2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

കുഞ്ഞുണ്ണിമാഷ്; പഴയ ഒരു തൃശൂര്‍ സായാഹ്നം

   കണ്ണട മാറ്റാന്‍ സമയമായിരിക്കുന്നുവെന്ന്‍ എനിക്ക്‌ തോന്നാറുള്ളത്  പലപ്പോഴും കടവത്തു വെച്ചാണ്; തോട്ടു തിട്ടയില്‍ ഇരുന്നോ കിടന്നോ കാറ്റു കൊള്ളുമ്പോള്‍ . വയല്പ്പരപ്പിന്റെ ആകാശത്തു നോക്കി അന്നത്തെ സന്ധ്യാകാശം ആരു  ഡിസൈന്‍ ചെയ്തു എന്ന്‍ മേഘവര്‍ണ്ണങ്ങള്‍ നോക്കി ചിത്രകാരനായ കൂട്ടുകാരനുമായി ചര്‍ച്ച നടത്തുകയാണ്  പ്രധാന നേരമ്പോക്കുകളില്‍ ഒന്ന്‍. ഇന്ന്             റേംബ്രാന്റാണ്...... മതീസാണ്.....അങ്ങനെയങ്ങനെ....സെസാനും മോനെയും തുടങ്ങി അറിയാവുന്ന  ചിത്രകാരന്മാരെല്ലാം ഞങ്ങളുടെ  വേനല്‍ക്കാലങ്ങളില്‍ വയല്പ്പരപ്പിന്റെ ആകാശത്ത് ചായം തേക്കുവാന്‍ എത്തും. പിറകെ ചന്ദ്രന്‍ തെളിയും.(എവിടെന്റെ തുളസിക്കാടുകള്‍ ഈറന്‍ മുടി കോതിയ സന്ധ്യകള്‍ ? കരുകപ്പുല്‍ത്തുമ്പത്തമ്പിളി കളമെഴുതി പാടിയ രാവുകള്‍ ?) അതു പോട്ടെ,   ചന്ദ്രബിംബം രണ്ടായോ മൂന്നായോ കാണാന്‍ തുടങ്ങുമ്പോഴാണ് ഞാന്‍ ഡോക്ടര്‍ എലിസബത്ത്‌ ജേക്കബിനെ ഓര്‍ത്തിരുന്നത്. വര്‍ഷത്തില്‍ ഒരു തവണ കണ്ണ് ടെസ്റ്റു ചെയ്യണമെന്നാണ് ഡോക്ടറുടെ നിര്‍ദ്ദേശം . അതു നടക്കാറില്ലെന്നു മാത്രം.
അങ്ങനെ ഒരു സന്ധ്യക്ക് ചന്ദ്രന്‍ നല്‍കിയ ആസ്റ്റിഗ്മാറ്റിസ സന്ദേശത്തിന് പിറകെയാണ് ഞാന്‍ തൃശൂരിലെത്തിയത്. കണ്ണില്‍ മരുന്നൊഴിച്ച്  നീണ്ട നേരം കാത്തിരുന്ന ശേഷമാണ് ഡോക്ടര്‍ കണ്ണ് പരിശോധിച്ചത്. കണ്ണടയ്ക്കുള്ള കുറിപ്പുമായി പുറത്തിറങ്ങുമ്പോള്‍ 
പ്രപഞ്ചത്തിലെ പ്രകാശം മുഴുവന്‍ പട കൂട്ടി കണ്ണിലേക്ക് ഇരച്ചു. വെളിച്ചത്തെ നേരിടാനാവാതെ ആശുപത്രിയ്ക്കു മുന്നില്‍ നില്‍ക്കുമ്പോഴാണ് രോഗികളുടെ കാത്തിരിപ്പു ബെഞ്ചുകളില്‍ ഒന്നില്‍ കുഞ്ഞുണ്ണിമാഷിനെ കണ്ടത്. 
'എന്താ മാഷ്‌ ഈ വഴി?' മാഷിനടുത്ത് ബെഞ്ചില്‍ ഇരുന്ന്‍ ഞാന്‍ ചോദിച്ചു.
എന്‍റെ മുഖത്തു നോക്കി മാഷ്‌ അല്‍പനേരം ഇരുന്നു. ചുണ്ടില്‍ സൗഹൃദം തെളിഞ്ഞു.
'ഈ കണ്ണുകള്‍ കണ്ടപ്പോഴാണ് ആളെ മനസ്സിലായത്. തന്നെ പ്രതീക്ഷിച്ചില്ല ' മാഷ്‌ പറഞ്ഞു.
ബീഡിവലി മൂലം ഇടതു കണ്ണിന്റെ കാഴ്ച തകരാറിലായ കാര്യം മാഷ്‌ പറഞ്ഞു. പിന്നെ മറ്റെന്തൊക്കെയോ...
ഇടയ്ക്ക്‌ നഴ്സ് വന്നു മാഷിന്‍റെ പേര് വിളിച്ചു.
'തനിക്ക് തിരക്കുണ്ടോ?'
'ഇല്ല'
'ഒരു കുട്ടീടെ മോട്ടോര്‍ സൈക്കിളിലാണ് വന്നത്. അയാള് പോയി. അയാള്‍ക്ക് ഏതോ സര്‍ക്കാരോഫീസില്‍ എന്തോ കാര്യമുണ്ടായിരുന്നു. തിരിച്ചു  വരാമെന്നാണ് പറഞ്ഞിട്ടുള്ളത്. തിരക്കില്ലെങ്കില്‍ എനിക്കൊരു കൂട്ടായി.'
മാഷ്‌ അകത്തേക്ക് പോയി.  കണ്ണടച്ചുകൊണ്ട് ഞാന്‍ മാഷിനെ കാത്തിരുന്നു.     
അധികം വൈകാതെ മാഷ്‌ വന്നു. 
ഏതാണ്ട് ഒരു മണിക്കൂര്‍ നേരം ഞങ്ങള്‍ ആശുപത്രി ബെഞ്ചില്‍ സംസാരിച്ചു കൊണ്ട് ഇരുന്നു. സംസാരിച്ച കാര്യങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല. ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നത് ആനന്ദിന്റെ 'മരുഭൂമികള്‍ ഉണ്ടാകുന്നത് ' കെ.ജി.ശങ്കരപ്പിള്ളയുടെ 'കൊച്ചിയിലെ വൃക്ഷങ്ങള്‍ ' എന്നിവ വായിക്കുവാനുള്ള മാഷിന്‍റെ നിര്‍ദ്ദേശമാണ് . 
വായിക്കേണ്ടുന്ന ചരിത്രപുസ്തകങ്ങളെക്കുറിച്ച് ചോദിച്ചതായിരുന്നു.
'മാഷിന് മണപ്പുറത്തിന്‍റെ ചരിത്രം പോലും അറിയില്ല ' എന്നു പറഞ്ഞതിന് ശേഷമാണ് മാഷ്‌ ആനന്ദിനെയും ശങ്കരപ്പിള്ളയെയും 
നിര്‍ദ്ദേശിച്ചത്.
'ആനന്ദ് കഴിവുള്ള ആളാണ്‌ .പുതിയ നോവലിന് കുറച്ച് വായനാ സുഖവുമുണ്ട്. എഴുതിയെഴുതി നന്നാവും.'
ആനന്ദിനെ കുറിച്ചുള്ള കമന്റ്  കേട്ടപ്പോള്‍ ഞാന്‍ മാഷിന്‍റെ മുഖത്തേക്ക് കണ്ണയച്ചു. അവിടെ ഭാവഭേദമൊന്നും ഉണ്ടായിരുന്നില്ല.
'അയാള്‍ പോയ കാര്യം ശരിയായിട്ടുണ്ടാവില്ല. താനെന്നെ വലപ്പാട്ടേയ്ക്ക്  എത്തിക്കണം .' മാഷ്‌ പറഞ്ഞു.
റോഡിലേക്ക് ഇറങ്ങിയപ്പോള്‍ ഞാന്‍ ഓട്ടോ വിളിക്കാന്‍ തുനിഞ്ഞു.
'വേണ്ട, നടക്കാം.....എനിക്ക് കറന്റിലൊന്നു കയറണം.' മാഷ്‌ തടഞ്ഞു 
ഫുട്പാത്തിലൂടെ നടക്കുമ്പോള്‍ വഴിയാത്രക്കാരില്‍ പലരും മാഷിനോട് കുശലം ചോദിക്കുന്നുണ്ടായിരുന്നു. മാഷ്‌ വഴി നടുവില്‍നിന്ന്‍  അവരോട്  മറുപടി  പറയുകയും.
ചിലര്‍ പരിചയം പുഞ്ചിരിയിലൊതുക്കി കടന്നുപോകുന്നു. സ്കൂള്‍ കഴിഞ്ഞു പോകുന്ന കുട്ടികളുടെ  കണ്ണുകളില്‍ വിസ്മയം.
കോട്ടപ്പുറത്തെ ഓവര്‍ബ്രിഡ്ജ്  കടന്ന്‍ റൌണ്ടിലേക്ക് നടക്കുന്നതിനിടയില്‍ ചെറിയ ഒരു ബുക്ക്‌സ്റ്റാളില്‍ നിന്നു ഒരാള്‍ മാഷിനെ ക്ഷണിച്ചു.വിവേകാനന്ദസാഹിത്യം വില്‍ക്കുന്ന ഒരു  കടയായിരുന്നു അത്. മാഷ്‌ കടയ്ക്കകത്തേക്ക് കയറി. ഇറങ്ങുന്നതും കാത്ത് ഞാന്‍ ഫുട്പാത്തില്‍ നിന്നു. രണ്ടോ മൂന്നോ മിനിറ്റ്  കഴിഞ്ഞ് മാഷ്‌ ഇറങ്ങിവന്നു. 
റൌണ്ടിലേക്കുള്ള ഇത്തിരി ദൂരത്തിനുള്ളില്‍ പിന്നെയും പരിചയക്കാര്‍ . കുഞ്ഞുണ്ണി എന്ന കവിയുടെ ജനകീയതയെക്കുറിച്ച് വിസ്മയിച്ചുകൊണ്ടാണ് ഞാന്‍ നടന്നിരുന്നത്. കറന്റിന്റെ മുന്നിലെത്തിയപ്പോള്‍ മാഷ്‌ എന്നെ അകത്തേക്ക് ക്ഷണിച്ചു. ക്ഷണം നിരസിച്ച് ഞാന്‍ തെരുവുകാഴ്ചകളിലേക്ക് മടങ്ങി.
കുറച്ചധികം കഴിഞ്ഞാണ് മാഷ്‌ തിരിച്ചിറങ്ങിയത്. തെരുവു കടന്ന്‍ തേക്കിന്‍കാട് താണ്ടി ഞങ്ങള്‍ പഴയസ്റ്റാന്‍ഡില്‍ എത്തി. 
'എന്‍ ബി എസില്‍ ഒന്നു കയറാം.' മാഷ് പറഞ്ഞു.
പോസ്റ്റോഫീസ് റോഡിലേക്ക് കടന്നുപോയ ഒരു ഓട്ടോ പെട്ടെന്നു ബ്രേക്ക് ചെയ്തു.വണ്ടി ഒതുക്കിയിട്ട് ദീര്‍ഘകായനായ ഡ്രൈവര്‍ ചിരിച്ചു കൊണ്ട്  പുറത്തിറങ്ങി.
'മാഷേ....ഇതെങ്ങട്ടാ...?'
'എന്‍ ബി എസിലൊന്നു കയറണം.'
'എന്നെ മനസ്സിലായോ? ഞാന്‍ അഞ്ചേരിരിക്കാരന്‍ ജോസഫേ....അന്ന് കുട്ട്യോള്‍ടെ പരിപാടിയ്ക്ക് മാഷിനെ ക്ഷണിക്കാന്‍ വന്നിരുന്നേയ്....'
അധികനേരം ആ സംഭാഷണം നീട്ടിക്കൊണ്ടു പോവാന്‍ ട്രാഫിക്പോലീസ് അയാളെ അനുവദിച്ചില്ല.കക്ഷി യാത്ര പറഞ്ഞ് വണ്ടിയുമെടുത്ത് പോയി.
 കാരണം എന്താണെന്ന് അറിയില്ല.എന്‍ ബി എസ് തുറന്നിരുന്നില്ല.ഞങ്ങള്‍ പട്ടാളം കടന്ന് ശക്തന്‍സ്ടാണ്ടിലേക്ക് നടന്നു. ആ വഴിയോരത്ത് തകൃതിയായ കച്ചവടം നടക്കുന്നു. വസ്ത്രങ്ങള്‍ ,ചെറിയ ഗൃഹോപകരണങ്ങള്‍ , പണിയായുധങ്ങള്‍ , കത്തികള്‍ , എലി പാറ്റ മൂട്ട മരുന്നുകള്‍ , കറകളയുന്ന ലിക്വിടുകള്‍ , റേഡിയോ, ടേപ്റെക്കോര്‍ഡര്‍ ,ക്യാമറ ,വാച്ച് ചീപ്  കണ്ണാടി , പെര്‍ഫ്യൂംസ് തുടങ്ങി നെല്ലിക്കയും നാരങ്ങയും വരെ.
കഴിഞ്ഞ തവണ എന്‍ ബി എസില്‍ പോയപ്പോള്‍ പൊന്‍കുന്നം വര്‍ക്കിയെ കണ്ട കാര്യം പറയുകയായിരുന്നു മാഷ്‌. വര്‍ക്കി നന്നായി മദ്യപിച്ചിരുന്നു. പ്രായത്തിനു തളര്‍ത്താനാവാത്ത വര്‍ക്കിയുടെ മനസ്സിനെക്കുറിച്ച്  മാഷ്‌ പറഞ്ഞുകൊണ്ടിരിക്കേ 
വഴിയരികിലെ നാലുചക്ര തട്ടുകടയില്‍ നിന്ന്‍ ഒരു ബക്കറ്റ് അഴുക്കുവെള്ളം തെരുവില്‍ ഞങ്ങളുടെ തൊട്ടുമുന്നില്‍ വന്നുവീണു. തട്ടു കടയോട് ചേര്‍ന്ന്‍ നടന്നിരുന്നത് മാഷായിരുന്നു. എന്തോ ഭാഗ്യത്തിന് മാഷ്‌ നനയാതെ രക്ഷപ്പെട്ടു.
തട്ടുകടക്കാരന് നേരെ തിരിഞ്ഞ ഞാന്‍ അയാളുടെ രൂപഭാവങ്ങള്‍ കണ്ടു  ദേഷ്യമടക്കി; വല്ലതും പറഞ്ഞാല്‍  ഒരു പക്ഷേ തടി കേടാവാന്‍ സാധ്യതയുണ്ടെന്ന് തോന്നി. അയാള്‍ അറിയാതെ സംഭവിച്ചതല്ലേ എന്ന് സൌകര്യപ്രദമായ  ഒരു ഒഴിവുകഴിവു ചിന്തയും വന്നു. ഒരടി കൂടി മുന്നോട്ടു വെച്ച മാഷ്‌ തിരിഞ്ഞു നിന്നു.
' കാറ്ററിയാതെ തൂറ്റിയാല്‍ ചെവിയറിയാതെ പൊട്ടും.' ഒറ്റ വാക്യത്തില്‍ താക്കീത് നല്‍കി മാഷ്‌ മുന്നോട്ടു നടന്നു.
പത്തടി നടന്ന്‍ ഞാനൊന്നു തിരിഞ്ഞു നോക്കി . കൈയില്‍ ബക്കറ്റുമായി മാഷിനെത്തന്നെ മിഴിച്ചുനോക്കി, അയാള്‍ അവിടെ സ്തംഭിച്ചു  നില്പുണ്ടായിരുന്നു.