2013, ജൂൺ 28, വെള്ളിയാഴ്‌ച

നടപ്പ് /എഴുത്ത്

നടപ്പ് /എഴുത്ത്
നസീർ കടിക്കാട്

നോവലിന്റെ പരിചയപ്പെടുത്തലിൽ അനൂപ് ചന്ദ്രൻ പറയുന്നുണ്ട്,ഭ്രാന്ത് മാറ്റാനുള്ള ഉപാധികളിൽ ഒന്നാണ് ഫാസിലിന് നടത്തമെന്ന്.പേടി മാറ്റാനുള്ള ഉപാധികളിൽ ഒന്നാണെന്ന് തിരുത്തുകയാണ് ഞാൻ.നട്ടപ്പാതിരാക്ക് കല്ലൂർന്ന് ഗുരുവായൂർക്ക് നടന്ന നടപ്പിനെക്കുറിച്ച് ഫാസിൽ തന്നെ സ്വകാര്യമായി എന്നോടു പറഞ്ഞിട്ടുണ്ട്.പരിചിതമായ ഭൂപ്രദേശമായതു കൊണ്ടാവാം നടപ്പുദീനങ്ങളോടൊപ്പം ഒറ്റയ്ക്ക് ഞാനും നടന്നുപോയിട്ടുണ്ട്. വഴിക്കാണ് മുഖമ്മൂടി മുക്ക് എന്ന സ്ഥലം.അവിടെയെത്തുമ്പോളാണ് പേടി വന്നു കെട്ടിപ്പിടിക്കുക.ഗുണ്ടകൾക്കും മഹാനഗരങ്ങൾക്കും മുമ്പേ മുഖമ്മൂടിയും കൊള്ളയും കൊലയും മലായി കുഞ്ഞിമോനുമെല്ലാം കൂടിച്ചേർന്ന മെട്രോസിറ്റിയായി (മിത്തായി) മുഖമ്മൂടി മുക്ക് നടപ്പുജീവിതത്തെ പേടിപ്പിക്കുകയായിരുന്നു.അവിടെത്തന്നെയാണ് നായാടിക്കോളനിയും. വഴി നടന്നുപോയൊരാളുടെ പേടിയുടെ ജൈവരേഖയായി ആധാരമായി പുസ്തകത്തെ പുനർനിർണ്ണയിക്കുവാനാണ് എന്റെ പേടി.ഫോണിൽ വിളിക്കുമ്പോഴെല്ലാം ഫാസിലിന്റെ ശബ്ദത്തോടൊപ്പം ഒരു നടപ്പുവഴിയുടെ ശബ്ദവും കേൾക്കാറുണ്ട്.അവിചാരിതമായി കണ്ടുമുട്ടുമ്പോൾ അതു നടപ്പുവഴിയുടെ അരുകിലാവാറുണ്ട്.അപ്പോഴെല്ലാം കോമ്പസ്സ് കൊണ്ടൊരു വൃത്തം വരയ്ക്കും.പേടിച്ചു പേടിച്ച് വേട്ടക്കോലിനെ ശരീരമെന്നൊരു തൊണ്ടിൽ ഒളിപ്പിക്കും.

കണ്ണാടി നോക്കുന്നതിന്റെ പ്രത്യയശാസ്ത്രസുഖത്തെ പൊട്ടക്കിണറ്റിൽ തള്ളിയിട്ടു കൊല്ലുന്നതിന്റെ അതിഭയങ്കരമായ പ്രാണസുഖം നോവൽ തരുന്നുണ്ട്.മുഖമ്മൂടി മുക്കിന്റെ പേരു മാറിയിട്ടും,അതിന്റെ ഗൂഗിളെർത്തിൽ ഫർണീച്ചർ കമ്പനി,ആർട്സ് കോളേജ് ,ഷോപ്പിംഗ് മാൾ ,പലനില വീടുകൾ ,പ്രണയം,റിയൽ എസ്റ്റേറ്റ് ,അനാഥാലയം ,ഒളിച്ചോട്ടംഇതൊക്കെ വന്നിട്ടും നായാടിക്കോളനിയുടെ സർക്കാർ രേഖയും പഴയൊരാ പേരും പേടിയും ഒഴിഞ്ഞുപോകാതെ നട്ടുച്ചയ്ക്കും മനുഷ്യരെ പേടിപ്പിക്കുകയാണ്.

പേടികളുടെ എഴുത്തുപുസ്തകമാണിത്.

കൂട്ടിവായിക്കുവാനും കൂട്ടിയെഴുതുവാനും അക്ഷരമാല വേണ്ടെന്ന് ഉപശീർഷകപ്പെടുന്ന കഥയെഴുത്ത് എല്ലാ കാലത്തും ഭാഷയുടെ വ്യാകരണസ്വഭാവങ്ങളെ അനായാസപ്പെടുത്തുകയും അന്യവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്.കൂട്ടിവായിക്കുന്നതും കൂട്ടിയെഴുതുന്നതും ഒരാളുടെ നടപ്പിലോ ഇരിപ്പിലോ കിടപ്പിലോ അനാവശ്യവും അശ്ലീലവുമാണ്.ആൾക്കൂട്ടമാണ് അത് നിയമം പോലെ ബലവത്താക്കുന്നത്.അതിൽ കൃത്യമായ ഗുണ്ടായിസം പ്രവർത്തിക്കുന്നുണ്ട്.അത്തരമൊരു ഗുണ്ടാ മാനിഫെസ്റ്റോ ഭാഷയിൽ നിന്നു പുറത്തു കടക്കുക എന്നതു തന്നെയാണ് വായനയുടേയും എഴുത്തിന്റേയും സ്വത്വവും സ്വാതന്ത്ര്യവും.അവിടെയാണ് പൊതുസമൂഹം,സാമൂഹ്യജീവിതം,രാഷ്ട്രീയ പ്രബുദ്ധത,വിപ്ലവം എന്നിങ്ങനെയുള്ള ജനായത്ത പ്രസ്ഥാനപ്രദേശങ്ങൾ, സ്വകാര്യമായ ജീവി,ജീവിതം എന്നിവയുടെ പ്രാന്തപ്രദേശങ്ങളെ കീഴ്മേൽ മറിക്കുന്നതും,ചരിത്രത്തിൽ നിന്ന് നിശ്ശബ്ദമായി ആട്ടിയോടിക്കുന്നതും.

ജനജീവിതമെന്ന നിലയിൽ നിത്യോപചാരങ്ങൾ ,ചേഷ്ടകൾ,ദൈവങ്ങൾ ,അനുഷ്ടാനങ്ങൾ,കൊടുക്കൽ വാങ്ങലുകൾ,കുടുംബബന്ധങ്ങൾ,കച്ചവട ബന്ധങ്ങൾ എന്നിവയും ഇവയുടെ ഉപക്രമങ്ങളും അക്രമകരമായി ഭാഷയിൽ ഇടപെടുന്നതിന്റെ അപകടം/മൺമറയൽ രൂക്ഷമായ പരിസ്ഥിതി രാഷ്ട്രീയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.”മരുഭൂമികൾ ഉണ്ടാകുന്നത്എന്ന് മലയാളത്തിലൊരു നോവലിന് പേരുണ്ടാകുന്നത് ഇത്തരമൊരു പേടിയുടെ ജീവകാരുണ്യത്തിൽ നിന്നു തന്നെയാണ്.

ഒരാൾ ഒരാളെ ഓർക്കുന്നതിന്,വഴി ചോദിക്കുന്നതിന്, സ്നേഹിക്കുന്നതിന്, ദേഷ്യപ്പെടുന്നതിന്, പകവീട്ടുന്നതിന് നിശ്ചിതമായ അക്ഷരരൂപങ്ങളും അക്ഷരാഭ്യാസവും കുത്ത് കോമ അർദ്ധവിരാമം ചോദ്യചിഹ്നം ആശ്ചര്യചിഹ്നം എന്നിങ്ങനെ ഭാഷാധിഷ്ടിത മൂല്യബോധങ്ങളും അടിയന്തിരമാണെന്ന ആധുനിക കഥ പറച്ചിൽ രീതികളോട് (സാമൂഹ്യജീവിതത്തോട്) മടുത്തു പെരുമാറുന്ന എഴുത്തു ഭാഷാ വ്യവഹാരമാണ് പുസ്തകത്തിലെ ആൾപ്പെരുമാറ്റം.ഒരിടത്തും കാലവും സമയവും കടന്നു കയറുന്നില്ല. മഴയോ,മഞ്ഞോ,വെയിലോ,ആകാശമോ,മരങ്ങളോ ഒന്നുമില്ല.ഒരു പക്ഷിയും പറക്കുന്നില്ല.ഒരു മൃഗം പോലും അലറുകയോ മുക്രയിടുകയോ ചെയ്യുന്നില്ല.ഒരു വീടിനെക്കുറിച്ചും വീട്ടുപരിസരത്തെക്കുറിച്ചും സൂചനയില്ല.ഇത്തരത്തിൽ ആധാരരേഖകളില്ലാത്ത ജീവിതത്തിന്റെ അവ്യവസ്ഥകളിൽ നിന്ന് സ്വരൂപപ്പെടുത്തിയെടുക്കേണ്ടി വരുന്നു നോവൽവായനയിലെ അവനവന്റെ മുഖമ്മൂടി മുക്കും പേടിയും കാലവും പ്രകൃതിയും.

പള്ളിമണികളുടെ ശബ്ദം കേട്ടാണ് ഷാനിബ കണ്ണുതുറന്നത്

കോമ്പസ്സും വേട്ടക്കോലും ആരംഭിക്കുന്നത് വാചകത്തിലാണ്.ദൈവത്തിന്റെയോ പ്രർത്ഥനയുടെയോ ഓർമ്മകളുടെയോ മുഴക്കത്തോടെ.ഷാനിബയും ഗൌരിയും ഗൌരിയുടെ അമ്മയും-ഇങ്ങിനെ മൂന്നു സ്ത്രീജീവിതത്തിന്റെ അനിശ്ചിതമായ ജീവിതത്തെ മുഴക്കിക്കൊണ്ട്.നോവലിന്റെ തുടർച്ചയിൽ പിന്നേയും സ്ത്രീകൾ കടന്നു വരുന്നുണ്ട്.സ്വർണ്ണത്തലമുടിയും നുണക്കുഴികളുമുള്ള സിൻഡ്രെല്ല,ചീത,മാളു,മലവായി,ചെറുനീലി,കരിനീലി,മലങ്കുറത്തി,കുലമുത്തശ്ശിതികച്ചും ഗ്രാമീണമായ പെൺജീവിതത്തിന്റെ കൊടുക്കൽവാങ്ങലുകളിൽ ദൈവങ്ങളുടേയും പ്രാർത്ഥനയുടേയും ഓർമ്മകളുടേയും ചായ്പുകൾ,ചായ്പുകൾക്കപ്പുറത്ത് കാർഷികതയുടെ പുഞ്ചക്കോളുകൾ,വരമ്പുകൾ,അതിനുമപ്പുറം കുന്നുകൾ ,മലകൾ.ഇങ്ങിനെ പെണ്ണും പ്രകൃതിയുമായുള്ള വലിയൊരിണക്കത്തിന്റെ ജൈവികതയെ നോവലിന്റെ ശരീരത്തിലേക്ക് കൊണ്ടുവരുന്നുണ്ട്.സ്ത്രീശരീരം മാത്രമായ ഒരിടമോ എന്ന സാമാന്യസംശയത്തെ പ്രകൃതി,വിശ്വാസം തുടങ്ങിയ പ്രാചീനരേഖീയവുമായി വീണ്ടും ബന്ധിപ്പിക്കുന്നതിലൂടെയോ,ഷാനിബയുടെ കോമ്പസ്സിലൂടെയോ  ഗൌരിയുടെ ഇര എന്ന ഛേദത്തെ മറികടക്കുവാനാവാത്തതിന്റെ പേടിയായിത്തന്നെ പുസ്തകത്തെ വായിക്കുകയാണ്.നീലക്കണ്ണുകളുള്ള സിൻഡ്രെല്ലയുടെ ചിത്രം വരയ്ക്കുമ്പോൾ പോലുംകരിയും വെണ്ണീറും ഇരുണ്ട മേഘപടലങ്ങളും ഛായപ്പെടുന്നതിലൂടെ ,ഈയൊരു പേടിജീവിതത്തെ തന്നെയാണ് എഴുത്തുകാരൻ ബലപ്പെടുത്തുന്നത്.ന്യൂനത്തിലേക്കും അധികത്തിലേക്കുമുള്ള സ്ത്രീ സ്വത്വത്തിന്റെ സഞ്ചാരം നോവലിലാകെ പരന്നുകിടക്കുകയും ചെയ്യുന്നുണ്ട്.ഒരു ഊഞ്ഞാലാട്ടം പോലെ.

ഇന്നത്തെ നോവൽ എന്നൊരു വായനയിൽ ഇതൊരു പോരായ്മയായി മാറുന്നുണ്ടോ?

പുസ്തകത്തിന്റെ ഉള്ളനക്കങ്ങളിൽ ഉടനീളം അബലയായ പെൺജീവിതത്തെ മാത്രം   ഒറ്റപ്പെടുത്തി വായിക്കേണ്ടതില്ല എന്നു തോന്നുന്നു.ഇര എന്ന അരക്ഷിതത്വത്തിൽ അകപ്പെടുന്ന ഗൌരിയേയും,പ്രതിരോധത്തിന്റെ കോമ്പസ്സ് വൃത്തം വരയ്ക്കുവാൻ ശ്രമിക്കുന്ന ഷാനിബയേയും പോലെത്തന്നെ അയ്യപ്പനേയും,ശിവരാമനേയും വായിക്കാനാവുന്നു.പ്രാക്തനമായ അറിവുകളിലെ പെണ്ണൊരുത്തികളെപ്പോലെ ആണൊരുത്തന്മാരേയും വായിക്കാനാവുന്നു.ഒരു കോമ്പസ്സ് വൃത്തത്തിലൂടെയല്ല മറിച്ച് ദീർഘമായൊരു നേർരേഖയിലൂടെയാണ് ആണും പെണ്ണുമായ ഇതിലെ എല്ലാ മനുഷ്യരും ജീവിതം ജീവിച്ചുതീർക്കുന്നതെന്ന് കാണാം.അശാന്തവും പേടി നിറഞ്ഞതുമായ ഒരു ഗ്രാമമുക്കിന്റെ വ്യവഹാരഭാഷ അങ്ങിനെ നോവലിൽ ഉടനീളപ്പെടുകയാണ്.

എഴുത്തുകാരന്റെ ആദ്യനോവലെങ്കിലും ,ഫാസിൽ എഴുതിത്തീർത്തിട്ടുള്ള കഥകളിലെല്ലാം ഈയൊരു അരക്ഷിതത്വത്തിന്റെ അവസാനിക്കാത്ത ജിജ്ഞാസ കാണുവാനാകും.ഓരോ എഴുത്തുകാരനും എഴുത്തിൽ അയാൾ /അവൾ ജീവിച്ചു തീർക്കേണ്ടുന്ന ഒരു വിധിയും ജീവിതവുമുണ്ട്.അതിനെ സത്യസന്ധമായി ഏറ്റെടുക്കുവാൻ കഴിയുകയെന്നതിന് എളുപ്പവിദ്യകളൊന്നുമില്ലെന്നിരിക്കെ പരകായപ്പെടുക മാത്രമേ സാധ്യമായുള്ളൂ.ഗൌരിയിലേക്കും ഷാനിബയിലേക്കും അയ്യപ്പനിലേക്കും ശിവരാമനിലേക്കും മാത്രമല്ല.നോവലിന്റെ ആന്തരഘടനയിൽ ഉപകഥകളായി വരുന്ന അരൂപികളിലേക്കും എഴുത്തുകാരന് അനായസം പരകായപ്പെടാൻ കഴിഞ്ഞിട്ടുണ്ട്.

നായാടി/ആമ

പരിചിതമായ ഇടമായതുകൊണ്ടാവണം നായാടി രാമനും,രാമന്റെ ജീവിതവും സഞ്ചാരവും കൂക്കും വെറിയും ദൈന്യതയും വേട്ടക്കോലുമായുള്ള നടപ്പും.കറുപ്പുമുണ്ടിന്റേയും ഭാണ്ഡത്തിന്റേയും ഭാരവും.തീയിൽ കിടന്ന് ആമ വേവുന്നതിന്റെ മണവുമെല്ലാം നോവലിൽ പേടിയുടെ വ്യാകരണത്തെ കൊണ്ടുവരുന്നത്.ആമയെപ്പോലെ അകജീവിതത്തിന്റെ ഒരിഴച്ചിൽ ഉടനീളം ഇതിന്റെ ഭാഷയെ സ്വകാര്യപ്പെടുത്തുന്നതും.ചെറിയ സ്വപ്നങ്ങളിലേക്കു പോലും ഒരാളും കടന്നു ചെല്ലുന്നില്ല.സ്വപ്നങ്ങൾ ഇവരുടെയെല്ലാം ഉറക്കത്തിലും ഇടപെടുന്നുണ്ടാകാം.അതുപക്ഷെ ജീവിതത്തെ തെല്ലും തൊടുന്നില്ല.ഒരു തെയ്യത്തെയ്യക്കോലത്തിന്റെ ആന്തരികസത്ത ഇവിടെ ജീവിതത്തെ നടത്തിക്കൊണ്ടു പോവുകയാണെന്നു തോന്നുന്നു.നോവലിലൊരിടത്ത് അക്വേറിയത്തിന്റെ ഗ്ലാസ്സ് ഭിത്തിയിലൂടെ കാണുന്ന വിശാലമായ ലോകം ആമയെ പ്രലോഭിപ്പിക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്.അത്ര ലളിതവും അനായാസവുമായാണ് സ്വപ്നത്തോടു പോലുമുള്ള സമീപനം.അക്വേറിയത്തിലെ ആമയെ അയ്യപ്പൻ രക്ഷപ്പെടുത്തുമ്പൊഴോ,ആമയെ ജലജീവിതത്തിലേക്ക് ഷാനിബ തിരിച്ചയക്കുമ്പോഴോ ആവേശപ്പെടലുകളൊന്നുമില്ല.നോവലിൽ പരന്നുകിടക്കുന്ന ദൈന്യതയുടെ ഒരനക്കം മാത്രമായേ അതും അനുഭവപ്പെടുന്നുള്ളൂ. ദൈന്യതയാവട്ടെ പേടിജീവിതത്തിന്റെ ഉപനിർമ്മിതി തന്നെയാണ്.അതിനുമപ്പുറത്തേക്കുള്ള വഴി എഴുത്തുകാരന്റേതല്ല എന്ന വിശ്വാസിക്കാതെ വയ്യ. അതുകൊണ്ടുതന്നെ നോവൽ ഒരു പ്രത്യയശാസ്ത്രത്തേയും പങ്കുവെക്കുന്നില്ല എന്നൊരു താഴ്ച ആരോപിക്കപ്പെടാവുന്നതുമാണ്.ജീവിതത്തോളം വലുപ്പമുള്ള എന്തു പ്രത്യയശാസ്ത്രമാണ് നമുക്കു ചുറ്റുമുള്ളത്.ആമയും മനുഷ്യനുമെല്ലാം ഉൾപ്പെട്ട ജീവികൾ,അവരുടെ നിത്യപ്പെടലുകൾ ഇതിനെ കേന്ദ്രീകരിച്ചു രൂപപ്പെടുത്തിയെടുത്ത അനേകം പ്രത്യയശാസ്ത്രങ്ങളുടെ മറ്റൊരു പേടിലോകത്തെക്കൂടി നോക്കിനിന്നു കൊണ്ടു വേണം ഇന്ന് എഴുത്തുകാരൻ അയാളുടെ വിധിയെ ജീവിപ്പിക്കുവാൻ.കോമ്പസ്സും വേട്ടക്കോലും അങ്ങിനെയൊരു ജീവിതരേഖ തന്നെയാണ്.

മലയാളത്തിലെ നവോത്ഥാന കഥയെഴുത്തിന്റെ രാഷ്ട്രീയനിർഭരമായ രീതികൾക്കു ശേഷം വന്ന ആധുനിക കഥരീതിയോടു ചേർന്നു നിക്കുന്നതാണ് ഫാസിലിന്റെ എഴുത്ത് എന്നു തോന്നുന്നു.നവോത്ഥാന കഥാകാരന്മാർ/കഥാകാരികൾ മാറ്റം എന്നൊരു സാമൂഹ്യ-രാഷ്ട്രീയ ഗതിയോടൊപ്പം സഞ്ചരിച്ചുവെങ്കിൽ ആധുനികകഥാ സാഹിത്യത്തിൽ വൈയക്തികമായ കൊടുക്കൽ വാങ്ങലുകളിലെ രാഷ്ട്രീയമാണ് പങ്കുവെച്ചത്.അവിടെ ദൈവവും വിശ്വാസങ്ങളും മിത്തുകളും പ്രകൃതിയുമെല്ലാം കൂടുതൽ ശക്തമായി വ്യക്തിസത്തയിൽ ഇടപെടുന്നതായി കാണാം.ഭൂമിശാസ്ത്രപരമായ വ്യതിയാനങ്ങളും അതിന്റെ ഘടനയെ സ്വാധീനിക്കുകയുണ്ടായി.തെക്കൻകേരളത്തിന്റെ ഗ്രാമ്യസങ്കീർണതയെ കാക്കനാടൻ ഉഷ്ണമേഖലയിലും,മദ്ധ്യകേരളത്തിന്റെ ഗ്രാമ്യസങ്കീർണതയെ കോവിലൻ തോറ്റങ്ങളിലും,വടക്കൻ കേരളത്തിന്റെ ഗ്രാമ്യസങ്കീർണതയെ എൻ.പി.മുഹമ്മദ് ദൈവത്തിന്റെ കണ്ണ് എന്ന നോവലിലും ഒരുതരം മിത്തിക്കൽ രൂപമായിത്തന്നെയാണ് എഴുതിയിട്ടുള്ളത്.അത്തരമൊരു എഴുത്തിന്റെ തുടർച്ചയായാണ് നോവൽ എന്റെ സ്വകാര്യവായനയ്ക്ക് അനുഭവപ്പെട്ടത്.

നോവലിന്റെ അവസാനവരി:
 …അസഹ്യതയോടെ ശിരസ്സു കുടഞ്ഞുകൊണ്ട് വീട്ടിലേക്കുള്ള ഇടവഴിയിലൂടെ ഷാനിബ തിരക്കിട്ടു നടന്നു.

.............................................................
കോമ്പസ്സും വേട്ടക്കോലും
ഫാസിൽ

മാതൃഭൂമി ബുക്സ്