2016, സെപ്റ്റംബർ 28, ബുധനാഴ്‌ച

ഭൂതയാത്ര – രാജേഷ് ചിത്തിരയുടെ(Rajesh Chithira)വായനക്കുറിപ്പ്

ഭൂതയാത്ര രാജേഷ് ചിത്തിരയുടെ(Rajesh Chithira) വായനക്കുറിപ്പ്
വര്ത്ത്മാനമാണ് സത്യമെന്നതൊരു പ്രബലവിശ്വാസമാണ്. അത് വര്ത്ത്മാനകാലത്തിലാണ് ജീവിക്കുന്നതെന്നതിന്റെ ആശ്വാസംകൊണ്ട് ബലപ്പെട്ടതുമാവാം. ഭൂതകാലത്തെപറ്റിയുള്ള അന്വേഷണം , എഴുതപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന അതിന്റെയെല്ലാ സാധൂതകളെയും നിരാകരിക്കുന്ന കണ്ടെത്തലുകളിലേക്കാവും ഒരാളെ കൊണ്ടെത്തിക്കുക. മിത്തുകളുടെയും അവിശ്വസനീയതകളുടെയും നിര്മ്മി തികൂടിയാവും അത്തരം അന്വേഷണങ്ങളുടെ അനന്തരഫലം. രണ്ടു സമാന്തരപാതകളായി ഭൂതകാലവും വര്ത്തണമാനകാലവും പ്രത്യക്ഷപ്പെടുന്നുണ്ട് ഫാസിലിന്റെ ( Mohammed Fadzil ) ഭൂതയാത്ര എന്ന നോവലില്‍.
ഗുരുവായൂര്‍ വച്ചാണ് ഫാസിലിനെ കണ്ടത്. ഏകദേശം നാല് വര്ഷmത്തിനു ശേഷം. ഫാസിലിന്റെ രണ്ടാമത്തെ നോവലാണിത് . കോമ്പസും വേട്ടക്കോലും എന്ന ആദ്യനോവലിന്റെ പ്രകാശനത്തില്‍ ആണ് ആദ്യം കണ്ടത്. ഏറെ സ്ത്രീപക്ഷ, ദളിത്‌ പക്ഷ രചനായിരുന്ന കൊമ്പസില്‍ ചെറുകഥാകൃത്തിന്റെതായ ചില അടയാളങ്ങള്‍ മറയാതെ കിടന്നിരുന്നുവെങ്കില്‍ ഭൂതയാത്ര പൂര്ണ്ണ മായും ഒരു നോവല്‍ ശ്രമമാണ്.
ആവേഗം കുറഞ്ഞ വര്ത്തപമാനകാല അനുഭവങ്ങളില്‍ നിന്നും മുന്ത ലമുറകളിലേക്കുള്ള സഞ്ചാരം ചടുലമാവുന്ന ഒരവസ്ഥയാണ് വായനയില്‍ അനുഭവിക്കുക. നാട്ടുകഥകളിലൂടെ സഞ്ചരിക്കുന്ന നേരങ്ങളില്‍ മാന്ത്രികതയുടെ ഉന്മാദം വായനക്കാരന് കൂട്ടുവരുന്നുണ്ട്. രണ്ടു കാലങ്ങളിലെ രാഷ്ട്രീയസാമൂഹ്യാവസ്ഥകളുടെ സുഗമമായ കൂടുമാറ്റം കഴിയാതെ വന്നു ജീവിതത്തില്‍ നിന്നും പുറത്താക്കപ്പെട്ടവരുടെ കഥയുണ്ട് ഒരിടത്ത്. പഴയ കൊച്ചി-മലബാര്‍ അതിര്ത്തി യിലെ ജീവിതരീതികള്‍, മലയായിലേക്ക് പുറപ്പെട്ടു പോയ ആദ്യ മനുഷ്യരുടെ അനുഭവപരിസരം, കനോലികനാല്‍, ഹിള്ര്‍-മോസ സഞ്ചാരങ്ങള്‍, തികച്ചും ഇസ്ലാമികമായ പുരാതനവാനനീരീക്ഷണവിജ്ഞാനങ്ങള്‍, അത്തരം അറിവിന്റെ ആഴവും പരിമിതികളും,സെമിറ്റിക് ആയ കൊടുക്കല്‍ വാങ്ങലുകള്‍, അങ്ങനെ വളരെ വിപുലവും സങ്കീര്ണ്ണൊവുമായ ഒരു കഥാപരിസരത്തിലെക്കുള്ള സഞ്ചാരത്തിനെ ഏറെ ലളിതമാക്കുന്നു ഫാസില്‍. മുഖ്താറിന്റെ ( Mukthar) ന്റെ വരകളും ഏറെ ഹൃദ്യം.
ലോഗോസ് ബുക്സ് (Logos Pattambi) ആണ് പ്രസാധകര്‍.

2016, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

എപ്പിസോഡിൽ ഒതുങ്ങാത്ത കൃഷ്ണൻകുട്ടി

സത്യം - ഒളിയിടങ്ങളും വെളിയിടങ്ങളും
-രാധാകൃഷ്ണൻ കാക്കശ്ശേരി

ഫാസിലിന്റെ കഥാപ്രവേശംകുട്ടാടൻ വിളിക്കുന്നുഎന്ന സമാഹാരത്തിലൂടെയായിരുന്നു. ആസ്വാദകമനസ്സിൽ പലതരം അലയൊലികൾ ഉണർത്തിയ ഒരു സർഗസാന്നിധ്യമായിരുന്നു കഥാപുസ്തകം. സ്വന്തമായി വലയും വള്ളവുമുള്ള, ക്രിയാപ്രമുഖമായ ഒരു സർഗപ്രതിഭയുടെ ആവിഷ്കാരമായിരുന്നു അതിലെ കഥകളെല്ലാം. തുടർന്നുവന്ന കഥാസമാഹാരങ്ങളും സമൂഹസാപേക്ഷമായ മനസ്സിന്റെ തീവ്രഭാവഭാവനകളുടെ ആവിഷ്ക്കാരമായിരുന്നു. വൈയക്തികമായ അനുഭവങ്ങളുടെ നിഴലിൽ ഒതുങ്ങാതെ ജീവിതത്തിന്റെ വെയിൽപ്പുറങ്ങളിൽ പലപ്പോഴും നർമ്മഭാവനയോടെ നിർമ്മമമായി നടന്നുനീങ്ങുന്ന ഒരു ആഖ്യാതാവിന്റെ ഹൃദയസാന്നിദ്ധ്യമാണ് പൊതുവെ കഥകളുടെ മുഖമുദ്ര. ജീവിതനിരീക്ഷണത്തിലും തത്ത്വനിർധാരണത്തിലും ആവിഷ്കാര ശൈലിയിലും ഉത്താനമായ ലാളിത്യമല്ല, ധ്വന്യാത്മകമായ സാരള്യമാണ് ഫാസിൽക്കഥകളുടെ അന്തരംഗധന്യത.
       തത്വം നിതരാം വ്യക്തമാക്കുന്ന ഏറ്റവും പുതിയ കഥാസമാഹാരമാണ്എപ്പിസോഡിൽ ഒതുങ്ങാത്ത കൃഷ്ണൻകുട്ടി.’ സമാഹാരത്തിൽ പത്തു കഥകളാണുള്ളത്. ഗ്രന്ഥനാമത്തിന്നർഹമായ കഥ, ദൃശ്യമാധ്യമങ്ങളുടെ മേഖലയിലേക്ക് അനുവാചകനെ ഉപനയിക്കുന്നു. എപ്പിസോഡുകളിൽ നിറയുന്ന ജീവിതവും അനുഭൂതിധന്യമായ യഥാർത്ഥജീവിതവും തമ്മിലുള്ള അന്തരം വളരെ ഹൃദയംഗമമായി കഥ ആവിഷ്കരിക്കുന്നു. മുൻകൂട്ടി തയ്യാറാക്കപ്പെട്ട തിരക്കഥയ്ക്കൊത്തു ചലിക്കുന്ന കൃഷ്ണൻകുട്ടിയും കഥാകൃത്തിന്റെ ഓർമ്മയിൽ നിറയുന്ന കൃഷ്ണൻകുട്ടിയും വ്യത്യസ്തമായ രണ്ടു ആവിഷ്ക്കരണ തലങ്ങളെ പ്രത്യക്ഷീകരിക്കുന്നു. സ്മൃതികളിൽ നിറയുന്ന ജീവിതചിത്രങ്ങളുടെ സ്വാഭാവികമായ അകൃത്രിമതയും ദൃശ്യമാധ്യമങ്ങളുടെ രംഗസംസ്ക്കരണ ദക്ഷതയിൽ നിറയുന്ന ജീവിതത്തിന്റെ കൃത്രിമതയും എത്രമാത്രം വിഭിന്നങ്ങളാണെന്ന്, അനുഭൂതിതലത്തിൽ അവ എത്രമാത്രം താരതമ്യം അർഹിക്കുന്നുവെന്ന് കഥ ഹൃദ്യമായ അനുഭവമാക്കി, നമ്മെ ബോധ്യപ്പെടുത്തുന്നു
      കൃത്രിമതയുടെ ആടയാഭരണങ്ങളില്ലാതെ ഹൃദയത്തിൽ നിറയുന്നുവെന്നതാണ് സമാഹാരത്തിലെ കഥകളുടെ പൊതുസ്വഭാവം. ‘തെങ്ങേറ്റം’ ‘കിളഎന്നീ കഥകൾ വർത്തമാനകാല സമൂഹത്തിന്റെ തീവ്രമായ ചില പ്രശ്നങ്ങളെ ധ്വന്യാത്മകമായി ഒട്ടൊരു നർമ്മഭാവനയോടെ സ്പർശിച്ചുപോകുന്നു. അടുത്ത കാലത്ത് തെങ്ങുകൃഷിയ്ക്ക് വന്നുപെട്ട ചില ദുരന്തങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്ന കഥാകൃത്ത് സമാന്തരമായി തൊഴിൽസമൂഹത്തിന്ന് വന്നുചേർന്ന ചില ദുരന്തങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. കടമകളെക്കുറിച്ചോർക്കാതെ അവകാശങ്ങളിൽ മാത്രം അഭിരമിക്കുന്ന തൊഴിൽസമൂഹത്തിന്റെ ഹൃദയശൂന്യമായ പ്രവൃത്തികൾ തൊഴിൽ സംസ്കൃതിയുടെ നൈതികതയെ എങ്ങനെ അധരീകരിക്കുന്നു എന്ന് കഥ വ്യക്തമാക്കുന്നു. തെങ്ങേറ്റത്തിലെ കഥാപാത്രമായവാസുഇവിടെ ഒരു പ്രതീകം മാത്രം. ‘കിളഎന്ന കഥ നമ്മുടെ തൊഴിൽസമൂഹത്തിൽ ഉണ്ടായ അധിനിവേശ സംസ്കൃതിയെ അതിസമർത്ഥമായി ആവിഷ്കരിക്കുന്നു. അധ്വാനം ആവശ്യമുള്ള എല്ലാത്തരം പണികളും മറുനാടൻ തൊഴിലാളിക്ക് നൽകി അലസതയുടേയും അകർമ്മണ്യതയുടേയും മടിയിൽ വിശ്രമിക്കുന്ന പുതിയ തൊഴിലിടമ്മന്യതകിളയിലെമൂസക്കഎന്ന കഥാപാത്രത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നു. പഴയ ഒരു സിഗർലൈറ്ററിൽ തന്റെ അലസതയെ ഒച്ചപ്പെടുത്തി സമയം കളയുന്ന കിളയിലെ കഥാപാത്രം പഴയ തൊഴിൽസംസ്കാരത്തിന്റെ പ്രേതഭൂമിയിൽനിന്ന്, നമ്മെ നിരാശരാക്കുന്നു. ചെയ്യുന്ന തൊഴിലിൽ യാതൊരു താല്പര്യവുമില്ലാതെ, മറ്റേതോ ജീവിതമേഖലകളെ എത്തിപ്പിടിക്കാൻ ശ്രമിക്കുന്നു മൂസക്ക. പറക്കുന്നതിനെ കൈക്കലാക്കാൻ ശ്രമിക്കുമ്പോൾ കൈയിലിരിക്കുന്നതുകൂടി നഷ്ടമാകുന്ന വൈരുധ്യം കിള ബോധ്യപ്പെടുത്തുന്നു.
    വളരെ ഭംഗിയായും ആകർഷകമായും ആവിഷ്ക്കരിക്കപ്പെട്ട കഥയാണ്കാറ്റാണ് ജീവൻ’- ലോലമായ ഒരു ക്ഷണംകൊണ്ട് ബോധതലത്തിലുണ്ടായ പരിണാമം എങ്ങനെ ഹക്കീമിനെ മറ്റൊരു ഭ്രമാത്മകമായ ലോകത്തിലേക്ക് നയിക്കുന്നു എന്ന് കഥ നമ്മെ ബോധ്യപ്പെടുത്തുന്നു. പലപ്പോഴും ഇത്തരം അചികിത്സ്യമായ താത്കാലിക ഭ്രമങ്ങളാണ് വളർന്ന് മുഴുവട്ടായി, നമ്മെയൊട്ടുക്കും വിഡ്ഢികളാക്കി വെളിപാടുകളുടെ തമ്പുരാന്മാരായി വിരാജിക്കുക എന്ന സത്യത്തിലേക്ക് കഥാകൃത്ത് വിരൽചൂണ്ടുന്നു. ആപത്ക്കരമായ സാമൂഹ്യാവസ്ഥകളിൽ നിന്നാണ് ഇത്തരംഹക്കിമുക രൂപപ്പെടുന്നത് എന്ന സൂചനയും കഥ നൽകുന്നു.
      ‘റോക്കൻറോളും പേമാരിയുംഎന്ന കഥ ഒരു വിശ്വാസിയുടെ വീണ്ടുവിചാരത്തിന്റെ കഥയാണ്. ജീവിതദുഃഖങ്ങൾക്ക് അവധികൊടുത്ത് പള്ളിപ്പെരുന്നാൾ ആഘോഷിക്കുവാൻ മുതിർന്ന അപ്പ്വേട്ടന്റേയും കൂട്ടുകാരുടേയും മുന്നിൽ മഴ പ്രതിരോധം സൃഷ്ടിച്ചപ്പോൾമഴപെയ്യില്ലെടാഎന്ന് ഉറപ്പിച്ചുപറഞ്ഞ അപ്പ്വേട്ടൻ, വിശ്വാസിയായ ഒരു ഭക്തന്റെ പ്രതിരൂപമാണ്. തന്റെ വിശ്വാസത്തെ തകർത്ത് മഴ പെയ്തപ്പോൾ, പുണ്യവാളനെ അധിക്ഷേപിക്കുകയും ഉന്നതങ്ങളിൽനിന്ന് പുണ്യവാളപ്രതിമയെ താഴെയിറക്കുവാൻ ശ്രമിക്കുകയും ചെയ്യുന്ന അപ്പ്വേട്ടൻ പുതിയ ഒരു ജീവിതദർശനത്തിന്റെ വക്താവായി മാറുകയാണ്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്നു, അവരുടെ പ്രശ്നങ്ങളിൽ ഇടപെടാത്ത അലൗകികൗന്നത്യങ്ങളൊന്നും വിശ്വാസിയുടെ മനസ്സിൽ സംതൃപ്തിയുടെ സങ്കീർത്തനങ്ങൾ ഉണർത്താൻ സമർത്ഥങ്ങളല്ലതന്നെ.
    ‘ഇളനീർഎന്ന കഥ വളരെ വ്യത്യസ്തമായ ഒരു അനുഭവതലമാണ് അനുവാചകമനസ്സിൽ ഉണ്ടാക്കുക. ദീർഘകാലം തെങ്ങുകയറ്റത്തിന്റെ കണക്കെഴുത്തുകാരനായി ജീവിച്ച ശങ്കരൻകുട്ടി വാർധക്യം ബാധിച്ച്, രോഗഗ്രസ്തനായി കിടന്നപ്പോൾ മക്കൾ നൽകിയ ഇളനീർവെള്ളം രുചിച്ച് അതെന്താണെന്നു മനസ്സിലാവാതെ വീണ്ടുംവീണ്ടും ചോദിക്കുന്നു. തന്റെ ജീവിതയാത്രയിൽ ഒരിക്കലും മധുരിക്കാതെ പോയ ഇളന്നീർ, സഹനങ്ങളുടേയും ത്യാഗങ്ങളുടേയും കഥയിൽ മറ്റുള്ളവർക്കു മാത്രം നൽകപ്പെട്ടതായിരുന്നു! താൻ ഒരിക്കലും രുചിക്കാതെ പോയതും തനിക്ക് ജീവിതയാത്രയിൽ നഷ്ടപ്പെട്ടതുമായ മാധുര്യത്തെക്കുറിച്ച് സ്വപ്നതുല്യമായ ഭ്രമാത്മകതയിൽ മുഴുകുന്ന ശങ്കരൻകുട്ടിയുടെ ആത്മാവിഷ്ക്കാരത്തിലാണ് കഥയുടെ സാഫല്യം. ഒരുപക്ഷേ ജീവിതത്തിൽ നമുക്ക് നഷ്ടപ്പെട്ടതെല്ലാമായിരിക്കാം ഇരുട്ടിന്റെ ആഴങ്ങളിലേക്ക് യാത്ര പോകാനുള്ള പാഥേയം.
       ഒരു നർമ്മഭാവനയെന്നു തോന്നാവുന്ന കഥയാണ്മ്യൂക്കുണ പ്രൂരിറ്റ’. നായ്ക്കുരണയെ നശിപ്പിക്കേണ്ടതെങ്ങനെ? എന്ന ചോദ്യം പാരിസ്ഥിതികവും സാമൂഹ്യവുമായ പശ്ചാത്തലത്തിൽ ചർച്ചചെയ്ത് ഒരെത്തുംപിടിയും കിട്ടാതെ, അഭ്യസ്തവിദ്യരും ശാസ്ത്രപരിജ്ഞാനം ഉള്ളവരുമായ യുവാക്കൾ ഉഴലുമ്പോൾ അനഭ്യസ്തവിദ്യനായ ഒരു ചായക്കടക്കാരൻ വളരെ നിസ്സാരമായ വിധത്തിൽ പ്രശ്നം പരിഹരിക്കുന്നു. ശാസ്ത്രപാണ്ഡിത്യത്തിന്റെ നിരർത്ഥകമായ അർത്ഥവാദങ്ങൾക്കുമേൽ പ്രായോഗികമായ നാട്ടറിവുകളും സങ്കല്പങ്ങളും നേടുന്ന വിജയമാണ് കഥയുടെ ആത്മാവ്. ‘പുറന്തോട്എന്ന കഥയും ഇതിനോടു ചേർത്തുവെക്കാവുന്ന പ്രതീകാത്മകഭാവനയാണ്. ആമയെ ഭക്ഷണമാക്കാൻ ശ്രമിക്കുന്ന കുറുക്കന് തടസ്സമായത് ആമയുടെ പുറന്തോടാണ്. അത് തകർക്കാൻ ചെയ്യുന്ന എല്ലാ ശ്രമങ്ങളും വിഫലമായപ്പോൾആമകൾ കടുത്ത ദുരൂഹതയാണ്എന്ന് സ്വയംവിശ്വസിച്ചുകൊണ്ടു നീങ്ങുന്ന കുറുക്കനിൽ കുടിയിരിക്കുന്നത് പഴയ വേട്ടക്കാരന്റെ ആത്മാവാണ്. ജീവിതത്തിന്റെ വിഭിന്നമായ തലങ്ങളിലേക്ക് വേരോട്ടമുള്ള കഥ വേട്ടക്കാരന്റേയും ഇരയുടേയും വർത്തമാനകാല സമസ്യകളുടെ കാണാപ്പുറങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
     മിശ്രഭാഷികളും ദരിദ്രരുമായ ദമ്പതികളുടെ കഥയാണ് ഒനെഗറ്റീവ്. ഗർഭിണിയായ മല്ലികയുടെ ശസ്ത്രക്രിയയ്ക്ക് രക്തം വേണം. ഒനെഗറ്റീവ് പ്രസക്തമാകുന്നതവിടെയാണ്. അത് ലഭിക്കാൻ ശ്രമിക്കുന്നതിന്നിടയിൽ നീളുന്ന കാരുണ്യഹസ്തങ്ങൾ പലത്. അതന്ന്. ഇന്നോ? തെരുവിൽ ചിന്തുന്ന ചോരയുടെ ഗ്രൂപ്പ് ആർക്കുവേണം? അതുകൊണ്ടാവും കഥയുടെ അന്ത്യഘട്ടം ഇങ്ങനെ ഒരു കുറിപ്പിൽ അവസാനിപ്പിച്ചത്. “ഇന്ത്യൻ വിപ്ലവമായാലും കേരളത്തിന്റെ സാമൂഹ്യാവസ്ഥയുടെ ബാലൻസിങ്ങായാലും മോശമല്ല ഗ്രാംഷിഎന്നെങ്കിലും പാർട്ടിയുടെ കാലഘട്ടവും ചരിത്രപുസ്തകത്തിലെത്തും. ചരിത്രരചന നടക്കുമ്പോൾ എന്റെ ഒരുകുപ്പി  ഒനെഗറ്റീവിന്റെ കാര്യം നീ മറന്നുപോവരുത്; മറക്കുമോ?”
     വളരെയേറെ മാനങ്ങളുള്ള കഥയാണ്ഷുക്കൂറിന്റെ ടീഷർട്ടുകൾപൈതൃകത്തിന്റെ മഹത്വവൽക്കരണം കൊണ്ടോ ബാഹ്യമോടി കൊണ്ടോ പ്രശ്നങ്ങൾ പരിഹരിക്കാനാവുകയില്ല. അതിന്ന്കൊടുക്കേണ്ടത് കൊടുക്കാനുള്ളദൃഢനിശ്ചയമാണ് അനിവാര്യം. നിരർത്ഥകവും അയുക്തികവുമായ ധർമ്മബോധത്തിന്റേയും നീതിശാസ്ത്രത്തിന്റേയും അസ്വാഭാവികത കഥ സമർത്ഥമായി അനുഭവപ്പെടുത്തുന്നു.
     ഫാസിലിന്റെ കഥകളൊന്നും കേവലമായ വിനോദോപകരണങ്ങളല്ല. അവയ്ക്ക് വ്യക്തമായ സമൂഹജാഗ്രതയും പരിപ്രേക്ഷ്യവുമുണ്ട്. കഥയുടെ കൂടെ നടക്കുമ്പോഴും ആത്മാംശം പകരുന്നതിൽ പരിപൂർണ്ണമായ നിസ്സംഗത കഥാകൃത്ത് പറയാതെ പറഞ്ഞുപോകുന്ന ചില ജീവിതനിരീക്ഷണങ്ങളുണ്ട്. അവ നമ്മുടെ ഹൃദയത്തോടു സംവദിക്കുമ്പോൾതന്നെ ബുദ്ധിയെ ജാഗ്രത്തും ഉന്മിഷത്തുമാക്കുന്നു. തികച്ചും ധ്വന്യാത്മകമായ രീതിയിലാണ് അദ്ദേഹം അതു സാധിക്കുന്നത്. ദുരൂഹതയുടെ നുരച്ചാർത്തുകൊണ്ട് കഥാഗാത്രം വെളിപ്പെടാതെ പോകുന്ന ഒരു ദുരവസ്ഥ കഥകൾക്കില്ലതന്നെ. അതിമനോഹരവും അഗാധതല സ്പർശിയുമായ ഒരു അവതാരികയെഴുതി സമാഹാരത്തെ അനുഗ്രഹിച്ച തേർളി. എൻ. ശേഖറിനെ ഓർക്കാതെ കുറിപ്പ് അവസാനിപ്പിക്കുന്നത് നന്ദികേടാവും