2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

ഫരീദ് ഔലിയായുടെ വിളക്കുകൾ


കുട്ടിക്കാലം നിറയെ  ഇരുട്ടായിരുന്നു.വീട് നിറയെ ഇരുട്ട്. നാടു നിറയെ ഇരുട്ട്.
നാട്ടില്‍ വൈദ്യുതി എത്തിയിരുന്നു. പക്ഷെ അതിന്‍റെ സേവനം  വിരലില്‍ എണ്ണാവുന്ന പ്രമാണിമാരുടെ വീട്ടിലേ ഉണ്ടായിരുന്നുള്ളൂ.
'അന്തോണി മാപ്പിളയുടെ തോമസ്‌ ' എന്നറിയപ്പെട്ടിരുന്ന തോമാസേട്ടനായിരുന്നു ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ ഇലക്ട്രീഷ്യന്‍ അദ്ദേഹത്തെ അക്കാലത്ത് ആളുകള്‍ ആരാധനയോടെയാണ് കണ്ടിരുന്നത്. വൈദ്യുതി കണ്ടെത്തിയ മൈക്കല്‍ ഫാരഡെയ്ക്ക് പോലും തോമസേട്ടന് കിട്ടിയിരുന്നത്ര ബഹുമാനാദരങ്ങള്‍ എന്നെങ്കിലും കിട്ടിയിട്ടുണ്ടാവുമോ എന്നു സംശയമാണ്. തോമസേട്ടനും വൈദ്യുതിയും വിളിപ്പാടകലെ ഉണ്ടായിരുന്നിട്ടും നാടുനിറയെ ഇരുട്ടായിരുന്നു.   
'ഞെക്കുവിളക്ക് ' എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്ന ടോര്‍ച്ച് പോലും എണ്ണത്തില്‍ കുറവായിരുന്ന കാലം.
നാട്ടില്‍ ആരുടെ കൈയിലൊക്കെ ടോര്‍ച്ചുണ്ടെന്നു എല്ലാവര്‍ക്കും അറിയാമായിരുന്നു. ഇരുട്ടില്‍ നീണ്ടുവരുന്ന, നീങ്ങിപ്പോകുന്ന ടോര്‍ച്ചുവെട്ടം കണ്ടാല്‍ അതിന്‍റെ ഉടമയാരെന്ന്‍ പറയാന്‍ കഴിഞ്ഞിരുന്ന കാലം.നായരങ്ങാടിയുടെ അങ്ങേയറ്റത്ത്  കുട്ടാടന്‍ പാടത്തേക്കു നീളുന്ന വലിയ നടവഴിയുടെ ഓരത്ത് പൊന്തിവേലായിയേട്ടന്റെ കുഞ്ഞുചായക്കട. അവിടെ സന്ധ്യ കഴിഞ്ഞാല്‍ ഓലച്ചൂട്ടു വിറ്റിരുന്ന കാലം. വേലായിയേട്ടന്‍ കെട്ടിയ നീളന്‍ചൂട്ടുകള്‍ വീശി ആളുകള്‍ കുട്ടാടന്‍പാടം കടന്ന് പുന്നയൂരിലേക്കും അവിയൂരിലേക്കും ഇടക്കഴിയൂരിലേക്കും അകലാട്ടേക്കുമൊക്കെ പോയിരുന്ന കാലം.
ആ കാലത്ത് നാടുനിറയെ ഇടവഴികളായിരുന്നു.  പെണ്‍കൈകളിലെ രേഖകള്‍ പോലെ തലങ്ങും വിലങ്ങും അവ എട്ടു ദിക്കുകളിലേക്കും നീണ്ടുകിടന്നു. രാജപാതയുടെ ഒരു കൈവഴി സ്വന്തം വീട്ടുമുറ്റത്തേക്ക് എന്ന സങ്കല്‍പത്തിലേക്ക്‌ നാം എത്തിയിട്ടുണ്ടായിരുന്നില്ല. പുല്ലു നിറഞ്ഞ പറമ്പുകളുടെ ഹരിതഭംഗികള്‍ക്ക് മോടി കൂട്ടുവാന്‍ നെയ്തു ചേര്‍ത്ത കസവ്നൂലുകള്‍ പോലെ തലമുറകളുടെ പാദസ്പര്‍ശങ്ങളുടെ ഓര്‍മ്മകളുമായി അവ കിടന്നു. ജീവിതത്തിന്‍റെ കണ്ണീരും പുഞ്ചിരിയും നിസ്സഹായതയും  കാലത്തിന്റെ  അജയ്യതയും കണ്ടുകണ്ടാവണം ഇടവഴികള്‍ ബുദ്ധനോളം നിരാമയികളും  സ്നേഹമയികളുമായത് ;കരുണ നിറഞ്ഞ  പുഞ്ചിരി  അവയുടെ സ്ഥായീഭാവമായിരുന്നു.
സന്ധ്യ കഴിഞ്ഞാല്‍ ഇടവഴികളില്‍ നിറയെ ഇരുട്ട് ചേക്കേറും. പിന്നെ മാളങ്ങളില്‍ നിന്ന്‍ വിഷസര്‍പ്പങ്ങളിറങ്ങുകയായി. നിറഞ്ഞ വിഷ ഗ്രന്ഥികളുമായി അവ മനുഷ്യരുടെ സഞ്ചാരപഥങ്ങളില്‍ ഇഴഞ്ഞു നടന്നു.അതുകൊണ്ടുതന്നെ  സന്ധ്യ കഴിഞ്ഞു പുറത്തിറങ്ങുന്നവരോട് 'കാല്‍ക്കല്‍ നോക്കി നടന്നോ ,വഴീല്‍ വള്ളി ജാതീണ്ടാവും' എന്നു വീട്ടിലുള്ള മുതിര്‍ന്നവര്‍ മറക്കാതെ മുന്നറിയിപ്പ് കൊടുത്തിരുന്നു.  പാമ്പുകളെക്കാള്‍ ഭയപ്പെടേണ്ട ഒരു വിഭാഗം ഉണ്ടായിരുന്നു. പ്രേതം, പിശാച്,യക്ഷി, മറുത,ആനമറുത,രക്ഷസ്സ്, ഒടിയന്‍ ,ഗന്ധര്‍വന്‍ , ജിന്ന് ,ഇഫുരീത്ത്  ,റൂഹാനി ......    ഈ നിരയങ്ങനെ നീണ്ടുപോകുന്നു.
       ഈ ഇരുട്ടിന്റെയും ഭയത്തിന്റെയും നടുവില്‍ കൊളുത്തിവെച്ച ചെറുവിളക്കുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ അവയെ 'ഫരീദ് ഔലിയായുടെ വിളക്കുകള്‍ ' എന്നു വിളിച്ചുവന്നു. ഇടവഴികളുടെ മുക്കൂട്ടകളിലും മാട്ടങ്ങളിലും ഇരുട്ടിനെയും ഭയത്തെയും അകറ്റിക്കൊണ്ട്   അവ അവസാനത്തെ യാത്രക്കാരനെ വരെ കാത്ത് മുനിഞ്ഞുകത്തി കൊണ്ടിരിക്കും. വളരെ ചെറിയ ചില സംവിധാനങ്ങളായിരുന്നു ഈ വിളക്കുകള്‍ക്ക് ഉണ്ടായിരുന്നത്. അഞ്ചടി ഉയരമുള്ള ഒരു മരക്കുറ്റിയില്‍ ആണിയടിച്ചുറപ്പിച്ച ചെറിയ മരത്തട്ടില്‍ കത്തിച്ചുവെച്ച ചെറിയ മണ്ണെണ്ണ വിളക്ക് ;  ഫരീദൌലിയായുടെ വിളക്കുകളുടെ ഏറ്റവും ലളിത രൂപം അതായിരുന്നു. ചില വിളക്കുകള്‍ക്ക് കാറ്റിനെ തടയുന്നതിനുള്ള ചില സംവിധാനങ്ങളുണ്ടായിരുന്നു. തകരടിന്ന് വെട്ടി വളച്ച് കാറ്റിനെതിരെ 
മറയൊരുക്കുകയായിരുന്നു സാധാരണ ചെയ്തിരുന്നത്. ചുരുക്കം ചിലയിടങ്ങളില്‍ നാലുവശവും ചില്ലുമറയുള്ള ഫ്രെയ്മിനകത്തായിരുന്നു വിളക്ക് കത്തിച്ചു വെച്ചിരുന്നത്. വിളക്കുകളുടെ കീഴെ ഒരു കൊച്ചുടിന്ന്  കെട്ടിവെച്ചിരിക്കും. സംഭാവന ഇടുന്നതിനു വേണ്ടിയാണ്.
        വിലക്കുകാലുകള്‍ക്കു കീഴെ മിക്കവാറും മണ്ണ് മെഴുകി ഉറപ്പിച്ചിരിക്കും.കുറച്ചു ചിരട്ടകള്‍ കമഴ്ത്തി വെച്ചിരിക്കും. അവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തായിരുന്നുവെന്ന് അറിയില്ല. ഓരോ പ്രദേശത്തെയും കുട്ടികളായിരുന്നു ഫരീദൌലിയായുടെ വിളക്കുകള്‍ സ്ഥാപിച്ചിരുന്നതും അത് പരിപാലിച്ചിരുന്നതും. സംഭാവനയായി വല്ലപ്പോഴും വീണിരുന്ന ചില്ലറത്തുട്ടുകളായിരുന്നു മണ്ണെണ്ണ വാങ്ങുവാന്‍ ചിലവഴിച്ചിരുന്നത്.  ചിലപ്പോള്‍ ടിന്നില്‍  സംഭാവനയൊന്നും കാണില്ല. അപ്പോള്‍ വീടുകളിലെ മുതിര്‍ന്നവരെ ആശ്രയിക്കുകയാണ് പതിവ്. ഒട്ടും നീരസം കൂടാതെയാണ് മുതിര്‍ന്നവര്‍ മണ്ണെണ്ണയോ പണമോ തന്നിരുന്നത്.
       ഞങ്ങളുടെ നാട്ടിലുണ്ടായിരുന്ന ഫരീദൌലിയായുടെ വിളക്കുകളില്‍ ഏറ്റവും ഗംഭീരം  കല്ലയിലെ മദ്രസ്സയ്ക്കു പിന്നിലുണ്ടായിരുന്ന വിളക്കായിരുന്നു. തൊട്ടടുത്ത്‌ തന്നെ താമസിച്ചിരുന്ന ആമിനത്താത്തയുടെ മക്കളായിരുന്നു അവ പരിപാലിച്ചിരുന്നത്. പക്ഷെ ആ വിളക്ക് സ്ഥാപിച്ചത് മുതിര്‍ന്നവരാരോ ആയിരിക്കണം. കാരണം അവിടെ തൂങ്ങിക്കിടന്നിരുന്നത്  ഇത്തിരി വിലയൊക്കെയുള്ള  ഒരു പാനീസ് വിളക്കായിരുന്നുവെന്നത് മാത്രമല്ല.ആ വിളക്കുകാലിനു മുകളില്‍ ഒരു ഹരിതപതാക പാറിക്കളിക്കുന്നുണ്ടായിരുന്നു. കീഴെ കുറേയധികം ചിരട്ടകള്‍ കമഴ്ത്തി വെച്ചിട്ടുണ്ടായിരുന്നു.കഴിഞ്ഞില്ല,വര്‍ഷത്തില്‍ ഒരിക്കല്‍ അഥവാ കാഞ്ഞിരമറ്റത്ത് ഫരീദ് ഔലിയായുടെ ജാറത്തില്‍ നേര്‍ച്ച നടക്കുന്ന ദിവസം ആമിനത്താത്ത ഞങ്ങള്‍ മദ്രസ്സയിലെ കുട്ടികള്‍ക്ക് ചക്കരക്കഞ്ഞി ഉണ്ടാക്കിത്തരാറുണ്ട്. വിളക്കുതൂണിലെ നേര്‍ച്ചപ്പെട്ടിയില്‍ പലപ്പോഴായി വീണ നാണയത്തുട്ടുകളില്‍ 
മണ്ണെണ്ണ വാങ്ങിയതില്‍ ബാക്കി പണം കൊണ്ടായിരുന്നു കഞ്ഞിയൂട്ട്‌. 
        കാലമേറെ കഴിഞ്ഞു. നാട്ടില്‍ എല്ലാ വീടുകളിലും വൈദ്യുതിയെത്തി. പ്രകാശത്തിന്റെ മഹാപ്രളയം തന്നെയുണ്ടായി. ഇരുട്ടും ഇരുട്ടിനെ ചൊല്ലിയുള്ള ഭയവും ഇല്ലാതായി . പ്രേതം യക്ഷി ജിന്ന് തുടങ്ങിയുള്ള സൂപ്പര്‍നാച്ചുറല്‍ കക്ഷികള്‍ക്കൊക്കെ നില്‍ക്കക്കള്ളി ഇല്ലാതായി. അന്നത്തെ സ്നേഹശീലരായ ഇടവഴികളും അമ്പേ പോയ്മറഞ്ഞു.എങ്കിലും മനസ്സിലിപ്പോഴും പാതിരാവിന്റെ യാമങ്ങളില്‍ ഇനിയും വീടെത്താത്ത പഥികരേയും കാത്ത് മുനിഞ്ഞുകത്തുന്ന ചെറിയ ഒരു ചിമ്മിനി വിളക്ക്..... അത് തെളിയുമ്പോഴൊക്കെ ഞാന്‍ സ്വയം ചോദിക്കുന്നു: ആരായിരുന്നു ഫരീദ് ഔലിയ ? എവിടെയാണ് കാഞ്ഞിരമറ്റം?         
  


        

11 അഭിപ്രായങ്ങൾ:

  1. എന്നാലും ആരായിരുന്നു ഈ ഫരീദ് ഔലിയ
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    മറുപടിഇല്ലാതാക്കൂ
  2. ആരായിരുന്നു ഫരീദ് ഔലിയ ?നല്ല അനുഭവക്കുറിപ്പ് ഇഷ്ടമായിട്ടോ ....ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു(ആലപ്പുഴ വട്ടപ്പള്ളി) ഈ മാതിരി വിളക്കുകള്‍.അവിടെ പരീത് ഔലിയാ എന്നാണ് പറഞ്ഞിരുന്നത്.കാഞ്ഞിര മിറ്റം തന്നെ അദ്ദേഹത്തിന്റെ ഹെഢ് ആഫീസ്.പരീക്ഷയില്‍ ജയിക്കുവാനും മറ്റ് കാര്യങ്ങള്‍ നേടുവാനും ഞങ്ങള്‍ ആ വിളക്കുകള്‍ക്ക് താഴെ ചിരട്ട വിലക്ക് വാങ്ങി കൊണ്ടിടുമായിരുന്നു. നേര്‍ച്ച ചിരട്ടകള്‍ കുന്നു കൂടുമ്പോള്‍ വിളക്ക് സ്ഥാപിച്ച വീട്ടുകാര്‍ ചിരട്ട വിറ്റ് ആ പൈസ്സാ കൊണ്ട് നേര്‍ച്ച നടത്തും. തേങ്ങാ ചോറും ചെമ്മീന്‍ കുറുമായും. ഇന്നും ആ രുചി നാക്കില്‍ നിന്ന് പോയിട്ടില്ല.അതേ! കാലം കടന്ന് പോയപ്പോള്‍ വിളക്കും പോയി, എല്ലാം പോയി.പരീദ് ഔലിയാ കാഞ്ഞിരമിറ്റത്ത് ഖബര്‍ അടങ്ങിയിരിക്കുന്ന ദിവ്യനാണ് എന്നാണറിവ്.

    ഓര്‍മകള്‍ ഉണര്‍ത്താന്‍ ഈ പോസ്റ്റ് സഹായകരമായി. നന്ദി ചങ്ങാതീ....

    മറുപടിഇല്ലാതാക്കൂ
  4. കാഞ്ഞിരമറ്റം ഏറണാംകുളം ജില്ലയിലാണെന്നാണ് അറിവ്
    വളരെ നല്ല പോസ്റ്റ്‌
    ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടെ ആ ഇടവഴികളിലൂടെ സഞ്ചരിച്ചു.

    മറുപടിഇല്ലാതാക്കൂ
  5. നല്ല പോസ്റ്റ്‌ ട്ടോ
    ലളിതമായി പറഞ്ഞു .നല്ല ഓര്‍മ്മകളും
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. എല്ലാ ചങ്ങാതിമാർക്കും നന്ദി. ഇവിടം സന്ദർശിച്ചതിനും ഫരീദ് ഔലിയായെ കുറിച്ച് കൂടുതൽ അറിയാൻ സഹായിച്ചതിനും.

    മറുപടിഇല്ലാതാക്കൂ
  7. >>സന്ധ്യ കഴിഞ്ഞാല്‍ ഇടവഴികളില്‍ നിറയെ ഇരുട്ട് ചേക്കേറും. പിന്നെ മാളങ്ങളില്‍ നിന്ന്‍ വിഷസര്‍പ്പങ്ങളിറങ്ങുകയായി. നിറഞ്ഞ വിഷ ഗ്രന്ഥികളുമായി അവ മനുഷ്യരുടെ സഞ്ചാരപഥങ്ങളില്‍ ഇഴഞ്ഞു നടന്നു.<<


    ഇപ്പോൾ ഏത് സമയത്തും മനുഷ്യനെന്ന വിഷസർപ്പം ഏത് ഇടവഴിയിലും ഇഴയുന്നു എന്ന് മാത്രം.. സർപ്പം അവരെ പേടിച്ചിപ്പോൾ രാത്രി പുറത്തിറന്ങാറില്ല :(


    പഴയ ഓർമ്മകൾ .നാടിന്റെ ചിത്രം പകർത്തിയ പോസ്റ്റ്.

    മറുപടിഇല്ലാതാക്കൂ
  8. ആ നാട്ടുവഴികളിലൂടെ ഒരു വേള സഞ്ചരിച്ച പ്രതീതി ജനിപ്പിച്ച വിവരണം വളരെയധികം ഇഷ്ടമായി പ്രിയമുള്ള ഫൈസല്‍ഇക്കാ... ഭാവുകങ്ങള്‍ നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  9. വളരെ നന്നായിട്ടുണ്ട് ...

    കുറച്ചു സമയം എല്ലാം മറന്നു നാട്ടിലേക്കും - അതും കൈവിട്ടുപോയ ബാല്യത്തിലേക്ക് തിരിച്ചു കൊണ്ടുപോയ സുഹൃത്തേ ...നിങ്ങള്ക് നല്ലത് വരട്ടെ ...

    ഏതോ അന്ധ വിശ്വാസത്തിന്റെ ഭാഗമാനതെന്നതിന്റെ പേരില് അത്തരം വിലക്ക് വെക്കുന്ന വീവതുമ്മതനെ കളിയാക്കരുന്ടെങ്കിലും പലപ്പോഴും രാത്രിയുടെ അന്ത്യ യാമങ്ങളിൽ നടവഴികളിൽ ഈ കൽവിളക്കുകൾ വലിയ ആശ്വാസം തന്നിട്ടുന്ടെന്നത് സത്യമാണ്...
    ശാക്കിര് പുന്നയൂര് കുളം ............

    മറുപടിഇല്ലാതാക്കൂ