2010, മാർച്ച് 1, തിങ്കളാഴ്‌ച

അവറൂക്കാടെ ക്രൂരകൃത്യം

സന്ധ്യാനമസ്കാരാനന്തരം അവറൂക്ക സട കുടഞ്ഞുകൊണ്ട് പായില്‍നിന്നു നിവര്‍ന്നു. കെട്ടിയവനിങ്ങനെ കുത്തനെ എഴുന്നേല്‍ക്കുന്നതു കണ്ടപ്പോള്‍ ദെന്ത് പറ്റീ....ന്റെ പടച്ചോനേ....എന്ന് പാത്തുമ്മു ചിന്തിച്ചു. സാധാരണയായി സന്ധ്യാനമസ്കാരം കഴിഞ്ഞാല്‍ പ്രാര്‍ത്ഥനയിലേക്കും ജപങ്ങളിലേക്കുമൊക്കെ ചായുകയാണ് പതിവ്. ഇപ്പോഴീ പുറത്തേക്കുള്ള നടപ്പ്.
'ദോക്ക്യെ....' പാത്തുമ്മു അയാളുടെ ശ്രദ്ധ ക്ഷണിക്കുവാന്‍ ശ്രമിച്ചു. 
'ദെന്താണ്ടീ ബലാലേ ' എന്ന മട്ടിലൊരു നോട്ടവുമായി അവറൂക്ക വരാന്തയില്‍ തിരിഞ്ഞു നിന്നു.
'ഇങ്ങളെങ്ങണ്ടാ പോണ്?' അവള്‍ സൌമ്യയായി തിരക്കി.
'ടീ ബലാലേ...ഇയ്യാരാണ്ടീ ഇന്നോട് ചോതിക്കാന്‍.....ഇന്റെ ബാപ്പേ?...'എന്നൊരു നോട്ടമാണ് മറുപടിയായി കിട്ടിയത്.
അവള്‍ പിന്നെയൊന്നും ചോദിച്ചും പറഞ്ഞുമില്ല. അല്പം കഴിഞ്ഞപ്പോള്‍ അവറൂക്കയുടെ ഒച്ച അവളെ തേടിച്ചെന്നു:
'ഞാ...പാണന്‍ തറയില്‍ക്കാ....ആ ഹറാംപെറന്നോന്‍ ചായക്കാശ് തന്നിട്ടില്ല.'
ഏതു ഹറാംപെറന്നോന്റെ കാര്യമാണ് അയാള്‍ പറയുന്നതെന്ന് അവള്‍ക്കു മനസ്സിലായില്ല. അവള്‍ ചോദിച്ചുമില്ല.
പാത്തുമ്മുവിന്റെ മനസ്സറിഞ്ഞിട്ടെന്നോണം അവറൂക്ക പറഞ്ഞു:
'ആ പൊരുത്തേരന്‍ ചോയി......ഓന്‍ പശൂനെ വിറ്റു വരുമ്പോള്‍ തരാംന്നു അവ്വല് സുബഹിക്ക് പോയതാണ്. വൈന്നേരത്തെ ചായ കുടിക്കാനും വന്നിട്ടില്ല. അതിപ്പളും പീട്യേല് ഇരിക്ക്യാണ്.' 
അയാള്‍ പതിയെ മുറ്റത്തെ ഇരുട്ടിലേക്ക് ഇറങ്ങി. 
'ഓരോ ബലാലേള് മനുഷനെ ചിറ്റിക്കാന്‍ തീര്‍ന്നിട്ട്......' മുന്നോട്ടു നടക്കുന്നതിനിടയില്‍ അയാള്‍ മുരണ്ടു.
അപ്പോള്‍ അയാളെ ലക്ഷ്യമാക്കി അവള്‍ 'അതേയ്....'എന്നൊരു ഒച്ചയിട്ടു.
'എന്താണ്ടീ...' അവറൂക്ക അസഹ്യതയോടെ തിരിഞ്ഞുനിന്നു.
ഒന്നമാന്തിച്ച ശേഷം പാത്തുമ്മു പറഞ്ഞു:
'അത് നമ്മക്ക് നാളെ അയാള്‍ ചായകുടിക്കാന്‍ വരുമ്പോ വാങ്ങാന്നേ..'
'അതിന് ഓന് ഇഞ്ഞി ചായകൊടുത്തിട്ടു വേണ്ടേ!...അതൊല്ല ഓന്റെ വൈന്നാരച്ചായ ഇയ്യ് കുടിക്കോ?'
അവറൂക്കാടെ ചോദ്യം അവളുടെ തൊണ്ടയില്‍ വീണുകുരുങ്ങി. പാത്തുമ്മുവിനു വാക്കുമുട്ടി. അയാളപ്പോള്‍ മുന്നോട്ടു നടക്കുവാന്‍ തുടങ്ങി. അത് കണ്ടപ്പോള്‍ പാത്തുമ്മു വരാന്തയുടെ അറ്റത്തേക്ക് ചെന്നു.
'ഈ കരിക്കൂടിയ മോന്തിക്ക്‌ കണ്ണും വെളിച്ചോംല്ലാണ്ട് പോണ്ട.വഴീല് വല്ല വള്ളിജാതീണ്ടാവും. ഞാന്‍ ചൂട്ടുണ്ടാക്കി തരാം.'
അയാള്‍ മറുത്തു പറയുന്നില്ലെന്നു കണ്ടപ്പോള്‍
അവള്‍  ‍അകത്തേക്കോടി.അവള്‍അപ്പറഞ്ഞത്‌ നല്ല കാര്യമാണെന്ന് തോന്നിയതുകൊണ്ട്  അയാള്‍ അവിടെത്തന്നെ നിന്നു.
'ഒര് ടോര്‍ച്ച് വാങ്ങാന്‍ പറഞ്ഞു തൊടങ്ങീട്ട് കാലം എത്ര്യായി!' ചൂട്ടിനൊപ്പം നീറിക്കത്തിക്കൊണ്ടാണ് പാത്തുമ്മു തിരിച്ചു വന്നത്.
ചൂട്ടുവാങ്ങി ഒന്നും മിണ്ടാന്‍ കൂട്ടാക്കാതെ അയാള്‍ നടന്നു. 
ഇടവഴിവിട്ട് നടവഴിയിലേക്ക് ഇറങ്ങിയ അയാളുടെ മനസ്സിലൊരു ഓലച്ചൂട്ടിന് തീപിടിച്ചു.നേര്‍ത്ത പൊട്ടലും ചീറ്റലും പുകച്ചിലുമൊക്കെയായി അത് കത്തിപ്പടരുവാന്‍ തുടങ്ങി.
കീഴോട്ടൂരുകാരായ ചായകുടിയന്മാരാരും ഇന്നേവരെ പതിവ്തെറ്റിച്ച് തന്നെ മിനക്കെടുത്തിയിട്ടില്ല. ആകെയൊരു തിരുപ്പൊപ്പിച്ചത് ശങ്കരന്‍മാഷാണ്. അയാള്‍ പാലക്കാട്ട് നിന്നു കുട്ടികളെ പഠിപ്പിക്കുവാനെത്തിയതാണ്. അയാള്‍ക്ക്‌ പണിത്തിരക്ക് കൊണ്ടോ വിവരക്കേട് കൊണ്ടോ പറ്റിയതാവണം. എന്നിട്ടിപ്പോള്‍ ഈ ഹറാംപെറന്ന കന്നാലിചോയി.......ഓര്‍ത്തും ചിന്തിച്ചും കത്തുന്ന മനസ്സും ചൂട്ടുമായി അയാള്‍ ചായക്കടക്കു മുന്നില്‍ നിന്നു. 
        ചൂട്ട് ഒതുക്കിപ്പിടിച്ച് അയാള്‍ കടയ്ക്കുള്ളിലേക്ക് കയറി. വീതനപ്പുറത്ത് ഒരു നാഴിഗ്ലാസ്സില്‍ നിറച്ചു വെച്ചിരുന്ന കട്ടന്‍ചായയെടുത്തു. പുറത്തുകടന്നു പതിയെ ചൂട്ടുവീശി പാണന്‍തറ ലക്ഷ്യമാക്കി പടിഞ്ഞാറോട്ട് നടക്കുമ്പോള്‍ അയാളുടെ ഇടംകൈയിലൂടെ പേടിച്ചരണ്ട കരിയുറൂമ്പുകള്‍ പ്രാണനുംകൊണ്ട് പരക്കംപാഞ്ഞു. 
പുഴവക്കത്തെത്തിയപ്പോള്‍ അയാള്‍ വടക്കോട്ട് തിരിഞ്ഞു. അയാളുടെ ഇടതുവശത്ത് മാറുവരണ്ട പുഴ ഇരുട്ടിനെ പുണര്‍ന്ന് തളര്‍ന്നുകിടന്നു. പുഴയില്‍ ആരൊക്കെയോ വട്ടമിട്ടിരുന്ന് സൗഹൃദം നുണയുകയാണ്. അവറൂക്ക പുഴയെയോ പുഴയിലിരിക്കുന്നവരെയോ കണ്ടില്ല. കുറച്ചകലെയായി ഒന്നുരണ്ട് ബീഡിക്കണ്ണുകള്‍ എറിയുന്നത് കണ്ടപ്പോള്‍ 'ചോയിണ്ടാ അവിടെ' എന്ന് അയാള്‍ വിളിച്ചുചോദിച്ചു .'ഇല്ല'....എന്ന ഉത്തരം അയാളെ തൊട്ടുകൊണ്ട്‌ ഇരുട്ടിലൂടെ എങ്ങോട്ടോ പാഞ്ഞുപോയി. 
അവറൂക്ക ചെല്ലുമ്പോള്‍ ചോയിയുടെ മുറ്റത്ത് ആളും വെളിച്ചവുമുണ്ടായിരുന്നു.ചുറ്റുവട്ടത്താകെ നേര്‍ത്ത തേങ്ങലുകള്‍ .
അയാള്‍ ചൂട്ട് വീശിക്കൊണ്ടു തന്നെ മുറ്റത്തേക്ക്‌ കയറി.
മുറ്റത്ത് കൂടിനില്‍ക്കുന്നവരില്‍ തന്റെ കടയിലെ പതിവുകാരില്‍ ഒരാളായ മാക്കോതയെ അയാള്‍ തിരിച്ചറിഞ്ഞു.
'എന്താവ്ടെ ആളുകൂടിയിരിക്ക്ണ്? അയാള്‍ ചോദിച്ചു.
അവറൂക്കയെ നന്നായി അറിയാവുന്ന മാക്കോത അയാളുടെ കൈയിലെ ഗ്ലാസ് നോക്കിക്കൊണ്ട്‌ മിണ്ടാതെ നിന്നു.
'നമ്മടെ ചോയീടെ ചെറിയ ചെക്കന്‍ മരിച്ചു.' ആരോ അയാളോട് പറഞ്ഞു.
ഇത്തിരിനേരം ചിന്തിച്ചു നിന്ന ശേഷം അവറൂക്ക മാക്കോതേ...എന്ന് വിളിച്ചു. 
മാക്കോത തലയുയര്‍ത്തി.
'ഓന്‍ അകത്താവും...ഇയ്യിത് ഓന് കൊട്ക്ക് .ഇന്നട്ട് ക്ലാസും പൈസീം വാങ്ങ്‌.'
ഗ്ലാസ്സുമായി മാക്കോത പകച്ചു നില്‍ക്കെ അയാള്‍ ചൂട്ട് കുത്തിക്കെടുത്തുവാനുള്ള ശ്രമം തുടങ്ങി.        ‍ ‍    ‍                    ‍                                

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ