2011, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

ഓലപ്പീപ്പികളും ബാല്യത്തിന്റെ ബാബേലുകളും

ഇതെന്താണെന്നു  അറിയാമോ?  പഴയൊരു  കളിക്കോപ്പാണ് . പേര് എനിക്കറിയില്ല.   കുട്ടിക്കാലത്തെ     ആകര്‍ഷിക്കുന്ന     രീതിയില്‍ ശബ്ദമുണ്ടാക്കിയിരുന്ന ഒരു കക്ഷിയാണ്. മറന്നു പോയിരുന്നുകക്ഷിയെ.  Cibi Sherif ന്റെ   face book    പേജില്‍   ഈ  ചിത്രം കണ്ടപ്പോഴാണ്  ഓര്‍മ്മ  വന്നത്.  എത്ര  ലളിതവും  മനോഹരവും. ആര്‍ക്കും  നിര്‍മ്മിക്കാം.  അഞ്ചു  പൈസ  ചിലവില്ല.   മടുത്താല്‍ കളയാം. അതങ്ങ് മണ്ണില്‍ ലയിച്ചു തീരും. കുട്ടിക്കാലത്തിന്  നിറംനല്‍കിയിരുന്ന എത്രയെത്ര കളിപ്പാട്ടങ്ങള്‍   ഒട്ടുമുക്കാലും സ്വയംനിര്‍മ്മിതം.  അസംസ്കൃത  വസ്തുക്കള്‍   ചുറ്റുവട്ടത്ത്   അങ്ങുമിങ്ങും ചുമ്മാ കിടപ്പുണ്ടായിരിക്കും. കളിക്കോപ്പ്  നിര്‍മ്മാണത്തിനു   ഏറ്റവും  കൂടുതലായി  ആശ്രയിച്ചിരുന്നത് തെങ്ങിനെയായിരുന്നു  മച്ചിങ്ങയും ഈര്‍ക്കിലും കൊണ്ടുള്ള ഈ സാധനം പോലെ എത്രയോ എണ്ണം .
   കളിക്കോപ്പ് നിര്‍മ്മാണത്തിന്   ഏറ്റവും    കൂടുതല്‍    ഉപയോഗിച്ചിരുന്നത്     തെങ്ങോലയായിരുന്നു. ഓലയില്‍   നിന്ന്  ഒട്ടേറെ  കളിക്കോപ്പുകള്‍   ഉണ്ടാക്കിയിരുന്നു.   ഏറ്റവും   ലളിതമായ   ചിലത് ഓലപ്പീപ്പിയും ഓലപ്പാമ്പും വാച്ചും കണ്ണടയും  പമ്പരവുമൊക്കെയാണ്. ഓലപ്പന്തും  കിളിയും    പോലെ നിര്‍മ്മാണത്തിനു   ഇത്തിരി   കരകൌശലം   ആവശ്യമുള്ള   ഇനങ്ങളും   കൂട്ടത്തില്‍   ഉണ്ടായിരുന്നു. അത്തരം  ഇനങ്ങള്‍ക്ക്  ഒരു  ഗുരു  നിര്‍ബന്ധമായും  വേണമായിരുന്നു.  മച്ചിങ്ങയില്‍  നീളമുള്ള ഒരു ഈര്‍ക്കില്‍ കുത്തിയാണ്  'വാണം' ഉണ്ടാക്കിയിരുന്നത്. തെങ്ങിന്‍ മടല്‍ ചെത്തി കാളകളെ ഉണ്ടാക്കി കഴുത്തില്‍ കയര്‍ കുരുക്കി  വലിച്ചു നടക്കുന്നതും അക്കാലത്ത് ഒരു കളിയായിരുന്നു.
 തെങ്ങിന്‍ മടല്‍ കൊണ്ടുള്ള ഉപയോഗം അവിടെ അവസാനിക്കുന്നില്ല. ഇന്ന് ക്രിക്കറ്റ് കളി തുടങ്ങുന്നവര്‍  മടല്‍ ചെത്തി ബാറ്റുണ്ടാക്കുന്നത് നാം കാണാറുള്ളതാണ്‌. ആ  രീതിയില്‍  കത്തിയും വാളും തോക്കും തുടങ്ങി   ഒട്ടേറെ ഉപകരണങ്ങളുടെ അനുകരണങ്ങള്‍ക്കായി മടല്‍ ഉപയോഗിച്ചിരുന്നു. ഉണ്ണിപ്പുരയെന്നു  വിളിച്ചിരുന്ന മൂന്നും നാലും നിലകളുള്ള  കൂറ്റന്‍ നിര്‍മ്മിതികളും മടലുകള്‍ അടുക്കിവെച്ചാണ് ഉണ്ടാക്കിയിരുന്നത്.
ബാല്യത്തിന്റെ    ബാബേല്‍ ഗോപുരങ്ങളായിരുന്നു   അവ. പുരാതന   ബാബിലോണിലെ   ജനതയെപ്പോലെ    തന്നെ സ്വന്തം പരിമിതികളെ മറികടക്കാനുള്ള ശ്രമങ്ങളായിരുന്നു ഓരോ ഉണ്ണിപ്പുര നിര്‍മ്മാണവും.    ഉണ്ണിപ്പു രകളുടെ നിര്‍മ്മാണങ്ങള്‍ക്ക് പിന്നിലെ നിഷ്കളങ്കതയും  അധ്വാനവും  സഹനവുമൊക്കെ ഇന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. മടലുകള്‍ പോറിയുണ്ടാവുന്ന മുറിവുകള്‍ക്ക്‌ പോലും അതില്‍നിന്നു പിന്തിരിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
       ഇന്നിപ്പോള്‍ കളികളുടെ ലോകം മാറിയിരിക്കുന്നു.    കളിക്കോപ്പുകള്‍   നിര്‍മ്മിക്കുന്ന   മള്‍ടി നാഷണല്‍ കമ്പനികള്‍ അരങ്ങു വാഴുന്നു. ഏറ്റവും ചുരുങ്ങിയത് ചൈനയില്‍ നിന്നെങ്കിലും കളിക്കോപ്പുകള്‍  എത്തിയാലേ ഇന്ന് കളി നടക്കൂ. സയന്‍സും  ടെക്നോളജിയും ചേര്‍ന്ന് ഇന്നത്തെ ബാല്യങ്ങള്‍ക്ക്‌ നല്‍കുന്ന കളിപ്പാട്ടങ്ങളുടെ അത്ഭുത പ്രപഞ്ചം കാണുമ്പോള്‍ പട്ടങ്ങളും  ഓലപ്പീപ്പികളുമൊക്കെ അരങ്ങുവാണ  ബാല്യം തീരെ നിറം  മങ്ങിയതു പോലെ.
         എന്നാല്‍ ആ പഴയ കളിക്കോപ്പുകളെ   ഓര്‍ക്കുമ്പോള്‍  അവയുടെ  ഉല്പത്തിയും  വ്യാപനവും അത്ഭുതമായി അവശേഷിക്കുന്നു.  ഭാഷയുടെ ഉത്ഭാവത്തിലെന്ന    പോലെ    ഒരു   രഹസ്യാത്മകത        ഈ കളിക്കോപ്പുകളുടെ കാര്യത്തിലും നിലനില്‍ക്കുന്നുണ്ടെന്ന്  തോന്നുന്നു. ഭാഷയിലെ ഓരോ പദത്തിന്റെയും ഉത്ഭവം എങ്ങനെയെന്നു ചോദിച്ചാല്‍  ആരാണ് ആ പദങ്ങള്‍ സൃഷ്ടിച്ചത്  എന്നൊക്കെ ചോദിയ്ക്കാന്‍ തുടങ്ങിയാല്‍ ഉണ്ടാവുന്നതുപോലെ ഒരവസ്ഥ ഈ കളിക്കോപ്പുകളുടെ കാര്യത്തിലും നിലനില്‍ക്കുന്നു. അതിനേക്കാള്‍ അത്ഭുതകരമാണ്  അവയുടെ വ്യാപനം. ഒരു ജനതയുടെ ജീവിതത്തില്‍ നിന്ന്  ഭാഷ പോലെ സ്വയമുരുവായി വ്യാപിച്ചവയായിരുന്നു അവയെല്ലാം. ഈ കളിപ്പാട്ടങ്ങളുടെ നിര്‍മ്മാണം ജീവിതത്തിനു നല്‍കിയ നല്ല ചില പരിശീലനങ്ങളെ കുറിച്ചു കൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ചെറു കുഞ്ഞുങ്ങള്‍ എന്ന നിലയില്‍ തലച്ചോറിനും കൈവിരലുകള്‍ക്കും ഏകാഗ്രതയും സൂക്ഷ്മതയും  നല്‍കുന്ന  കരകൌശലങ്ങളായിരുന്നു   ആ കളിപ്പാട്ടങ്ങളില്‍  ഏറെയും.  ഇപ്പോള്‍ എന്റെ മുന്നില്‍ പഴയ പത്ത് വയസ്സുകാരനുണ്ട്; മതിയായ ടൂള്‍സ് ഇല്ലാതെ  ഉള്ളു തൂര്‍ന്ന  കരിങ്കാലി മുളയുടെ കമ്പുകളില്‍ തുളയിട്ടു പൊട്ടത്തോക്ക് ഉണ്ടാക്കുവാന്‍ കിണഞ്ഞു ശ്രമിക്കുന്ന......അവന്റെ കൈപ്പടങ്ങളിലേക്ക് നോക്കൂ. ചുവന്നു പൊട്ടിയിരിക്കുന്നു. പക്ഷെ ആ മുഖത്തെ നിശ്ചയ ദാർഡ്യം കാണുന്നില്ലേ?...  ദാ....മേഘങ്ങളെ തൊടാനായുന്ന ആ കടലാസുപട്ടം കാണുന്നില്ലേ....ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാൽ നിങ്ങൾക്ക് അത് പറത്തുന്ന കുട്ടിയുടെ കുഞ്ഞുമനസ്സും പട്ടത്തോടൊപ്പം അന്തരീക്ഷത്തിൽ നൃത്തം ചെയ്യുന്നതു കാണാം. കാരണം അത്യുന്നതങ്ങളിൽ ഒരു പൊട്ടുപോലെ പാറിക്കളിക്കുന്നത് അവന്റെ ഒരു നിർമ്മിതിയാണ്.             

                  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ