2010, മാർച്ച് 11, വ്യാഴാഴ്‌ച

ആട്

         ഇളവെയില്‍ പരന്ന മുറ്റം ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലുണ്ടായിരുന്നു. രാത്രിയില്‍ കത്തിച്ചുകളഞ്ഞ മത്താപ്പുകളുടെയും ലാത്തിരിപൂത്തിരികളുടെയും മൂളിപ്പൂവിന്റെയും തറച്ചക്രത്തിന്റെയും പടക്കങ്ങളുടെയുമൊക്കെ തിരുശേഷിപ്പുകള്‍ അവിടവിടെയായി ചിതറിക്കിടക്കുന്നു. ഉപ്പയും കൂട്ടരും കവടി കളിച്ച കളം മാഞ്ഞിട്ടില്ല. വെട്ടും കുത്തും കയറ്റവും ഇറക്കവും കീഴടങ്ങലും ഊരിച്ചാടലുമൊക്കെയായി അവിരാമം ചലിച്ചുകൊണ്ടിരുന്ന കരുക്കള്‍ പടനിലത്ത് ചലനമറ്റു കിടക്കുന്നു.
          അപ്പുറത്ത് പറമ്പില്‍ പോത്തുകളുടെ ബലിനല്കിയിടത്ത് കാക്കകളുടെ ഉത്സവം. കാക്കകള്‍ക്കിടയില്‍ ഒരു നായയുമുണ്ട്. കാ..കാ..ബഹളത്തില്‍ അസ്വസ്ഥനായ അവന്‍ നട്ടംതിരിയുകയും മുറുമുറുത്തു കൊണ്ട് കാക്കകള്‍ക്കു നേരെ കുതിക്കുകയും ചെയ്യുന്നു.
          പടക്കത്തിന്റെ ശേഷിപ്പുകളില്‍നിന്ന്‍ തിരിയുള്ള ജാതിയെ പെറുക്കി തീ കൊളുത്തുകയായിരുന്നു ഞങ്ങള്‍. ചിരിയും ചീറ്റലും വല്ലപ്പോഴുമുള്ള പൊട്ടലും ആസ്വദിച്ചുകൊണ്ട്‌ ഇരിക്കുമ്പോഴാണ് ഉമ്മയുടെ ഒച്ച അകത്തുനിന്നു ഇറങ്ങിവന്നത് :
ആ ആടുങ്ങളെയൊന്നു പുറത്തെറക്കാന്‍ നോക്ക് മക്കളേ....
തിരിയുള്ള ജാതി തീര്‍ന്നപ്പോള്‍ എഴുന്നേറ്റു. കൈയിലുള്ള തീക്കൊള്ളി കുത്തിക്കെടുത്തിയശേഷം തെക്കോറത്തേക്ക് നടന്നു. കൂടിനടുത്തെത്തിയപ്പോള്‍ അനിയന്‍ പറഞ്ഞു:
ഞാന്‍ കൊറ്റനെ കെട്ടാം.
സമ്മതിച്ചു. കാരണമുണ്ട്. കൊറ്റന്‍ അനിയനെപ്പോലെത്തന്നെ അക്രമവാസന കൂടിയ ഇനമാണ്. അനിയനും കൊറ്റനും തമ്മില്‍ ഇടയ്ക്കൊരു പയറ്റ് നടക്കാറൂള്ളതുമാണ്. അവന് അതിനെ ഒട്ടും പേടിയില്ല. രണ്ടാഴ്ച മുമ്പൊരു സന്ധ്യക്ക്‌ ഒട്ടും പ്രതീക്ഷിക്കാതെയാണ് ആട് രണ്ടുകാലില്‍ നിവര്‍ന്നുനിന്നു മോന്തയ്ക്കൊന്നിട്ടത്. തലകൊണ്ടായിരുന്നു പ്രയോഗം. മിന്നലാക്രമണത്തില്‍ കീഴ്ച്ചുണ്ടുപൊട്ടി ചോര കിനിഞ്ഞു. അതോടെ വലിയവായില്‍ നിലവിളിയായി....നിലവിളിനേര്‍ത്ത് തേങ്ങലായി.... തേങ്ങലൊതുങ്ങിയപ്പോള്‍ അവന്‍ കോലായില്‍നിന്നു എഴുന്നേറ്റ് കൂടിനുനേരെ നടന്നു. 
                   ‍ കൂടിനരികില്‍ ചിതറിക്കിടക്കുന്ന പ്ലാവിന്‍ചില്ലകളില്‍നിന്ന് കൊള്ളാവുന്ന ഒന്നു തിരഞ്ഞെടുത്ത് അവന്‍ കൊറ്റനെ തിരഞ്ഞു. അപ്പോഴേക്ക് ഞാന്‍ ആടുകളെ കൂട്ടില്‍ കയറ്റിയിരുന്നു. കൂടിന്റെ ഇടത്തേ അറ തുറന്ന് കൊറ്റനെ രണ്ട് പൊട്ടിച്ചതിനു ശേഷമേ അവന് ആശ്വസമായുള്ളൂ...... 
അയ്യെടാ ദെന്താദ് !
പിടയാടിനെയും മക്കളെയും പുറത്തിറക്കാനുള്ള ശ്രമത്തിനിടയിലാണ് അനിയന്റെ ആശ്ചര്യം നിറഞ്ഞ ഒച്ച കേട്ടത്.
തലതിരിച്ചു നോക്കിയപ്പോള്‍ അവന്റെ കണ്ണുകളില്‍ തിളങ്ങുന്ന വിസ്മയം.
എന്താണ്ടാ?....
കൊറ്റന്‍ കൊട്ടപ്പാലം ചിറ്റ്ണത്‌ നോക്ക് !...അനിയന്‍ വിരല്‍ചൂണ്ടിക്കൊണ്ട് പറഞ്ഞു.
അതിനെ ഇങ്ങനെ പൊറത്തിറക്ക്...
ഈ പണ്ടാരം നടക്കണില്ലാട്ടാ....
അനിയന്റെ ഒച്ച കേട്ട് വീണ്ടും തല തിരിച്ചു. ആട് അപ്പോഴും വട്ടം കറങ്ങിക്കൊണ്ടിരിക്കയാണ്. 
ഒരു ചുള്ളലെടുത്ത് ഒന്നാണ്ട് പൂശ്.
ആടിന്റെ നേരംപോക്ക് അഹമ്മതിയായി വളര്‍ന്നെന്നു തോന്നിയപ്പോള്‍ ഞാന്‍ പറഞ്ഞു.
അത് കേള്‍ക്കേണ്ട താമസം അനിയന്‍ ഒരു പ്ലാവിന്‍ചില്ലയെടുത്ത്‌ ഒരഞ്ചാറുപൂശ് ഒന്നിച്ചു പൂശി. എന്നിട്ടും ആട്....
എന്തിനെടാ അതിനെ ഇങ്ങനെ തല്ലുന്നത്?
ചോദ്യത്തിനു പിറകെ ഉപ്പ മുറ്റത്തേക്ക് വന്നു. ആട് അപ്പോഴും കറക്കം തന്നെ. ഇത്തിരിനേരം കറക്കം ശ്രദ്ധിച്ച ശേഷം ഉപ്പ ആടിനടുത്തേക്ക് വന്നു. കൂടിനുമുകളില്‍ ശേഷിച്ചിരുന്ന പ്ലാവിലക്കമ്പുകളില്‍ ഒന്നെടുത്തു. ഇല കാണുമ്പോള്‍ ആട് നേരെ നടക്കുമെന്നായിരുന്നു ഉപ്പയുടെ കണക്കുകൂട്ടല്‍. അത് തെറ്റി. ആട് വട്ടം കറങ്ങിക്കൊണ്ട് തന്നെ......
                  ആട് ഇല തിന്നുകൊണ്ടിരിക്കെ ഉപ്പ മുറ്റത്തുകിടന്നിരുന്ന ഓലയുടെ തുമ്പൊടിച്ചു കെട്ടി ചൂട്ടുണ്ടാക്കി. ശേഷം ലൈറ്റര്‍കൊണ്ട്  അതിന് തീകൊളുത്തി....... 
ആടിനെ തീകാണിച്ചു പേടിപ്പിച്ചാല്‍ നേരെ ഓടുകയോ നടക്കുകയോ ചെയ്യുമെന്ന കണക്കുകൂട്ടലും തെറ്റിയപ്പോള്‍ ഉപ്പ അതിനെ മുറ്റത്തെ പേരയില്‍ കെട്ടിയിട്ടു. ശേഷിച്ച പ്ലാവിലക്കമ്പുകളത്രയും അതിന് തിന്നാനിട്ടുകൊടുത്ത് ഉപ്പയും അനിയനും രംഗം വിട്ടു. ഞാന്‍ ബാക്കിയുള്ളവയെയുംകൊണ്ട് പറമ്പിലേക്ക് നടന്നു.
                പത്തുമണിയോടടുത്ത് പറയന്‍രാമനെയും കൊണ്ട് ഉപ്പയെത്തി. രാമന്‍ ആടിന്റെ കറക്കമൊന്നു വീക്ഷിച്ചശേഷം ആടിനടുത്തുവന്നു.കൂടും കൂടിനുനേരെ കിഴക്കും പടിഞ്ഞാറുമുള്ള തെങ്ങിന്‍തൈകളും മാവിന്‍തൈകളും  തന്റെ നിരീക്ഷണത്തിനു വിധേയമാക്കിയ ശേഷം പറഞ്ഞു:
തേര്‍വാഴ്ചയുണ്ട്.
തേര്‍വാഴ്ച ഉണ്ടെന്നതിനു തെളിവായി കൂടിനു കിഴക്കും പടിഞ്ഞാറുമുള്ള മരങ്ങളുടെയെല്ലാം ചില ചില്ല  കള്‍ ഉണങ്ങിയിരിക്കുന്നത് രാമന്‍ കാണിച്ചുതന്നു.
'കൂടിന്റെ സ്ഥാനം മാറ്റണം.' രാമന്‍ പ്രതിവിധി നിര്‍ദ്ദേശിച്ചു.
പിന്നെ മുണ്ടിന്റെ കോന്തലയില്‍ നിന്ന് അരിയും നെല്ലും ഏതോ പൂക്കളുംകൂടി കൈയിലേക്ക്‌ കുടഞ്ഞു. മൂന്നുതവണ കൊറ്റനെ ഉഴിഞ്ഞ് അവ വീണ്ടും കോന്തലയിലാക്കി. ശേഷം കോലായില്‍ വെച്ചിരുന്ന തന്റെ പഴഞ്ചന്‍ബാഗ് തുറന്നു. ഒരു ഇരുമ്പു കഷണമെടുത്ത് ഉപ്പയുടെ കൈയില്‍ കൊടുത്തു; കൂടെ സ്ഥാനം മാറ്റിക്കഴിഞ്ഞാല്‍ കൂട്ടില്‍ കെട്ടാനുള്ള നിര്‍ദ്ദേശവും. 
 ഉപ്പ കൊടുത്ത കാശ് വാങ്ങി രാമന്‍ പടിയിറങ്ങി.
പിന്നെ കൂട് മാറ്റാനുള്ള തിരക്കായി. പക്ഷെ കൂടിളകുന്നില്ല. വല്ലാത്ത കനം. വൈകുന്നേരം മൂന്നാംകല്ലില്‍ തമിഴരെ കൊണ്ടുവന്ന് അവരും ഉപ്പയും കൂടിയാണ് കൂട് മാറ്റിവെച്ചത്. ആട് അപ്പോഴും....
    പിറ്റേന്നും ആടിന്റെ ഗതി വട്ടത്തിലാണെന്നതിനാല്‍ രാമന്റെ വിദ്യകള്‍ ഫലിച്ചില്ലെന്നു ഞങ്ങള്‍ക്കുറപ്പായി. ആടിന്റെ കറക്കം നിര്‍ത്താന്‍ വേറൊരാള്‍ വന്നു;ശങ്കരന്‍നായര്‍. ശത്രുക്കളുടെ നീചക്രിയയാണെന്നാണ് ശങ്കരന്‍നായര്‍ പറഞ്ഞത്. ആളിനു വെച്ചത്  ആടിന് കൊണ്ടതാണത്രേ.
    വൈകീട്ട് വീട്ടിലാകെ തിരക്കായിരുന്നു. ശങ്കരന്‍നായരും ശിഷ്യനും സ്ഥലത്തുണ്ട്. നായര്‍ ചെമ്പുതകിടുകളില്‍ എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്. ശിഷ്യനാവട്ടെ തുണിത്തുണ്ടുകൊണ്ട്  തിരികളുണ്ടാക്കുന്നു. നാക്കിലകളില്‍ അരിയും മലരും നെല്ലും പൂക്കളും മഞ്ഞപ്പൊടിയും....കഴുകി വെടിപ്പാക്കിയ കുപ്പികള്‍ ,അരക്കിന്റെ ഒരു തുണ്ട്....
     ഇത്തിരി കഴിഞ്ഞപ്പോള്‍ വീടൊരു പുകക്കൂടായി. കതകുകള്‍ ചാരിയ വീടിനകത്ത് പുകയും വെളിച്ചെണ്ണയും തുണിയും കത്തുന്ന മണവും നിറഞ്ഞു. ഉഴിച്ചിലും കോടികെട്ടലും കഴിഞ്ഞ് തോട്ടില്‍ ഒഴുക്കേണ്ട വസ്തുക്കളുമായി ഗുരുവും ശിഷ്യനും പടിയിറങ്ങുമ്പോള്‍ രാത്രി ഏറെ ചെന്നിരുന്നു.
     രണ്ടു ദിവസങ്ങള്‍ക്കുശേഷം അറവുകാരന്‍ കുഞ്ഞാലിയുടെ പിറകെ പോവാന്‍ നിര്‍ബന്ധിക്കപ്പെട്ടപ്പോഴും കൊറ്റന്‍ കൊട്ടപ്പാലം ചുറ്റുകയായിരുന്നു.           
      
     
                     
         ‍              

1 അഭിപ്രായം:

  1. മൊത്തത്തില്‍ ഒരു പൂര്‍ണ്ണതക്കുറവു കാണുന്നു.
    "അപ്പുറത്ത് പറമ്പില്‍ പോത്തുകളുടെ ബലിനല്കിയിടത്ത് കാക്കകളുടെ ഉത്സവം. കാക്കകള്‍ക്കിടയില്‍ ഒരു നായയുമുണ്ട്. കാ..കാ..ബഹളത്തില്‍ അസ്വസ്ഥനായ അവന്‍ നട്ടംതിരിയുകയും മുറുമുറുത്തു കൊണ്ട് കാക്കകള്‍ക്കു നേരെ കുതിക്കുകയും ചെയ്യുന്നു."ഇതു ശരിക്കും ഒരു ജീവത്തായ ചിത്രമാണ്‌.

    മറുപടിഇല്ലാതാക്കൂ