2010, മാർച്ച് 5, വെള്ളിയാഴ്‌ച

വേലായി

കാരണാക്കില്‍പള്ളിയില്‍നിന്നു രാത്രിബാങ്ക് വിളിച്ച ശേഷമാണ് വേലായിക്ക് ദാഹം തുടങ്ങിയത്. മഴക്കാലമായതുകൊണ്ട്‌ കിണറ്റില്‍ നിറയെ വെള്ളമുണ്ട്. അടുക്കളയില്‍ പാത്രങ്ങളില്‍ പച്ചവെള്ളം നിറച്ചുവെച്ചിട്ടുണ്ട്. പോരെങ്കില്‍ കഞ്ഞിവെള്ളവും കെട്ടിയവളും ഉണ്ട്. കമലൂ...ഒരു ഗ്ലാസ്.....എന്നൊന്ന് വിളിച്ചു പറയുകയേ വേണ്ടൂ.....എന്നിട്ടും വേലായി വെള്ളത്തെക്കുറിച്ച് ചിന്തിച്ചതേയില്ല.
                തന്നെ അലട്ടുന്ന ദാഹം വെള്ളംകൊണ്ട് തീരുന്നതല്ലെന്നു വേലായിക്ക് അറിയാം. പണ്ടാലത്തെ അരയോളം വെള്ളംതാണ്ടി നീലങ്കടവിലെത്തിയാലെ അത് ശമിക്കൂ. അതിന് ഒരു കുറുവടിയും ചുണ്ണാമ്പുപാത്രവും വേണം. വടിയില്ലെങ്കില്‍ അധികാരിവീട്ടിലെ കൊഴുത്ത വളര്‍ത്തുനായ്ക്കള്‍ ചോരവെള്ളം കാട്ടും. ചുണ്ണാമ്പ് ഇല്ലെങ്കില്‍ അട്ട ചോരവെള്ളം ഊറ്റും. 
                 മുറ്റത്തിറങ്ങിനിന്നു വേലായി ബീഡിയും ബീഡിയ്ക്കൊപ്പം തലയും പുകച്ചു. കുന്താംപാലം കടന്ന് പുന്നയൂരെത്തിയാലും ദാഹം തീര്‍ക്കാമെന്ന് അയാള്‍ ഓര്‍ത്തെടുത്തു. അധികാരിയുടെ നായ്ക്കളെ ഒഴിവാക്കാനാവുമെങ്കിലും കുന്താംപാലത്തും അരയോളം വെള്ളവും വെള്ളത്തില്‍ അട്ടയുമുണ്ടെന്ന കാര്യം വേലായിയെ പിന്തിരിപ്പിച്ചു.
                  വേലായി മുറ്റം വിട്ട് ഞാറ്റുകണ്ടത്തിലേക്ക്‌ ഇറങ്ങി. നായരങ്ങാടിയാണ് ലക്‌ഷ്യം. ദൂരം ഏറെയുണ്ടെങ്കിലും അട്ടകളെ ഒഴിവാക്കാം. വഴിയിലുള്ള  നായ്ക്കളാണെങ്കില്‍ അധികാരിയുടെ നായ്ക്കളെപ്പോലെ വീരശൂരപരാക്രമികളല്ല. പള്ളിയുടെ പിന്നിലൂടെ വേലായി തോട്ടിലേക്കിറങ്ങി. തിടുക്കപ്പെട്ടു നടന്ന്‍ രാമന്റകായിലെ മുക്കൂട്ടയിലെത്തി. പൊടുന്നനെ വേലായിയുടെ വേഗത കുറഞ്ഞു. അയാളിലൂടെ ഒരോര്‍മ്മയുടെ മിന്നലുകള്‍ പാഞ്ഞുപോയി. രാമന്റകായിലെ മുക്കൂട്ടയില്‍ വെച്ചാണ് കുറ്റ്യാടന്‍ മുഹമ്മുണ്ണിയും ഹനുമാനും തമ്മില്‍ കണ്ടുമുട്ടിയത് !
കുറ്റ്യാടന്‍ മുഹമ്മുണ്ണിയും അനിയന്‍ അമ്മതുവും അഭ്യാസികളാണ്. തെങ്ങ് പിടിച്ചുകുലുക്കി തേങ്ങ വീഴ്ത്തിയിട്ടുള്ളവര്‍ ! രണ്ടും ആറടിയിലധികം കിളരമുള്ളവര്‍.പരദേശത്തു പോയി അഭ്യാസം പഠിച്ചുപഠിച്ച് തറവാട് കുളംകോരിയവര്‍. താനോ നാട്ടിലെ കുറുമനുഷ്യരില്‍ ഒരുവന്‍. അഭ്യാസം പോയിട്ട് ആയുസ്സിലൊരു പാമ്പിനെപ്പോലും കൊന്നിട്ടില്ലാത്തവന്‍. 
              വട്ടംപാടത്ത് റാത്തീബിനു പോയി മടങ്ങുംവഴിയാണ് കുറ്റ്യാടന് പിറകെ ഹനുമാന്‍ കൂടിയത്. സമയം നട്ടപ്പാതിര. ഹനുമാന്‍ പമ്മിപ്പമ്മി പിറകിലെത്തിയതും കുറ്റ്യാടന്‍ തിരിഞ്ഞതും ഒരുമിച്ചായിരുന്നു. കൈയിലുള്ള വെള്ളികെട്ടിയ മലായിചൂരല്‍ രണ്ട് തവണ ഹനുമാന്റെമേല്‍ വീണു. യാ മുഹ്യദ്ദീന്‍.....എന്നു വിളിച്ചായിരുന്നു അടി. അടികൊണ്ടതും ഹനുമാന്‍ തിരിഞ്ഞോടി. കുറ്റ്യാടന്‍ വടേരിയിലെത്തിയപ്പോള്‍ ഹനുമാന്‍ പിറകിലെത്തി. കൊടുത്തു ഒന്നുകൂടി. കൂടുതല്‍ കൊള്ളുംമുമ്പ്.....
               അടിയും ഓട്ടവും തിരിച്ചുവരവുമൊക്കെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് രണ്ടുപേരും പടിഞ്ഞാക്കരയെത്തി. വീട്ടിലെത്തി ഉമ്മയോട് വാതില്‍ തുറക്കുവാന്‍ പറഞ്ഞതേ കുറ്റ്യാടന് ഓര്‍മ്മയുള്ളൂ. ഹനുമാന്‍ ആവേശിച്ച കുറ്റ്യാടന്റെ ചേഷ്ടകള്‍ വേലായി കണ്ടതാണ്. അന്ന് വേലായിക്ക് പതിനാലോ പതിനഞ്ചോ ആണ് പ്രായം. അയാള്‍ കുരങ്ങു കയറുമ്പോലെ മരത്തില്‍ ഓടിക്കയറുന്നതും ഊഞ്ഞാലാടുന്നതും വേലായി വീര്‍പ്പടക്കിയാണ് നോക്കിനിന്നത്. 
              രാമന്റകായില്‍ ഇത്തിരിനിന്ന്‍, അടിത്തറ ഇളകിയ ധൈര്യത്തെ മുറുകെപ്പിടിച്ച് വേലായി കിഴക്കോട്ടു നടന്നു. മുല്ലമങ്ങലത്തെ പടിക്കലെത്തിയാല്‍ പിന്നെ ടാറിട്ട റോഡാണ്. തെരുവുവിളക്കുകളുണ്ട്, ഹനുമാനല്ല അവന്റെ അപ്പന്‍തന്നെ വന്നാലും പേടിക്കേണ്ടതില്ല എന്നൊക്കെ ചിന്തിച്ചു എട്ടൊന്നിലെ പടിക്കലെത്തിയ വേലായി പെട്ടെന്നുനിന്നു. വേലായിക്ക് ദാഹം കലശലായി. തൊണ്ടയിലൂടെ കടന്ന് തലച്ചോറിലേക്ക് രാക്കാറ്റ് പാഞ്ഞു. ചെവിയടഞ്ഞു. കിട്ടിയാല്‍ പച്ചവെള്ളംപോലും കുടിക്കാമെന്നായി. 
                 മുന്നില്‍ നാലുകാലില്‍ ഒരു രൂപം അടുത്തുവന്നുകൊണ്ടിരുന്നു. അവ്യക്തമായ കാഴ്ച. വേലായി ഇരുട്ടിലേക്ക് തുറിച്ചുനോക്കി. അടുത്തുവരുന്ന രൂപം അണയ്ക്കുന്ന ശബ്ദംകൂടി കേട്ടപ്പോള്‍ അയാളുടെ കാല്‍മുട്ടുകള്‍ വിറക്കുവാന്‍ തുടങ്ങി. കാലുകള്‍ നിലത്തുറപ്പിക്കുവാന്‍ പാടുപെട്ട് വേലായി നിന്നു. പത്തടി അപ്പുറത്തെത്തിയ രൂപം നിശ്ചലമായി. നാലുകാലില്‍ ഉറച്ചുനിന്ന് അത് വേലായിയെ നോക്കി. അടിത്തറ ഇളകിയിരുന്ന ധൈര്യം കൈവിട്ടുപോയ വേലായി ദൈവേ....എന്നു ദൈവത്തെ വിളിച്ച് ഒന്നരയാള്‍ പൊക്കമുള്ള മാറ്റം ചവിട്ടിക്കയറി തെക്കോട്ട്‌ പാഞ്ഞു. പാടത്തെ സ്ക്കൂള്‍മുറ്റത്തൂടെ നായരങ്ങാടിക്ക്.....
                 വല്ലാതെ വിയര്‍ത്തിരുന്നതുകൊണ്ടാവണം വേലായിയുടെ ദാഹത്തിന്റെ ക്വാന്റിറ്റി കൂടിയിരുന്നു. കീശ കാലിയാവുംവരെ വേലായി കുടിച്ചു. പണം പോയപ്പോള്‍ വല്ലാത്തൊരു ധൈര്യം വേലായിയില്‍ നിറഞ്ഞു. എന്നാലും അയാള്‍ വന്നവഴി മടങ്ങിയില്ല. മെയിന്‍ റോഡിലൂടെ നേരെ വടക്കോട്ട്‌ നടന്ന് കെട്ടുങ്ങല്‍ പീടിക വഴി ഇത്തിത്തറയില്‍ എത്തി.
                 വേലായി ഹനുമാനെ കണ്ട വാര്‍ത്ത ഇത്തിത്തറയില്‍നിന്നു ലോകത്തിന്റെ മുക്കും മൂലയും തേടി പറന്നുപോയി. അപ്പോള്‍ നേരം വെളുത്തിരുന്നു. വേലായിയാവട്ടെ ഇതൊന്നുമറിയാതെ കിടക്കപ്പായില്‍ ചുക്കുകാപ്പി ഉള്ളിലും പുതപ്പ് മീതെയുമായി പനിച്ചുകിടക്കുകയായിരുന്നു.
കഥാശേഷം: പത്തു മണിയോടടുത്താണ്  കുഞ്ഞുണ്ണി തന്റെ ബീഡിക്കമ്പനി തുറക്കുവാനായി കെട്ടുങ്ങല്‍ എത്തിയത്. കാല്മുട്ടുകളിലും കൈവെള്ളകളിലും പറ്റിപ്പിടിച്ച ചളി കഴുകി കളയുന്നതിനിടയില്‍ അയാള്‍ തലേന്നു രാത്രിയിലെ ഒരു സംഭവകഥനത്തിനു തുടക്കമിട്ടു:
ദൈവേ.....ആ വേലായേട്ടന്‍ണ്ടൊരു ഓട്ടം ഓടീട്ട്......!          ‍      ‍   ‍                         
                                    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ