2010, ഫെബ്രുവരി 9, ചൊവ്വാഴ്ച

പള്ളി താങ്ങിയവര്‍


വൈലത്തൂക്കാരന്‍ വറീത് വയറ്റിലൊരു ഉപഷാപ്പും മനസ്സില്‍ നിറയെ നിലാവും ചുണ്ടില്‍ പുളിച്ച തെറിയുമായി തെരുവിലൂടെ തെക്കോട്ട് തെന്നിത്തെന്നി നീങ്ങുകയായിരുന്നു. പള്ളിക്ക് മുന്നിലെത്തിയപ്പോഴാണ് വിശുദ്ധന്റെ ഓര്‍മ്മ വയറ്റിലുള്ളവനെ അടിച്ചമര്‍ത്തിയത്. വറീത്
തെരുവില്‍ മുട്ടുകുത്തി . 'കൊച്ചുമേരിക്ക് നല്ലതു വരുത്തണേ' എന്ന് പ്രാര്‍ഥിച്ചു ,വിസ്തരിച്ചൊരു കുരിശും വരച്ചു എഴുന്നേറ്റു.
ഡാ... വറീതേ...
    നടക്കാന്‍ തുടങ്ങിയ വറീത് നിന്നു. അയാളുടെ കണ്ണുകള്‍ ഭയത്തോടെ സെമിത്തേരിയിലേക്ക് പാഞ്ഞു. കുടുംബത്തുനിന്നു ചത്ത്‌ മണ്ണടിഞ്ഞവരുടെയൊക്കെ രൂപം ഒരു നിമിഷം വറീതിന്റെ മനസ്സില്‍ നിറഞ്ഞു. നിലാവ് നിറഞ്ഞ പള്ളിമുറ്റത്താരോ നില്‍ക്കുന്നത് വറീത് കണ്ടു .
'ഏതു പണ്ടാരക്കാലനാടാ ഈ പാതിരാത്രിക്ക്?.....ഓ ....വറീതിനോട് പ്രേമം തോന്നാന്‍ കണ്ട നേരം! ' വറീത് മുണ്ടു മടക്കിക്കുത്തിക്കൊണ്ട്  ഒച്ചയിട്ടു.
ഞാനാടാ ശവീ....
'ഞാനെന്നു വെച്ചാല്‍ പുണ്യാളനാണോ, അതോ ചത്തുപോയ എന്റപ്പനോ?'
'അപ്പേട്ടനാടാ വറീതേ '
വറീത്‌ പള്ളിമതിലില്‍ ചാരി നിശ്വസിച്ചു. 
'അപ്പേട്ടന്‍ പാതിരാകുര്‍ബാന കൊള്ളാന്‍ വന്നതാവും?'
'അല്ലെടാ ശവീ, നീയിങ്ങട്ട് വാടാ'
'അപ്പേട്ടാ ഞാന്‍ പോവ്വാ എന്റെ പെണ്ണൊരുത്തി കാത്തിരിക്കും.'
'പെണ്‍കോന്തനാവാതെടാ ശവീ, നീയിങ്ങട്ടു വാടാ...'
വറീത്‌ പള്ളിപ്പറമ്പിലേക്ക് കയറി .
'വറീതേ എനിക്കൊരു സംശം.'
'എന്നതാ അപ്പേട്ടാ?'
'നമ്മുടെ പള്ളി ചായുന്നുണ്ടോടാ വറീതേ?' 
'ഹെന്റെ കര്‍ത്താവേ...'
വറീത്‌ നെഞ്ഞത്തടിച്ച് പിറകോട്ട് മാറി, പള്ളിയെ ആകെയൊന്നു നോക്കി. പള്ളിയുടെ നീളന്‍ നിഴല്‍ വറീതിന്റെ കണ്ണില്‍പ്പെട്ടു.
'ഇച്ചിരി വടക്കോട്ടാണോ അപ്പേട്ടാ?' 
'അതേടാ വറീതേ'
അപ്പേട്ടന്‍ കരയാന്‍ തുടങ്ങിയപ്പോള്‍ വറീതിനും സങ്കടം വന്നു.
'ഷാപ്പീന്നെറങ്ങീതാ വറീതേ.ഇവിടെത്തിയപ്പോ ഒന്നു പ്രാര്‍ഥിക്കണന്ന്‍ തോന്നി. അപ്പളാണ്......'
'അപ്പേട്ടാ..നല്ല തെങ്ങിന്‍കഴ കിട്ടിയാല്‍ പള്ളിക്കൊരു താങ്ങങ്ങട് കൊടുക്കാം.'
'കഴ  കിട്ടണ്ടെടാ ശവീ?'
'ഞാനെടുത്തോണ്ട് വരാന്നേ.'
വറീത്‌ നടത്തം തുടങ്ങി.
'നീ വരണേ മുമ്പ് പള്ളി വീണാലോടാ'
'വീഴട്ടെ, അപ്പേട്ടാ നമ്മക്ക് പുത്യ പള്ളി കേറ്റണം.' 
'അയ്യോടാ വറീതേ ഈ ഞായറാഴ്ച ഞാന്‍ കുമ്പസാരിക്കാനിരുന്നതാടാ.'
'അപ്പേട്ടന്‍ കുമ്പസാരിച്ചോ.' 
'പള്ളിയില്ലാതെങ്ങനാടാ കുമ്പസാരം?'
'പിന്നെ എന്നതാ വഴി?'
'എടാ വറീതേ...' 
'എന്നതാ അപ്പേട്ടാ?' 
'നീയും ഞാനും സത്യകൃസ്ത്യാനികള്...സത്യകൃസ്ത്യാനീടെ കൈയിനെക്കാള്‍ വല്ല്യൊരു കഴയുണ്ടോടാ'
'ഇല്ലേയില്ല .'
'എന്നാ താങ്ങ് വറീതേ.' 
'ഇന്നാ പിടി അപ്പേട്ടാ ...'
'നില്ലെടാ.....ഇന്നാ ഒരു കവിള്‍' 
കുപ്പി അരയില്‍ തന്നെ തിരുകി രണ്ട് വൈലത്തൂക്കാരും കൂടി വിയര്‍ത്തൊലിച്ച്,നിലാവ് മായുംവരെ പള്ളിക്ക് താങ്ങായി നിന്നു .
പള്ളിയുടെ നിഴല്‍ മാഞ്ഞപ്പോള്‍ അപ്പേട്ടന്‍ പറഞ്ഞു:
'ടാ ശവീ, സത്യകൃസ്ത്യാനീടെ കൈ വീണാല്‍ പള്ളിയല്ല അവന്റപ്പന്‍ വരെ നേരെ നില്‍ക്കും.'
'ശര്യാ...അപ്പേട്ടാ...നൂറു വട്ടം ശരി '
 'ഇന്നാ ഒരു കവിള്‍.'            ‍                     ‍                          

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ