2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

ലീലേച്ചിയുടെ ഓലക്കുണ്ടകൾ




കുറച്ചു മാസങ്ങൾക്കുമുമ്പ് ഊട്ടിയിൽ പോയപ്പോൾ ആ നഗരം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയായിരുന്നു. നഗരത്തിൽ പോളിത്തീൻ ക്യാരിബാഗുകൾ നിരോധിച്ചതായിരുന്നു സംഭവം. തെരുവോരങ്ങളിൽ തമിഴിലും ഇംഗ്ലീഷിലുമായി ബോർഡുകൾ കണ്ടപ്പോൾ അതത്ര കാര്യമായി തോന്നിയില്ല. നമ്മളെത്ര നിരോധനങ്ങൾ കണ്ടിരിക്കുന്നു! നമ്മുടെ ഗ്രാമപ്പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും ഇതെത്ര തവണ നിരോധിച്ചതാണ്! പക്ഷെ നഗരത്തിൽ ഇറങ്ങിയപ്പോൾ നിരോധനം കളിയല്ലെന്നു മനസ്സിലായി. തണുപ്പിനെ തടയാനുള്ള ജാക്കറ്റുകൾ വാങ്ങിയ കടയിൽനിന്നു പോലും ഒരു ക്യാരിബാഗ് കിട്ടിയില്ല. ഒരു ബ്രൗൺകവറിൽ തിരുകിക്കയറ്റി തരികയാണുണ്ടായത്. കടകളിൽ ന്യൂസ്പേപ്പർ താളുകളാണ് പൊതിയുവാൻ ഉപയോഗിക്കുന്നത്. ചില കടകളിൽ ന്യൂസ്പേപ്പർ മുറിച്ച് ഒട്ടിച്ചുണ്ടാക്കിയ കവറുകൾ ഉപയോഗിക്കുന്നതു കണ്ടു.
   ഊട്ടിയുടെ വർണ്ണശബളിമയെ ഈ ന്യൂസ്പേപ്പർ കവറുകളും താളുകളും കളങ്കപ്പെടുത്തുന്നുവെന്നു തോന്നി. കച്ചവടക്കാരുടെ മുഖത്തും തങ്ങൾ അരുതാത്തതെന്തോ ചെയ്യുന്നുവെന്ന ഭാവമുണ്ടായിരുന്നു; പേപ്പർതാളുകൾ കൊണ്ടുള്ള പൊതിയൽ  ഇത്തിരി ആയാസകരമാണെന്നതിന്റെ അസ്വാസ്ഥ്യവും അവരുടെ ചലനങ്ങളിൽ ഉണ്ടായിരുന്നു.
 തെരുവോരത്ത് ഒരിടത്ത് ഒരു വൃദ്ധ പച്ച മാങ്ങ പിളർത്തി ഉപ്പും മുളകുപൊടിയും തൂവി വിൽക്കുന്നതു കണ്ടു. മാങ്ങ വാങ്ങിയപ്പോൾ പൊതിഞ്ഞുതന്നത് മുഷിഞ്ഞ ന്യൂസ്പേപ്പർ തുണ്ടിൽ. പാതി മനസ്സോടെയാണ് അതു വാങ്ങിയത്. വില്പനക്കാരിയുടെ മുഖത്തും അതു പ്രതിഫലിച്ചു. കഴിക്കുന്നതിനിടയിൽ ഞാൻ വില്പനക്കാരിയെ ശ്രദ്ധിച്ചു. അറുപതിനു മുകളിൽ പ്രായമുണ്ടാവും. ഒരുപക്ഷെ പോളിത്തീൻ ബാഗുകൾ വരുന്നതിനുമുമ്പും അവർ ഇതേ തെരുവോരത്ത് കച്ചവടക്കാരിയായി ഉണ്ടായിരുന്നിരിക്കണം. അന്ന് അവരുടെ യുവത്വം നിറഞ്ഞ കൈകൾ ഉപ്പും മുളകും ചേർത്ത മാങ്ങാചീളുകൾ പൊതിഞ്ഞുകൊടുത്തിരുന്നത് കരിമഷി പടർന്ന ന്യൂസ്പേപ്പർ തുണ്ടുകളിൽ തന്നെയായിരുന്നോ? അല്ലെന്നുതന്നെ എനിക്ക്തോന്നുന്നു. മറ്റെന്തോ ഒന്നുണ്ടായിരുന്നിരിക്കണം. അങ്ങനെ ഒന്ന് ഉണ്ടായിരുന്നുവെങ്കിൽ ആ വൃദ്ധ അതിലേക്ക് തിരിച്ചുപോകുമായിരുന്നില്ലേ?
പലപ്പോഴും അത്തരമൊരു തിരിച്ചുപോക്കിന് കഴിയുകയില്ലെന്നതാണു സത്യം.
  അസാധ്യമായ തിരിച്ചുപോക്കുകളെക്കുറിച്ചുള്ള ചിന്തകൾ എന്നെ കൊണ്ടെത്തിച്ചത് വളരെ പഴയ ചില സായാഹ്നങ്ങളിലേക്കാണ്. ഒന്നു കാതോർത്താൽ ഇപ്പോഴും ആ സായാഹ്നങ്ങളുടെ സൗണ്ട്ട്രാക്ക് പിടിച്ചെടുക്കുവാൻ എനിക്കു കഴിയുന്നുണ്ട്. ആ സൗണ്ട്ട്രാക്കിൽ മുഖ്യമായും മീൻവില്പനക്കാരുടെ വായ്ത്താരികളാണുള്ളത്. തന്റെ മുന്നിലെ പലകയിൽ
കിടക്കുന്ന മീനുകളുടെ ഗുണഗണങ്ങളും വിലയുമൊക്കെ ആ വായ്ത്താരികളിലുണ്ട്; കൂട്ടത്തിൽ ചിലപ്പോൾ അപ്പുറത്തെ പലകയിൽ കിടക്കുന്ന മീനുകളുടെ ദോഷങ്ങളും. പിന്നെ ചില വിലപേശലുകൾ,കച്ചവടത്തിന്റെ ഹരം നിലനിർത്താനായുള്ള ചില ആർപ്പുവിളികൾ………
പടർന്നു പന്തലിച്ച ഒരു നാട്ടുമാവും അഞ്ചാറു ചമ്പത്തെങ്ങുകളും നിൽക്കുന്ന ഇടമായിരുന്നു ചന്ത. ചന്തയുടെ കിഴക്കും തെക്കും അങ്ങാടിയിലെ പഴയ കെട്ടിടങ്ങളായിരുന്നു. ഓടു മേഞ്ഞ ആ കെട്ടിടങ്ങൾ
ചന്തയ്ക്കു മതിലായി. വടക്ക് ചന്തയുടെ തന്നെ ഭാഗമായ രണ്ടുമൂന്ന് ഓലഷെഡ്ഡുകൾ. അവയിലൊന്ന് കുട്ട്യസ്സൻക്കായുടെ ഉണക്കമീൻ കടയാണ്.
കക്ഷിയുടെ പരീക്ഷണശാലയും ഫാക്ടറിയും ഗോഡൗണും വില്പനശാലയുമൊക്കെയാണത്. ഇനിയൊന്ന് ചക്കുണ്ണ്യേട്ടന്റേതാണ്. അതിനകത്ത് സീസൺ അനുസരിച്ച് മാങ്ങ പുളിങ്ങ തുടങ്ങിയ ഇനങ്ങൾ സൂക്ഷിച്ചു വെക്കുകയും കച്ചവടം നടത്തുകയും ചെയ്യുന്നു. പ്ലാവിലയാണ് ചക്കുണ്ണ്യേട്ടൻ സ്ഥിരമായി കച്ചവടം ചെയ്തിരുന്ന വസ്തു. ഇനിയുമൊരു ഷെഡ്ഡ് മീൻ കച്ചവടക്കാരിൽ ചിലരുടെ മേശകളും കത്തികളും ത്രാസുമൊക്കെ സൂക്ഷിക്കുന്ന ഇടമായിരുന്നുവെന്നാണ് ഓർമ്മ.
പടിഞ്ഞാറു ഭാഗത്ത് നീളത്തിൽ ഓടുമേഞ്ഞ ഒരു കെട്ടിമുണ്ടായിരുന്നു. മൂന്നു വശത്തും ഭിത്തിയുണ്ടായിരുന്ന ആ കെട്ടിടത്തിന്റെ കിഴക്കുഭാഗം ചന്തയിലേക്കു തുറന്നുകിടന്നു; ചോരപ്പാടുകൾ നിറഞ്ഞ് ഒരു ബലിക്കല്ലിനെ ഓർമിപ്പിച്ചു കൊണ്ടിരുന്ന ഇറച്ചിക്കട. ഇനിയുമുണ്ട് ചന്തയുടെ വിശേഷങ്ങൾ. ചന്തയുടെ തെക്കേയറ്റത്ത് രണ്ട് ഓലച്ചായ്പ്പുകളിലായി മാങ്ങയും പുളിങ്ങയും വിൽക്കുന്ന കടകൾ വേറെയുമുണ്ടായിരുന്നു. ‘കേപ്പിക്കാ' എന്നായിരുന്നു അതിലൊരാളെ ആളുകൾ വിളിച്ചിരുന്നത്. മറ്റേത് ‘സ്ഥാനാർത്ഥി കുട്ടപ്പ ‘ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വെട്ടിപ്പറ കുട്ടപ്പേട്ടൻ. കേപ്പിക്കായുടെ ഷെഡ്ഡിനും ഇത്തിരി കിഴക്കുമാറിയായിരുന്നു ഖാലിദ്ക്കായുടെ മുടിവെട്ടുകട. കടയെന്നു പറയാൻ ഒന്നുമില്ല.അഞ്ചാറു ഓലയുടെ വീതിയിൽ വെയിലിനെ തടയാനുള്ള ഒരു ഇറക്ക്. ഒരു ബെഞ്ച്.
കൂടുതൽ എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ അത് അങ്ങേരുടെ കത്രികയും ചീർപ്പും കണ്ണാടിയുമൊക്കെയായിരുന്നു.
ഈ ബഹളങ്ങൾക്കിടയിൽ ചന്തയുടെ ഒരു മൂലയിൽ പോക്കുവെയിലിന്റെ കളങ്ങളിലൊന്നിൽ നിശ്ശബ്ദയായിരുന്ന് യന്ത്രം പോലെ  ഓലക്കുണ്ടൾ നെയ്യുന്ന ഒരു സ്ത്രീ; ലീലച്ചേച്ചി. 
  അവർ ചക്കുണ്ണിണ്ണ്യേട്ടന്റെ ഭാര്യയായിരുന്നു. ഉച്ചവരെ നാടിന്റെ ഏതെങ്കിലും ഒരു വളപ്പിൽ അവരുണ്ടാവും; ഏതെങ്കിലും ഒരു മാവിന്റെ ചുവട്ടിലോ പുളിച്ചുവട്ടിലോ പ്ലാവിൻ ചുവട്ടിലോ. കണവൻ  വലത്തോട്ടിയോ അരിവാൾതോട്ടിയോ വെട്ടുകത്തിയോ ആയുധമാക്കി  മരത്തിനു മുകളിലും.        
ഉച്ച കഴിഞ്ഞാൽ പിന്നെ തെങ്ങോല വെട്ടിച്ചീന്തി കുണ്ട മെടയൽ മാത്രമായിരുന്നു ലീലേച്ചിയുടെ പണി. മൗനിയായിരുന്ന് ഒരു അനുഷ്ഠാനത്തിന്റെ സൂക്ഷ്മതയോടെ, എന്നാൽ വിസ്മയിപ്പിക്കുന്ന വേഗതയിലായിരുന്നു അത്. ഒരുപക്ഷെ സാഹചര്യങ്ങളുടെ സമ്മർദ്ദമാവണം അവരുടെ വേഗതയുടെ പിറകിൽ ഉണ്ടായിരുന്നത്; വൈലത്തൂർ കല്ലൂർ ഞമനേങ്ങാട് തൊഴിയൂർ പുന്നയൂർ കുരഞ്ഞിയൂർ അവിയൂർ……ദേശങ്ങളെത്രയാണ് അക്കാലത്ത് സായാഹ്നങ്ങളിൽ നായരങ്ങാടിയിലേക്ക് ഒഴുകിയിരുന്നത്; വന്നിരുന്ന ജനങ്ങളിൽ ഒരു പാതിയെങ്കിലും ലീലേച്ചിയുടെ ഓലക്കുണ്ടകളുടെ ആവശ്യക്കാരായിരുന്നു.
  ക്യാരിബാഗുകളുടെ വരവ് ലീലേച്ചിയെ തോല്പിച്ചു കളഞ്ഞു.  ഓലക്കുണ്ടകൾ ഇല്ലാതായി. പിറകെ ചന്തയുടെ സായാഹ്നങ്ങളിൽനിന്ന് ലീലേച്ചിയും അപ്രത്യക്ഷയായി. ഇപ്പോൾ നാടെങ്ങും പോളിത്തീൻ കവറുകളാണ്. നമ്മുടെ മണ്ണിനും ജലത്തിനും സ്വസ്ഥജീവിതത്തിനും വരുംതലമുറകൾക്കും വരെ അത് ഭീഷണിയായി കഴിഞ്ഞു. വൈകിയെങ്കിലും നമുക്ക് അതു മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. ഇപ്പോൾ നാം നടത്തിക്കൊണ്ടിരിക്കുന്ന നിരോധനനാടകങ്ങൾ അതിന്റെ തെളിവാണ്. ഇനിയൊരു പത്തു പതിനഞ്ചു വർഷമെങ്കിലും വേണ്ടിവരും മലയാളി ഈ മാലിന്യങ്ങളെ ജീവന്മരണ പ്രശ്നമായി കാണുവാൻ. അപ്പോഴേക്ക് കാര്യങ്ങൾ ഒരുപക്ഷെ കൈവിട്ടു പോയിട്ടുണ്ടാവും. ഊട്ടി നിവാസിളെപ്പോലെ നമ്മളും ഒരുനാൾ ഈ പ്രശ്നം ഗൗരവമായി എടുത്തുവെന്നു വന്നേക്കാം. പോളിത്തീൻ ബാഗുകളെ മാറ്റിനിർത്തിയാൽ ഉടലെടുക്കുന്ന പ്രതിസന്ധിയിൽ നാം വല്ലാതെ അസ്വസ്ഥരായെന്നുവരാം. പതിയെ പതിയെ തുണിസഞ്ചികളിലേക്കോ പേപ്പർബാഗുകളിലേക്കോ മാറിപ്പോയി നാം സ്വസ്ഥരായെന്നും വരാം. ഏതായാലും ഓലക്കുണ്ടകളിലേക്കൊരു മടക്കം. അതുണ്ടാവില്ല. അതിന്റെ ആവശ്യവുമില്ല. ഓലക്കുണ്ടകൾക്കും ലീലേച്ചിക്കും പിറകെ ആ ചന്തയും അതിനു സ്വന്തമായിരുന്ന നന്മതിന്മകളും അപ്രത്യക്ഷമായി. പകരം നാടുനീളെ ചന്തകളായി. ജീവിതം ചന്തകൾക്കു സമാനമായി; മാർക്കറ്റുമായുള്ള ക്രയവിക്രയങ്ങളാണ് ജീവിതത്തിന്റെ ഗരിമ നിർണ്ണയിക്കുന്നതെന്നു പോലുമായി. വിറ്റുവരവുകളുടെയും ലാഭനഷ്ടങ്ങളുടെയും ഒരു കണക്കുപുസ്തകം നാം മനസ്സിൽ സൂക്ഷിക്കുന്ന കാലം; രക്തബന്ധങ്ങളെ ഏറ്റവും അടുത്ത സൗഹൃദങ്ങളെ സമീപിക്കുമ്പോൾ പോലും നമ്മുടെയുള്ളിൽ ഒരു കാൽക്കുലേറ്റർ സജീവമാകുവാൻ തുടങ്ങുന്ന കാലം. അങ്ങനെയൊരു കാലത്ത് ഇങ്ങിനി തിരിച്ചെടുക്കുവാൻ സാധ്യമല്ലാത്ത വിധം നഷ്ടപ്പെട്ടുപോയ ലീലേച്ചിക്കും ഓലക്കുണ്ടകൾക്കും എന്തു പ്രസക്തി? ഓർത്തോർത്ത് ഇത്തിരി നൊസ്റ്റാൾജിയ അനുഭവിക്കാമെന്നതോ? അതിൽക്കൂടുതൽ പ്രസക്തി ലീലേച്ചിക്കും ഓലക്കുണ്ടകൾക്കും ഉണ്ടെന്നു തോന്നുന്നു. മലയാളിയുടെ പുതുമയോടുള്ള അന്ധവും അപകടകരവും സംശയരഹിതവുമായ അഭിനിവേശത്തെക്കുറിച്ച് മുന്നറിയിപ്പുനൽകുന്ന പരമ്പരാഗതമായ നഷ്ടജ്ഞാനങ്ങളുടെയും ഉപകരണങ്ങളുടെയും ജീവിതരീതികളുടെയുമൊക്കെ എളിയ പ്രതിനിധികളിൽ ലീലേച്ചിയും അവരുടെ ഓലക്കുണ്ടകളും ഉണ്ടെന്നുതന്നെ എനിക്കു തോന്നുന്നു. 
             
      
        

       




4 അഭിപ്രായങ്ങൾ:

  1. വീണ്ടും നമുക്കു ഓലക്കുട്ടകളിലേക്കും (അതുതന്നെയല്ലേ ഓലക്കുണ്ട എന്നു പറയുന്നതും) ലീലേച്ചിമാരിലേക്കുമൊക്കെ തിരിച്ചുപോകേണ്ടിവരും. പ്ലാസ്റ്റിക് കൊണ്ട് അത്രയും മലിനമായിക്കഴിഞ്ഞു നമ്മുടെ മണ്ണ്.

    മറുപടിഇല്ലാതാക്കൂ
  2. നന്നായി....പക്ഷെ പോളിത്തീന്‍ ബാഗുകളില്‍ നിന്നും മലയാളിക്ക് ഒരു മടക്കം ഉണ്ടാവുമോ? കണ്ടു തന്നെ അറിയണം....അഥവാ ഉണ്ടായാല്‍ തന്നെ എഴുത്തുകാരന്‍ പറഞ്ഞത് പോലെ അപ്പോഴേക്കും കാര്യങ്ങള്‍ കൈ വിട്ടു പോയിട്ടുണ്ടാകും.....
    നല്ല എഴുത്ത്.....ആശംസകള്‍......

    മറുപടിഇല്ലാതാക്കൂ
  3. ഉപഭോക്താവിന്‍്റ തലയില്‍ തന്നെ ഭാരം.
    അവര്‍ വെച്ചുക്കെട്ടുന്ന ക്യാരിബാഗിനും വില.
    അതും സൌകര്യംപോലെ വാങ്ങിയതിന്‍്റ
    വിലയോടൊപ്പം ചേര്‍ത്തോളും.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ