2010, മാർച്ച് 2, ചൊവ്വാഴ്ച

ഹൈദറിന്റെ കെണി

കന്യാകുമാരി ക്ഷിതിയാദിയായ്ഗ്ഗോ-
കര്‍ണ്ണാന്തമായ് തെക്കുവടക്കു നീളെ 
അന്യോന്യമംബാശിവര്‍ നീട്ടിവിട്ട 
കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം...
ഏതാടോ ആ നല്ല രാജ്യം?
ലാസര്‍മാഷുടെ ചൂണ്ടുവിരല്‍ ബാക്ക്ബെഞ്ചിനു നേരെ നീണ്ടു. ഞങ്ങള്‍ പരസ്പരം മുഖത്തോടുമുഖം നോക്കി; 
ആരായിരിക്കും ആ ഭാഗ്യവാന്‍? 
തന്നോടുതന്നെ....തന്നോടുതന്നെ....
അറ്റന്‍ഷ്യനായി നിവര്‍ന്നു.പതിവു മറുപടിയും വീണു: നിശ്ച്യംല്ല..
ക്ലാസ്സില്‍ അലമ്പുണ്ടാക്കാന്‍ മാത്രം മിടുക്കുണ്ടായാല്‍ പോര കേട്ടോ?
ഊം.... സമ്മതിച്ചു.
എന്നാ ആ കൈയൊന്നിങ്ങട് നീട്ടിക്കേ....ഈ മിട്ടായ്യങ്ങട് കഴിച്ച് അവിടങ്ങട് ഇരുന്നോ.
അടിവീണു; ഒന്ന്‍....രണ്ട്....മൂന്ന്‍...
കൈവെള്ളയില്‍  മിന്നല്‍പ്പിണരുകള്‍.....
ശിക്ഷ നടപ്പാക്കി കഴിഞ്ഞെന്നു തോന്നിയപ്പോള്‍ ബെഞ്ചില്‍  ഇരുന്നു.
ഇരിക്കാന്‍ പറഞ്ഞില്ല!
എഴുന്നേറ്റു നിന്നു.
ആരോക്കെയായിരുന്നെടോ കൂട്ട്?
മൌനം വിഡ്യാനും ഭൂഷണം.....
മാഷുടെ പോക്കറ്റില്‍നിന്ന് ഒര് കടലാസുതുണ്ട് പുറത്തുവന്നു:ബാക്ക്ബെഞ്ചിലെ കുടിയേറ്റക്കാരുടെ പേരുകളത്രയും വായിക്കപ്പെട്ടു.
ബെഞ്ചു മുഴുവന്‍ നിവര്‍ന്നു. ചൂരല്‍ വായുവില്‍ ഉയര്‍ന്നുതാഴ്ന്നു. കൈവെള്ള ചുവന്നുതുടുത്തു. ക്ലാസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നപ്പോള്‍ അമര്‍ഷം പതഞ്ഞുപൊങ്ങി.
തല്ലിയ മാഷിനോടല്ല, അവനോട് ! അവന്‍......
ആദിത്യന്‍ നമ്പൂതിരി; ക്ലാസ് ലീഡര്‍...അവനാണ് പേരെഴുതി കൊടുത്തത്. കള്ളസുബര്‍....! അവനെ ഒറ്റയായും കൂട്ടായും തല്ലാം;പരിപ്പിളക്കാം....പക്ഷെ,ഹെഡ്മാഷുടെ സിംഹാസനത്തില്‍ ഇരിക്കുന്ന അന്തോണി മാഷുടെ മഞ്ഞച്ചൂരല്‍.....ഇടംകൈ പ്രയോഗം...ചിന്തയില്‍ മുള്ളുകള്‍ വീഴുന്നു. എന്നാല്‍ അവനെ വെറുതെ വിടുന്നത് മഹാമോശം....ലജ്ജാവഹം...!
              ഇന്റര്‍വെല്ലിന്റെ മണിമുഴങ്ങി. കുട്ടികള്‍ ആരവത്തോടെ  പാഞ്ഞിറങ്ങി കഴിഞ്ഞപ്പോള്‍ ക്ലാസ്സില്‍ ബാക്ക് ബെഞ്ചിലെ കുടിയേറ്റക്കാര്‍ മാത്രം ബാക്കിയായി;എന്തു ചെയ്യണമെന്നതാണ് പ്രശ്നവിഷയം. രണ്ടു മിനുട്ടിനുള്ളില്‍ പ്രശ്നപരിഹാരമായി.
 ബാക്ക്ബെഞ്ചിലെ ഉന്നതനായ ഹൈദര്‍ പറഞ്ഞു:  
ആ പച്ചക്കറിക്കുള്ളത് ഞാന്‍ കൊടുത്തോളാം.
എങ്ങനെ? ഞങ്ങള്‍ ഒന്നിച്ചു ചോദിച്ചു.
കണ്ടറിഞ്ഞോ....!
മറുപടി കേട്ടപ്പോള്‍ ഞങ്ങള്‍ ഹൈദറിനെ തനിച്ചാക്കി പുറത്തിറങ്ങി. അഞ്ചു മിനുട്ടിന് ശേഷം അവനും ഞങ്ങളോട് ചേര്‍ന്നു.
കൊടുത്തോ? ഞങ്ങള്‍ ചോദിച്ചു.
കെണി വെച്ചിട്ടുണ്ട്.
വീഴോ?
വീഴും....വീഴാതിരിക്കാന്‍ വഴിയില്ല.
        രണ്ടു പിരീഡ് കൂടി കഴിഞ്ഞു. അതുവരെ അജ്ഞാതമായ കെണിയെക്കുറിച്ച് വിചാരപ്പെട്ട് ഞങ്ങള്‍ സമയം കൊന്നു. 
ഉച്ചയ്ക്ക് ബെല്‍ മോങ്ങി....ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ ക്ലാസ്സില്‍ നിന്നു ഹമ്മേ....എന്നൊരു അലര്‍ച്ചയുയര്‍ന്നു. 
           തൊണ്ടയില്‍ കുരുങ്ങിയ ചോറ് ഇറക്കാനാവാതെ ഞങ്ങള്‍ തലയുയര്‍ത്തി. ആദിത്യനാണ് അലറിയതെന്നു മനസ്സിലായി. കിട്ടാവുന്ന വേഗത്തില്‍ പാത്രമെടുത്ത് അവന്‍ പുറത്തേക്ക് ഓടിപ്പോയി. അവന്റെ കണ്ണുകളിലെ ഭീതിയുടെ കാരണം തിരഞ്ഞ് ഞങ്ങള്‍ ഹൈദറിന് നേരെ കണ്ണയച്ചു. അവന്റെ ചുണ്ടിന്‍ കോണില്‍ മുനയുള്ള വില്ലന്‍ചിരി. 
           കുറച്ചു വൈകിയാണ് ആദിത്യന്‍ തിരിച്ചെത്തിയത്‌. അവന്‍ ആകെയൊന്നു മിനുങ്ങിയിരുന്നു. കുളിച്ചിട്ടുണ്ടെന്നു തീര്‍ച്ച. കൂടെ അവന്റെ അച്ഛനുമുണ്ട്.
ലെസ്സന്‍ ട്വു കിംഗ്‌ കോബ്രാ...എന്നു പറഞ്ഞു തിരിഞ്ഞ ഫ്രാന്‍സിസ്മാഷ്‌ പുറത്തേക്ക് ഇറങ്ങിപ്പോയി. കുറെ നേരം എന്തൊക്കെയോ സംസാരിച്ച്, തിരിച്ചു കയറുമ്പോള്‍ മാഷ്‌ ഒര് രാജവെമ്പാലയായി മാറിയിരുന്നു.
വെമ്പാല ചീറിയടുത്തു:
ആരെടാ അത് ചെയ്തത്? 
മൌനം.
ബാക്ക്ബെഞ്ച്.....ആള്‍ സ്റ്റാണ്ട് അപ്....
എല്ലാവരും നിവര്‍ന്നു.
ആരെടാ ചെയ്തത്?
പറയണോ?....വേണ്ട.....എല്ലാവര്‍ക്കും വേണ്ടിയല്ലേ അവന്‍ അത് ചെയ്തത്? 
നിശ്ച്യംല്ല്യ ....പതിവു വായ്ത്താരി വന്നു.
മാഷ്‌ പുകഞ്ഞു. പുകഞ്ഞുപുകഞ്ഞ് വഴി കണ്ടെത്തി.
കൈ നീട്ടെടാ....
അഞ്ചു കൈകള്‍ ഒന്നിച്ചു നീണ്ടു.
ചെയ്തത് ആരാണെന്ന് പറഞ്ഞോ....വെറുതെ തല്ലുവാങ്ങണ്ടാ...
പറഞ്ഞില്ല. ചൂരലേന്തിയ കൈ ചലിച്ചു. മൊത്തം ഇരുപത്...മാഷ്‌ കിതച്ചു. കഷണ്ടിയിലൂടെ വിയര്‍പ്പുതുള്ളികള്‍ താഴോട്ട് ഉരുണ്ടു.
ഇരിക്കെടാ..
ഇരുന്നു. സംഗതി ശുഭം.
ലെസ്സന്‍ ട്വൂ....കിംഗ്‌ കോബ്രാ..
ക്ലാസ് വിട്ടു മടങ്ങുമ്പോള്‍ ഹൈദര്‍ പറഞ്ഞു:
അടി കിട്ട്യേതിലല്ല വെഷമം....ഒരു അയിലയുടെ നടു നുറുക്കാണ് പോയത് !           ‌     ‍      
  ‍    ‍   ‍           ‍  
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ