുണ്ടാവും. ഊട്ടി നിവാസിളെപ്പോലെ നമ്മളും ഒരുനാൾ ഈ പ്രശ്നം ഗൗരവമായി എടുത്തുവെന്നു വന്നേക്കാം. പോളിത്തീൻ ബാഗുകളെ മാറ്റിനിർത്തിയാൽ ഉടലെടുക്കുന്ന പ്രതിസന്ധിയിൽ നാം വല്ലാതെ അസ്വസ്ഥരായെന്നുവരാം. പതിയെ പതിയെ തുണിസഞ്ചികളിലേക്കോ പേപ്പർബാഗുകളിലേക്കോ മാറിപ്പോയി നാം സ്വസ്ഥരായെന്നും വരാം. ഏതായാലും ഓലക്കുണ്ടകളിലേക്കൊരു മടക്കം. അതുണ്ടാവില്ല. അതിന്റെ ആവശ്യവുമില്ല. ഓലക്കുണ്ടകൾക്കും ലീലേച്ചിക്കും പിറകെ ആ ചന്തയും അതിനു സ്വന്തമായിരുന്ന നന്മതിന്മകളും അപ്രത്യക്ഷമായി. പകരം നാടുനീളെ ചന്തകളായി. ജീവിതം ചന്തകൾക്കു സമാനമായി; മാർക്കറ്റുമായുള്ള ക്രയവിക്രയങ്ങളാണ് ജീവിതത്തിന്റെ ഗരിമ നിർണ്ണയിക്കുന്നതെന്നു പോലുമായി. വിറ്റുവരവുകളുടെയും ലാഭനഷ്ടങ്ങളുടെയും ഒരു കണക്കുപുസ്തകം നാം മനസ്സിൽ സൂക്ഷിക്കുന്ന കാലം; രക്തബന്ധങ്ങളെ ഏറ്റവും അടുത്ത സൗഹൃദങ്ങളെ സമീപിക്കുമ്പോൾ പോലും നമ്മുടെയുള്ളിൽ ഒരു കാൽക്കുലേറ്റർ സജീവമാകുവാൻ തുടങ്ങുന്ന കാലം. അങ്ങനെയൊരു കാലത്ത് ഇങ്ങിനി തിരിച്ചെടുക്കുവാൻ സാധ്യമല്ലാത്ത വിധം നഷ്ടപ്പെട്ടുപോയ ലീലേച്ചിക്കും ഓലക്കുണ്ടകൾക്കും എന്തു പ്രസക്തി? ഓർത്തോർത്ത് ഇത്തിരി നൊസ്റ്റാൾജിയ അനുഭവിക്കാമെന്നതോ? അതിൽക്കൂടുതൽ പ്രസക്തി ലീലേച്ചിക്കും ഓലക്കുണ്ടകൾക്കും ഉണ്ടെന്നു തോന്നുന്നു. മലയാളിയുടെ പുതുമയോടുള്ള അന്ധവും അപകടകരവും സംശയരഹിതവുമായ അഭിനിവേശത്തെക്കുറിച്ച് മുന്നറിയിപ്പുനൽകുന്ന പരമ്പരാഗതമായ നഷ്ടജ്ഞാനങ്ങളുടെയും ഉപകരണങ്ങളുടെയും ജീവിതരീതികളുടെയുമൊക്കെ എളിയ പ്രതിനിധികളിൽ ലീലേച്ചിയും അവരുടെ ഓലക്കുണ്ടകളും ഉണ്ടെന്നുതന്നെ എനിക്കു തോന്നുന്നു. 
             
      
        

       




2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

ഫരീദ് ഔലിയായുടെ വിളക്കുകൾ


കുട്ടിക്കാലം നിറയെ  ഇരുട്ടായിരുന്നു.വീട് നിറയെ ഇരുട്ട്. നാടു നിറയെ ഇരുട്ട്.
നാട്ടില്‍ വൈദ്യുതി എത്തിയിരുന്നു. പക്ഷെ അതിന്‍റെ സേവനം  വിരലില്‍ എണ്ണാവുന്ന പ്രമാണിമാരുടെ വീട്ടിലേ ഉണ്ടായിരുന്നുള്ളൂ.
'അന്തോണി മാപ്പിളയുടെ തോമസ്‌ ' എന്നറിയപ്പെട്ടിരുന്ന തോമാസേട്ടനായിരുന്നു ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ ഇലക്ട്രീഷ്യന്‍ അദ്ദേഹത്തെ അക്കാലത്ത് ആളുകള്‍ ആരാധനയോടെയാണ് കണ്ടിരുന്നത്. വൈദ്യുതി കണ്ടെത്തിയ മൈക്കല്‍ ഫാരഡെയ്ക്ക് പോലും തോമസേട്ടന് കിട്ടിയിരുന്നത്ര ബഹുമാനാദരങ്ങള്‍ എന്നെങ്കിലും കിട്ടിയിട്ടുണ്ടാവുമോ എന്നു സംശയമാണ്. തോമസേട്ടനും വൈദ്യുതിയും വിളിപ്പാടകലെ ഉണ്ടായിരുന്നിട്ടും നാടുനിറയെ ഇരുട്ടായിരുന്നു.   
'ഞെക്കുവിളക്ക് ' എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്ന ടോര്‍ച്ച് പോലും എണ്ണത്തില്‍ കുറവായിരുന്ന കാലം.
നാട്ടില്‍ ആരുടെ കൈയിലൊക്കെ ടോര്‍ച്ചുണ്ടെന്നു എല്ലാവര്‍ക്കും അറിയാമായിരുന്നു. ഇരുട്ടില്‍ നീണ്ടുവരുന്ന, നീങ്ങിപ്പോകുന്ന ടോര്‍ച്ചുവെട്ടം കണ്ടാല്‍ അതിന്‍റെ ഉടമയാരെന്ന്‍ പറയാന്‍ കഴിഞ്ഞിരുന്ന കാലം.നായരങ്ങാടിയുടെ അങ്ങേയറ്റത്ത്  കുട്ടാടന്‍ പാടത്തേക്കു നീളുന്ന വലിയ നടവഴിയുടെ ഓരത്ത് പൊന്തിവേലായിയേട്ടന്റെ കുഞ്ഞുചായക്കട. അവിടെ സന്ധ്യ കഴിഞ്ഞാല്‍ ഓലച്ചൂട്ടു വിറ്റിരുന്ന കാലം. വേലായിയേട്ടന്‍ കെട്ടിയ നീളന്‍ചൂട്ടുകള്‍ വീശി ആളുകള്‍ കുട്ടാടന്‍പാടം കടന്ന് പുന്നയൂരിലേക്കും അവിയൂരിലേക്കും ഇടക്കഴിയൂരിലേക്കും അകലാട്ടേക്കുമൊക്കെ പോയിരുന്ന കാലം.
ആ കാലത്ത് നാടുനിറയെ ഇടവഴികളായിരുന്നു.  പെണ്‍കൈകളിലെ രേഖകള്‍ പോലെ തലങ്ങും വിലങ്ങും അവ എട്ടു ദിക്കുകളിലേക്കും നീണ്ടുകിടന്നു. രാജപാതയുടെ ഒരു കൈവഴി സ്വന്തം വീട്ടുമുറ്റത്തേക്ക് എന്ന സങ്കല്‍പത്തിലേക്ക്‌ നാം എത്തിയിട്ടുണ്ടായിരുന്നില്ല. പുല്ലു നിറഞ്ഞ പറമ്പുകളുടെ ഹരിതഭംഗികള്‍ക്ക് മോടി കൂട്ടുവാന്‍ നെയ്തു ചേര്‍ത്ത കസവ്നൂലുകള്‍ പോലെ തലമുറകളുടെ പാദസ്പര്‍ശങ്ങളുടെ ഓര്‍മ്മകളുമായി അവ കിടന്നു. ജീവിതത്തിന്‍റെ കണ്ണീരും പുഞ്ചിരിയും നിസ്സഹായതയും  കാലത്തിന്റെ  അജയ്യതയും കണ്ടുകണ്ടാവണം ഇടവഴികള്‍ ബുദ്ധനോളം നിരാമയികളും  സ്നേഹമയികളുമായത് ;കരുണ നിറഞ്ഞ  പുഞ്ചിരി  അവയുടെ സ്ഥായീഭാവമായിരുന്നു.
സന്ധ്യ കഴിഞ്ഞാല്‍ ഇടവഴികളില്‍ നിറയെ ഇരുട്ട് ചേക്കേറും. പിന്നെ മാളങ്ങളില്‍ നിന്ന്‍ വിഷസര്‍പ്പങ്ങളിറങ്ങുകയായി. നിറഞ്ഞ വിഷ ഗ്രന്ഥികളുമായി അവ മനുഷ്യരുടെ സഞ്ചാരപഥങ്ങളില്‍ ഇഴഞ്ഞു നടന്നു.അതുകൊണ്ടുതന്നെ  സന്ധ്യ കഴിഞ്ഞു പുറത്തിറങ്ങുന്നവരോട് 'കാല്‍ക്കല്‍ നോക്കി നടന്നോ ,വഴീല്‍ വള്ളി ജാതീണ്ടാവും' എന്നു വീട്ടിലുള്ള മുതിര്‍ന്നവര്‍ മറക്കാതെ മുന്നറിയിപ്പ് കൊടുത്തിരുന്നു.  പാമ്പുകളെക്കാള്‍ ഭയപ്പെടേണ്ട ഒരു വിഭാഗം ഉണ്ടായിരുന്നു. പ്രേതം, പിശാച്,യക്ഷി, മറുത,ആനമറുത,രക്ഷസ്സ്, ഒടിയന്‍ ,ഗന്ധര്‍വന്‍ , ജിന്ന് ,ഇഫുരീത്ത്  ,റൂഹാനി ......    ഈ നിരയങ്ങനെ നീണ്ടുപോകുന്നു.
       ഈ ഇരുട്ടിന്റെയും ഭയത്തിന്റെയും നടുവില്‍ കൊളുത്തിവെച്ച ചെറുവിളക്കുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ അവയെ 'ഫരീദ് ഔലിയായുടെ വിളക്കുകള്‍ ' എന്നു വിളിച്ചുവന്നു. ഇടവഴികളുടെ മുക്കൂട്ടകളിലും മാട്ടങ്ങളിലും ഇരുട്ടിനെയും ഭയത്തെയും അകറ്റിക്കൊണ്ട്   അവ അവസാനത്തെ യാത്രക്കാരനെ വരെ കാത്ത് മുനിഞ്ഞുകത്തി കൊണ്ടിരിക്കും. വളരെ ചെറിയ ചില സംവിധാനങ്ങളായിരുന്നു ഈ വിളക്കുകള്‍ക്ക് ഉണ്ടായിരുന്നത്. അഞ്ചടി ഉയരമുള്ള ഒരു മരക്കുറ്റിയില്‍ ആണിയടിച്ചുറപ്പിച്ച ചെറിയ മരത്തട്ടില്‍ കത്തിച്ചുവെച്ച ചെറിയ മണ്ണെണ്ണ വിളക്ക് ;  ഫരീദൌലിയായുടെ വിളക്കുകളുടെ ഏറ്റവും ലളിത രൂപം അതായിരുന്നു. ചില വിളക്കുകള്‍ക്ക് കാറ്റിനെ തടയുന്നതിനുള്ള ചില സംവിധാനങ്ങളുണ്ടായിരുന്നു. തകരടിന്ന് വെട്ടി വളച്ച് കാറ്റിനെതിരെ 
മറയൊരുക്കുകയായിരുന്നു സാധാരണ ചെയ്തിരുന്നത്. ചുരുക്കം ചിലയിടങ്ങളില്‍ നാലുവശവും ചില്ലുമറയുള്ള ഫ്രെയ്മിനകത്തായിരുന്നു വിളക്ക് കത്തിച്ചു വെച്ചിരുന്നത്. വിളക്കുകളുടെ കീഴെ ഒരു കൊച്ചുടിന്ന്  കെട്ടിവെച്ചിരിക്കും. സംഭാവന ഇടുന്നതിനു വേണ്ടിയാണ്.
        വിലക്കുകാലുകള്‍ക്കു കീഴെ മിക്കവാറും മണ്ണ് മെഴുകി ഉറപ്പിച്ചിരിക്കും.കുറച്ചു ചിരട്ടകള്‍ കമഴ്ത്തി വെച്ചിരിക്കും. അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തായിരുന്നുവെന്ന് അറിയില്ല. ഓരോ പ്രദേശത്തെയും കുട്ടികളായിരുന്നു ഫരീദൌലിയായുടെ വിളക്കുകള്‍ സ്ഥാപിച്ചിരുന്നതും അത് പരിപാലിച്ചിരുന്നതും. സംഭാവനയായി വല്ലപ്പോഴും വീണിരുന്ന ചില്ലറത്തുട്ടുകളായിരുന്നു മണ്ണെണ്ണ വാങ്ങുവാന്‍ ചിലവഴിച്ചിരുന്നത്.  ചിലപ്പോള്‍ ടിന്നില്‍  സംഭാവനയൊന്നും കാണില്ല. അപ്പോള്‍ വീടുകളിലെ മുതിര്‍ന്നവരെ ആശ്രയിക്കുകയാണ് പതിവ്. ഒട്ടും നീരസം കൂടാതെയാണ് മുതിര്‍ന്നവര്‍ മണ്ണെണ്ണയോ പണമോ തന്നിരുന്നത്.
       ഞങ്ങളുടെ നാട്ടിലുണ്ടായിരുന്ന ഫരീദൌലിയായുടെ വിളക്കുകളില്‍ ഏറ്റവും ഗംഭീരം  കല്ലയിലെ മദ്രസ്സയ്ക്കു പിന്നിലുണ്ടായിരുന്ന വിളക്കായിരുന്നു. തൊട്ടടുത്ത്‌ തന്നെ താമസിച്ചിരുന്ന ആമിനത്താത്തയുടെ മക്കളായിരുന്നു അവ പരിപാലിച്ചിരുന്നത്. പക്ഷെ ആ വിളക്ക് സ്ഥാപിച്ചത് മുതിര്‍ന്നവരാരോ ആയിരിക്കണം. കാരണം അവിടെ തൂങ്ങിക്കിടന്നിരുന്നത്  ഇത്തിരി വിലയൊക്കെയുള്ള  ഒരു പാനീസ് വിളക്കായിരുന്നുവെന്നത് മാത്രമല്ല.ആ വിളക്കുകാലിനു മുകളില്‍ ഒരു ഹരിതപതാക പാറിക്കളിക്കുന്നുണ്ടായിരുന്നു. കീഴെ കുറേയധികം ചിരട്ടകള്‍ കമഴ്ത്തി വെച്ചിട്ടുണ്ടായിരുന്നു.കഴിഞ്ഞില്ല,വര്‍ഷത്തില്‍ ഒരിക്കല്‍ അഥവാ കാഞ്ഞിരമറ്റത്ത് ഫരീദ് ഔലിയായുടെ ജാറത്തില്‍ നേര്‍ച്ച നടക്കുന്ന ദിവസം ആമിനത്താത്ത ഞങ്ങള്‍ മദ്രസ്സയിലെ കുട്ടികള്‍ക്ക് ചക്കരക്കഞ്ഞി ഉണ്ടാക്കിത്തരാറുണ്ട്. വിളക്കുതൂണിലെ നേര്‍ച്ചപ്പെട്ടിയില്‍ പലപ്പോഴായി വീണ നാണയത്തുട്ടുകളില്‍ 
മണ്ണെണ്ണ വാങ്ങിയതില്‍ ബാക്കി പണം കൊണ്ടായിരുന്നു കഞ്ഞിയൂട്ട്‌. 
        കാലമേറെ കഴിഞ്ഞു. നാട്ടില്‍ എല്ലാ വീടുകളിലും വൈദ്യുതിയെത്തി. പ്രകാശത്തിന്റെ മഹാപ്രളയം തന്നെയുണ്ടായി. ഇരുട്ടും ഇരുട്ടിനെ ചൊല്ലിയുള്ള ഭയവും ഇല്ലാതായി . പ്രേതം യക്ഷി ജിന്ന് തുടങ്ങിയുള്ള സൂപ്പര്‍നാച്ചുറല്‍ കക്ഷികള്‍ക്കൊക്കെ നില്‍ക്കക്കള്ളി ഇല്ലാതായി. അന്നത്തെ സ്നേഹശീലരായ ഇടവഴികളും അമ്പേ പോയ്മറഞ്ഞു.എങ്കിലും മനസ്സിലിപ്പോഴും പാതിരാവിന്റെ യാമങ്ങളില്‍ ഇനിയും വീടെത്താത്ത പഥികരേയും കാത്ത് മുനിഞ്ഞുകത്തുന്ന ചെറിയ ഒരു ചിമ്മിനി വിളക്ക്..... അത് തെളിയുമ്പോഴൊക്കെ ഞാന്‍ സ്വയം ചോദിക്കുന്നു: ആരായിരുന്നു ഫരീദ് ഔലിയ ? എവിടെയാണ് കാഞ്ഞിരമറ്റം?         
  


        

2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

കുഞ്ഞുണ്ണിമാഷ്; പഴയ ഒരു തൃശൂര്‍ സായാഹ്നം

   കണ്ണട മാറ്റാന്‍ സമയമായിരിക്കുന്നുവെന്ന്‍ എനിക്ക്‌ തോന്നാറുള്ളത്  പലപ്പോഴും കടവത്തു വെച്ചാണ്; തോട്ടു തിട്ടയില്‍ ഇരുന്നോ കിടന്നോ കാറ്റു കൊള്ളുമ്പോള്‍ . വയല്പ്പരപ്പിന്റെ ആകാശത്തു നോക്കി അന്നത്തെ സന്ധ്യാകാശം ആരു  ഡിസൈന്‍ ചെയ്തു എന്ന്‍ മേഘവര്‍ണ്ണങ്ങള്‍ നോക്കി ചിത്രകാരനായ കൂട്ടുകാരനുമായി ചര്‍ച്ച നടത്തുകയാണ്  പ്രധാന നേരമ്പോക്കുകളില്‍ ഒന്ന്‍. ഇന്ന്             റേംബ്രാന്റാണ്...... മതീസാണ്.....അങ്ങനെയങ്ങനെ....സെസാനും മോനെയും തുടങ്ങി അറിയാവുന്ന  ചിത്രകാരന്മാരെല്ലാം ഞങ്ങളുടെ  വേനല്‍ക്കാലങ്ങളില്‍ വയല്പ്പരപ്പിന്റെ ആകാശത്ത് ചായം തേക്കുവാന്‍ എത്തും. പിറകെ ചന്ദ്രന്‍ തെളിയും.(എവിടെന്റെ തുളസിക്കാടുകള്‍ ഈറന്‍ മുടി കോതിയ സന്ധ്യകള്‍ ? കരുകപ്പുല്‍ത്തുമ്പത്തമ്പിളി കളമെഴുതി പാടിയ രാവുകള്‍ ?) അതു പോട്ടെ,   ചന്ദ്രബിംബം രണ്ടായോ മൂന്നായോ കാണാന്‍ തുടങ്ങുമ്പോഴാണ് ഞാന്‍ ഡോക്ടര്‍ എലിസബത്ത്‌ ജേക്കബിനെ ഓര്‍ത്തിരുന്നത്. വര്‍ഷത്തില്‍ ഒരു തവണ കണ്ണ് ടെസ്റ്റു ചെയ്യണമെന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശം . അതു നടക്കാറില്ലെന്നു മാത്രം.
അങ്ങനെ ഒരു സന്ധ്യക്ക് ചന്ദ്രന്‍ നല്‍കിയ ആസ്റ്റിഗ്മാറ്റിസ സന്ദേശത്തിന് പിറകെയാണ് ഞാന്‍ തൃശൂരിലെത്തിയത്. കണ്ണില്‍ മരുന്നൊഴിച്ച്  നീണ്ട നേരം കാത്തിരുന്ന ശേഷമാണ് ഡോക്ടര്‍ കണ്ണ് പരിശോധിച്ചത്. കണ്ണടയ്ക്കുള്ള കുറിപ്പുമായി പുറത്തിറങ്ങുമ്പോള്‍ 
പ്രപഞ്ചത്തിലെ പ്രകാശം മുഴുവന്‍ പട കൂട്ടി കണ്ണിലേക്ക് ഇരച്ചു. വെളിച്ചത്തെ നേരിടാനാവാതെ ആശുപത്രിയ്ക്കു മുന്നില്‍ നില്‍ക്കുമ്പോഴാണ് രോഗികളുടെ കാത്തിരിപ്പു ബെഞ്ചുകളില്‍ ഒന്നില്‍ കുഞ്ഞുണ്ണിമാഷിനെ കണ്ടത്. 
'എന്താ മാഷ്‌ ഈ വഴി?' മാഷിനടുത്ത് ബെഞ്ചില്‍ ഇരുന്ന്‍ ഞാന്‍ ചോദിച്ചു.
എന്‍റെ മുഖത്തു നോക്കി മാഷ്‌ അല്‍പനേരം ഇരുന്നു. ചുണ്ടില്‍ സൗഹൃദം തെളിഞ്ഞു.
'ഈ കണ്ണുകള്‍ കണ്ടപ്പോഴാണ് ആളെ മനസ്സിലായത്. തന്നെ പ്രതീക്ഷിച്ചില്ല ' മാഷ്‌ പറഞ്ഞു.
ബീഡിവലി മൂലം ഇടതു കണ്ണിന്റെ കാഴ്ച തകരാറിലായ കാര്യം മാഷ്‌ പറഞ്ഞു. പിന്നെ മറ്റെന്തൊക്കെയോ...
ഇടയ്ക്ക്‌ നഴ്സ് വന്നു മാഷിന്‍റെ പേര് വിളിച്ചു.
'തനിക്ക് തിരക്കുണ്ടോ?'
'ഇല്ല'
'ഒരു കുട്ടീടെ മോട്ടോര്‍ സൈക്കിളിലാണ് വന്നത്. അയാള് പോയി. അയാള്‍ക്ക് ഏതോ സര്‍ക്കാരോഫീസില്‍ എന്തോ കാര്യമുണ്ടായിരുന്നു. തിരിച്ചു  വരാമെന്നാണ് പറഞ്ഞിട്ടുള്ളത്. തിരക്കില്ലെങ്കില്‍ എനിക്കൊരു കൂട്ടായി.'
മാഷ്‌ അകത്തേക്ക് പോയി.  കണ്ണടച്ചുകൊണ്ട് ഞാന്‍ മാഷിനെ കാത്തിരുന്നു.     
അധികം വൈകാതെ മാഷ്‌ വന്നു. 
ഏതാണ്ട് ഒരു മണിക്കൂര്‍ നേരം ഞങ്ങള്‍ ആശുപത്രി ബെഞ്ചില്‍ സംസാരിച്ചു കൊണ്ട് ഇരുന്നു. സംസാരിച്ച കാര്യങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല. ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നത് ആനന്ദിന്റെ 'മരുഭൂമികള്‍ ഉണ്ടാകുന്നത് ' കെ.ജി.ശങ്കരപ്പിള്ളയുടെ 'കൊച്ചിയിലെ വൃക്ഷങ്ങള്‍ ' എന്നിവ വായിക്കുവാനുള്ള മാഷിന്‍റെ നിര്‍ദ്ദേശമാണ് . 
വായിക്കേണ്ടുന്ന ചരിത്രപുസ്തകങ്ങളെക്കുറിച്ച് ചോദിച്ചതായിരുന്നു.
'മാഷിന് മണപ്പുറത്തിന്‍റെ ചരിത്രം പോലും അറിയില്ല ' എന്നു പറഞ്ഞതിന് ശേഷമാണ് മാഷ്‌ ആനന്ദിനെയും ശങ്കരപ്പിള്ളയെയും 
നിര്‍ദ്ദേശിച്ചത്.
'ആനന്ദ് കഴിവുള്ള ആളാണ്‌ .പുതിയ നോവലിന് കുറച്ച് വായനാ സുഖവുമുണ്ട്. എഴുതിയെഴുതി നന്നാവും.'
ആനന്ദിനെ കുറിച്ചുള്ള കമന്റ്  കേട്ടപ്പോള്‍ ഞാന്‍ മാഷിന്‍റെ മുഖത്തേക്ക് കണ്ണയച്ചു. അവിടെ ഭാവഭേദമൊന്നും ഉണ്ടായിരുന്നില്ല.
'അയാള്‍ പോയ കാര്യം ശരിയായിട്ടുണ്ടാവില്ല. താനെന്നെ വലപ്പാട്ടേയ്ക്ക്  എത്തിക്കണം .' മാഷ്‌ പറഞ്ഞു.
റോഡിലേക്ക് ഇറങ്ങിയപ്പോള്‍ ഞാന്‍ ഓട്ടോ വിളിക്കാന്‍ തുനിഞ്ഞു.
'വേണ്ട, നടക്കാം.....എനിക്ക് കറന്റിലൊന്നു കയറണം.' മാഷ്‌ തടഞ്ഞു 
ഫുട്പാത്തിലൂടെ നടക്കുമ്പോള്‍ വഴിയാത്രക്കാരില്‍ പലരും മാഷിനോട് കുശലം ചോദിക്കുന്നുണ്ടായിരുന്നു. മാഷ്‌ വഴി നടുവില്‍നിന്ന്‍  അവരോട്  മറുപടി  പറയുകയും.
ചിലര്‍ പരിചയം പുഞ്ചിരിയിലൊതുക്കി കടന്നുപോകുന്നു. സ്കൂള്‍ കഴിഞ്ഞു പോകുന്ന കുട്ടികളുടെ  കണ്ണുകളില്‍ വിസ്മയം.
കോട്ടപ്പുറത്തെ ഓവര്‍ബ്രിഡ്ജ്  കടന്ന്‍ റൌണ്ടിലേക്ക് നടക്കുന്നതിനിടയില്‍ ചെറിയ ഒരു ബുക്ക്‌സ്റ്റാളില്‍ നിന്നു ഒരാള്‍ മാഷിനെ ക്ഷണിച്ചു.വിവേകാനന്ദസാഹിത്യം വില്‍ക്കുന്ന ഒരു  കടയായിരുന്നു അത്. മാഷ്‌ കടയ്ക്കകത്തേക്ക് കയറി. ഇറങ്ങുന്നതും കാത്ത് ഞാന്‍ ഫുട്പാത്തില്‍ നിന്നു. രണ്ടോ മൂന്നോ മിനിറ്റ്  കഴിഞ്ഞ് മാഷ്‌ ഇറങ്ങിവന്നു. 
റൌണ്ടിലേക്കുള്ള ഇത്തിരി ദൂരത്തിനുള്ളില്‍ പിന്നെയും പരിചയക്കാര്‍ . കുഞ്ഞുണ്ണി എന്ന കവിയുടെ ജനകീയതയെക്കുറിച്ച് വിസ്മയിച്ചുകൊണ്ടാണ് ഞാന്‍ നടന്നിരുന്നത്. കറന്റിന്റെ മുന്നിലെത്തിയപ്പോള്‍ മാഷ്‌ എന്നെ അകത്തേക്ക് ക്ഷണിച്ചു. ക്ഷണം നിരസിച്ച് ഞാന്‍ തെരുവുകാഴ്ചകളിലേക്ക് മടങ്ങി.
കുറച്ചധികം കഴിഞ്ഞാണ് മാഷ്‌ തിരിച്ചിറങ്ങിയത്. തെരുവു കടന്ന്‍ തേക്കിന്‍കാട് താണ്ടി ഞങ്ങള്‍ പഴയസ്റ്റാന്‍ഡില്‍ എത്തി. 
'എന്‍ ബി എസില്‍ ഒന്നു കയറാം.' മാഷ് പറഞ്ഞു.
പോസ്റ്റോഫീസ് റോഡിലേക്ക് കടന്നുപോയ ഒരു ഓട്ടോ പെട്ടെന്നു ബ്രേക്ക് ചെയ്തു.വണ്ടി ഒതുക്കിയിട്ട് ദീര്‍ഘകായനായ ഡ്രൈവര്‍ ചിരിച്ചു കൊണ്ട്  പുറത്തിറങ്ങി.
'മാഷേ....ഇതെങ്ങട്ടാ...?'
'എന്‍ ബി എസിലൊന്നു കയറണം.'
'എന്നെ മനസ്സിലായോ? ഞാന്‍ അഞ്ചേരിരിക്കാരന്‍ ജോസഫേ....അന്ന് കുട്ട്യോള്‍ടെ പരിപാടിയ്ക്ക് മാഷിനെ ക്ഷണിക്കാന്‍ വന്നിരുന്നേയ്....'
അധികനേരം ആ സംഭാഷണം നീട്ടിക്കൊണ്ടു പോവാന്‍ ട്രാഫിക്പോലീസ് അയാളെ അനുവദിച്ചില്ല.കക്ഷി യാത്ര പറഞ്ഞ് വണ്ടിയുമെടുത്ത് പോയി.
 കാരണം എന്താണെന്ന് അറിയില്ല.എന്‍ ബി എസ് തുറന്നിരുന്നില്ല.ഞങ്ങള്‍ പട്ടാളം കടന്ന് ശക്തന്‍സ്ടാണ്ടിലേക്ക് നടന്നു. ആ വഴിയോരത്ത് തകൃതിയായ കച്ചവടം നടക്കുന്നു. വസ്ത്രങ്ങള്‍ ,ചെറിയ ഗൃഹോപകരണങ്ങള്‍ , പണിയായുധങ്ങള്‍ , കത്തികള്‍ , എലി പാറ്റ മൂട്ട മരുന്നുകള്‍ , കറകളയുന്ന ലിക്വിടുകള്‍ , റേഡിയോ, ടേപ്റെക്കോര്‍ഡര്‍ ,ക്യാമറ ,വാച്ച് ചീപ്  കണ്ണാടി , പെര്‍ഫ്യൂംസ് തുടങ്ങി നെല്ലിക്കയും നാരങ്ങയും വരെ.
കഴിഞ്ഞ തവണ എന്‍ ബി എസില്‍ പോയപ്പോള്‍ പൊന്‍കുന്നം വര്‍ക്കിയെ കണ്ട കാര്യം പറയുകയായിരുന്നു മാഷ്‌. വര്‍ക്കി നന്നായി മദ്യപിച്ചിരുന്നു. പ്രായത്തിനു തളര്‍ത്താനാവാത്ത വര്‍ക്കിയുടെ മനസ്സിനെക്കുറിച്ച്  മാഷ്‌ പറഞ്ഞുകൊണ്ടിരിക്കേ 
വഴിയരികിലെ നാലുചക്ര തട്ടുകടയില്‍ നിന്ന്‍ ഒരു ബക്കറ്റ് അഴുക്കുവെള്ളം തെരുവില്‍ ഞങ്ങളുടെ തൊട്ടുമുന്നില്‍ വന്നുവീണു. തട്ടു കടയോട് ചേര്‍ന്ന്‍ നടന്നിരുന്നത് മാഷായിരുന്നു. എന്തോ ഭാഗ്യത്തിന് മാഷ്‌ നനയാതെ രക്ഷപ്പെട്ടു.
തട്ടുകടക്കാരന് നേരെ തിരിഞ്ഞ ഞാന്‍ അയാളുടെ രൂപഭാവങ്ങള്‍ കണ്ടു  ദേഷ്യമടക്കി; വല്ലതും പറഞ്ഞാല്‍  ഒരു പക്ഷേ തടി കേടാവാന്‍ സാധ്യതയുണ്ടെന്ന് തോന്നി. അയാള്‍ അറിയാതെ സംഭവിച്ചതല്ലേ എന്ന് സൌകര്യപ്രദമായ  ഒരു ഒഴിവുകഴിവു ചിന്തയും വന്നു. ഒരടി കൂടി മുന്നോട്ടു വെച്ച മാഷ്‌ തിരിഞ്ഞു നിന്നു.
' കാറ്ററിയാതെ തൂറ്റിയാല്‍ ചെവിയറിയാതെ പൊട്ടും.' ഒറ്റ വാക്യത്തില്‍ താക്കീത് നല്‍കി മാഷ്‌ മുന്നോട്ടു നടന്നു.
പത്തടി നടന്ന്‍ ഞാനൊന്നു തിരിഞ്ഞു നോക്കി . കൈയില്‍ ബക്കറ്റുമായി മാഷിനെത്തന്നെ മിഴിച്ചുനോക്കി, അയാള്‍ അവിടെ സ്തംഭിച്ചു  നില്പുണ്ടായിരുന്നു.